എന്താണു വ്യഭിചാരം?
വിവാഹമോചനം അതിനു തക്കപരിഹാരമാണോ? (യൂകാറ്റ് 424)

 വിവാഹജീവിതം നയിക്കുന്ന ഒരു വ്യക്തി അന്യവ്യക്തിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെയാണ് വ്യഭിചാരം (അവിഹിതവേഴ്ച്ച) എന്നു പറയുന്നത്. അവരില്‍ ഒരാളെയെങ്കിലും വിവാഹം ചെയ്തിട്ടുണ്ടായിരിക്കണം. വ്യഭിചാരം സ്‌നേഹത്തെ അടിസ്ഥാനപരമായി ഒറ്റിക്കൊടുക്കലാണ്. ദൈവതിരുമുമ്പാകെ നിര്‍വ്വഹിച്ച ഉടമ്പടിയുടെ ലംഘനവും, അയല്ക്കാരനെതിരായ അനീതിയുമാണ്. യേശുതന്നെ വിവാഹത്തിന്റെ അവിഭാജ്യതയെപ്പറ്റി വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്: 'ആകയാല്‍ ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ' (മാര്‍ക്കോ. 10:09). സ്രഷ്ടാവിന്റെ നിശ്ചയം ഉദ്ധരിച്ചുകൊണ്ട് യേശു പഴയ നിയമത്തില്‍ അനുവദിച്ചിരുന്ന വിവാഹമോചന സമ്പ്രദായം അസാധുവാക്കി. (2353,2364-2365,2382-2384)

യേശു നല്കുന്ന ഈ സന്ദേശത്തിലെ പ്രോത്സാഹനജനകമായ വാഗ്ദാനം ഇതാണ്: 'സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ മക്കളെന്ന നിലയില്‍ ആജീവനാന്ത സ്‌നേഹം നിങ്ങള്‍ക്കു സാധ്യമാണ്'. എന്നാലും ജീവിതകാലം മുഴുവനും ജീവിതപങ്കാളിയോടു വിശ്വസ്തത പുലര്‍ത്തുക എളുപ്പമുള്ള കാര്യമല്ല. വിവാഹജീവിതത്തില്‍ പരാജയപ്പെട്ടവരെ നാം ശപിച്ചുതള്ളരുത്. എന്നാലും ഉത്തരവാദിത്വബോധമില്ലാതെ വിവാഹമോചനത്തിനു കാരണക്കാരാകുന്ന ക്രൈസ്തവര്‍ കുറ്റക്കാരാകുന്നു. വിവാഹത്തില്‍ ദൃശ്യമാകുന്ന ദൈവസ്‌നേഹത്തിനെതിരേ അവര്‍ പാപം ചെയ്യുന്നു. ഉപേക്ഷിക്കപ്പെട്ട ജീവിതപങ്കാളിക്കും ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്കും എതിരേ അവര്‍ പാപം ചെയ്യുന്നു. തീര്‍ച്ചയായും അസഹ്യമായ ഒരു വിവാഹജീവിതത്തില്‍, വിശ്വസ്തത പുലര്‍ത്തുന്ന പങ്കാളിക്ക് പങ്കുവെയ്ക്കപ്പെട്ട ജീവിത സൗകര്യങ്ങളില്‍നിന്നു പുറത്തുപോകാവുന്നതാണ്. ഗൗരവപൂര്‍ണ്ണമായ ചില സാഹചര്യങ്ങളില്‍ സിവില്‍ കോടതിയെ സമീപിക്കുക അത്യാവശ്യമായിരിക്കും. സുസ്ഥാപിതമായ കേസുകളില്‍ അസാധുവാക്കല്‍ പ്രക്രിയയിലൂടെ വിവാഹത്തിന്റെ സാധുത പരിശോധിക്കുവാന്‍ സഭയ്ക്കു കഴിയും. (269)

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109963