തന്റെ പുത്രന്‍ മരിക്കണമെന്ന് ദൈവം തിരുമനസ്സായിരുന്നോ?

യേശുവിന്റെ ക്രൂരമായ മരണം ദുരന്തപരമായ ബാഹ്യസാഹചര്യങ്ങളാല്‍ സംഭവിച്ചതല്ല. യേശു 'ദൈവത്തിന്റെ നിശ്ചിത പദ്ധതിയും പൂര്‍വ്വജ്ഞാനവുമനുസരിച്ച്... ഏല്പിക്കപ്പെട്ടു.' (അപ്പ. 2:23). സ്വര്‍ഗ്ഗീയപിതാവ് പാപം അറിയാത്ത അവനെ പാപമാക്കി'. (2കോറി. 5:21). പാപത്തിന്റെയും മരണത്തിന്റെയും വക്താക്കളായ നമുക്ക് ജീവനുണ്ടാകുവാന്‍ വേണ്ടിയാണത്. പിതാവായ ദൈവം തന്റെ പുത്രനോട് ആവശ്യപ്പെട്ട ത്യാഗത്തിന്റെ വലുപ്പം ക്രിസ്തുവിന്റെ അനുസരണത്തിന്റെ വലുപ്പത്തിനു ചേര്‍ന്നതാണ്. 'ഞാന്‍ എന്തു പറയേണ്ടൂ? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടി യാണല്ലോ ഈ മണിക്കൂറിലേക്ക് ഞാന്‍ വന്നിരിക്കുന്നത്'. (യോഹ.12:27). രണ്ടു വശത്തും ദൈവത്തിനു മനുഷ്യരോടുള്ള സ്‌നേഹം കുരിശിലെ അവസാനംവരെ സ്വയം തെളിയിച്ചു. (599-609,620)

നമ്മെ മരണത്തില്‍നിന്നു രക്ഷിക്കുന്നതിനുവേണ്ടി ദൈവം അപകടകരമായ ഒരു ദൗത്യം തുടങ്ങി. മരണത്തിന്റേതായ നമ്മുടെ ലോകത്തിലേക്ക് അവിടുന്ന് 'അമര്‍ത്ത്യതയുടെ ഔഷധം' (അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്), അതായത് തന്റെ പുത്രനായ യേശുക്രിസ്തുവിനെ പ്രവേശിപ്പിച്ചു. ഈ ദൗത്യത്തില്‍ പിതാവും പുത്രനും അവിഭജിതരായിരുന്നു. മനുഷ്യരോടുള്ള സ്‌നേഹത്തെപ്രതി അങ്ങേയറ്റംവരെ എന്തും ഏറ്റെടുക്കുവാന്‍ നിശ്ചയിച്ചുകൊണ്ടും അത്യധികം ആഗ്രഹിച്ചുകൊണ്ടും അങ്ങനെ നിലകൊണ്ടു. നമ്മെ എന്നേയ്ക്കുമായി രക്ഷിക്കുന്നതിനു വേണ്ടി ഒരു കൈമാറ്റം നടത്തുവാന്‍ ദൈവം നിശ്ചയിച്ചു.  നാം അവിടുത്തെ സന്തോഷം ആസ്വദിക്കുന്നതിനുവേണ്ടി തന്റെ നിത്യജീവന്‍ നമുക്കു നല്കുവാന്‍ ആഗ്രഹിച്ചു. നമ്മുടെ മരണം - നമ്മുടെ നിരാശയും പരിത്യക്ത്യാവസ്ഥയും മരണവും -  സഹിക്കുവാന്‍ അവിടുന്ന് ആഗ്രഹിച്ചു. എല്ലാ കാര്യത്തിലും നമ്മോടൊപ്പം പങ്കു ചേരുവാന്‍വേണ്ടിത്തന്നെ. അവസാനംവരെയും അതിനുമപ്പുറത്തും സ്‌നേഹിക്കാന്‍ വേണ്ടിയാണത്. ക്രിസ്തുവിന്റെ മരണം പിതാവിന്റെ നിശ്ചയമാണ്. പക്ഷെ, അവിടുത്തെ അവസാനവാക്കല്ല. ക്രിസ്തു നമുക്കുവേണ്ടി മരിച്ചതുകൊണ്ട് അവിടുത്തെ ജീവനുവേണ്ടി നമ്മുടെ മരണം കൈമാറ്റം ചെയ്യാം.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834