വി. ദാനിയേലും കൂട്ടുകാരും ഫ്രാന്‍സിസ്‌ക്കന്‍ ഒന്നാം സഭാംഗങ്ങള്‍

സ്‌നേഹിക്കപ്പെടാത്ത സ്‌നേഹമായ ഈശോയെ സ്‌നേഹിക്കാന്‍ വേണ്ടി സകലതും ത്യജിച്ച് സമര്‍പ്പണ ജീവിതം നയിച്ച ഫ്രാന്‍സിസ് അസ്സീസിയുടെ അനുഗാമികളാണ് ഡാനിയേലും കൂട്ടുകാരും. ദിവ്യകാരുണ്യ സന്നിധിയില്‍ നിന്ന് ചൈതന്യം നേടിയെടുത്ത തീക്ഷണതയുറ്റ മിഷണറിമാരായി അനുഗാമികളെ വിവിധ സ്ഥലങ്ങളിലേക്കയക്കാന്‍ ഫ്രാന്‍സിസ് നിശ്ചയിച്ചിരുന്നു. സുവിശേഷ പ്രഘോഷണം ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ സ്ഥാപന ലക്ഷ്യമാണ്. 

ഫ്രാന്‍സീസിന്റെ മനോഭാവത്തോട് യോജിച്ചുകൊണ്ട്, പൊതു ശ്രേഷ്ഠന്റെ അനുഗ്രഹാശിസ്സുകളോടെ മുഹമ്മദീയരോട് സുവിശേഷം പ്രസംഗിക്കാന്‍ ആഫ്രിക്കയിലേയ്ക്ക് യാത്ര പുറപ്പെട്ടവരാണ് വി. ഡാനിയേലും കൂട്ടരും. കലാബ്രിയായിലെ പ്രൊവിന്‍ഷ്യലായിരുന്നു ഡാനിയേല്‍. 1227-ല്‍ ഡാനിയേലും ആറു സഹോദരന്മാരുംകൂടെ ചെവുത്തായിയില്‍ കപ്പലിറങ്ങി. ക്രിസ്ത്യാനികള്‍ക്ക് നഗരപ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന്  വ്യാപാരികളില്‍നിന്നു മനസ്സിലാക്കി. പ്രതിസന്ധിയെ നേരിടാന്‍ അവര്‍ തയ്യാറായി. 

ദിവ്യകാരുണ്യമാണ് തങ്ങളുടെ ശക്തികേന്ദ്രമെന്നു അവര്‍ക്കറിയാമായിരുന്നു. എല്ലാവരും അനുരജ്ഞന കൂദാശ സ്വീകരിച്ചു. ഭക്തിപൂര്‍വ്വം ബലിയര്‍പ്പിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തു. ദിവസം മുഴുവനും പ്രാര്‍ത്ഥയില്‍ ചെലവഴിച്ചു. സന്ധ്യാസമയം അന്യോന്യം പാദങ്ങള്‍ കഴുകി. അടുത്ത ദിവസം രാവിലെ നഗരത്തില്‍ ചെന്ന് വഴിയോരങ്ങളിലും പൊതുസ്ഥലത്തും ജനങ്ങളോട് ഈശോയുടെ നാമത്തില്‍ മാത്രമാണ് രക്ഷയെന്നു പ്രസംഗിച്ചു. നഗരം ഇളകിവശായി. പ്രേഷിതരെ ബന്ധിച്ച് കാരാഗൃഹത്തിലടച്ചു.

കാരാഗൃഹത്തില്‍നിന്ന് അവര്‍ ക്രൈസ്തവ വ്യാപാരികള്‍ക്ക് ഇപ്രകാരമെഴുതി: 'ആശ്വാസദായകനും കാരുണ്യവാനുമായ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. സര്‍വ്വരോടും സുവിശേഷം പ്രസംഗിക്കുക കര്‍ത്താവിന്റെ കല്പനയാണ്. ഗുരുവിനേക്കാള്‍ വലിയവരല്ല ഞങ്ങള്‍. പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ മുമ്പേതന്നെ ക്രിസ്തു പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വസ്തുതകളാണ് ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി ഞങ്ങളെ ഇവിടേയ്ക്ക് നയിച്ചത്. വളരെ സഹിക്കുന്നുവെങ്കിലും കര്‍ത്താവില്‍ വലിയ ആശ്വാസം ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ ജീവത്യാഗം കര്‍ത്താവിന് പ്രീതികരമായിരിക്കും.' 

ഒരാഴ്ചക്കുശേഷം തടവുകാര്‍ ഭരണാധിപസമക്ഷം ഹാജരാക്കപ്പെട്ടു. വിശ്വാസം ത്യജിക്കാന്‍ വാഗ്ദാനങ്ങളും ഭീക്ഷണികളും വഴി ശത്രുക്കള്‍ ശ്രമിച്ചെങ്കിലും ആരും വഴങ്ങിയില്ല. ഗളച്ഛേദനത്തിന് എല്ലാവരും വിധിക്കപ്പെട്ടു. ആറു സഹോദരന്മാരും അധികാരി ഡാനിയേലിന്റെ മുമ്പില്‍ മുട്ടുകുത്തി രക്തസാക്ഷി മകുടമണിയാന്‍ അവസരമുണ്ടാക്കിയതിനു നന്ദി പറഞ്ഞ് ആശീര്‍വ്വാദം യാചിച്ചു. കര്‍ത്താവില്‍ സന്തോഷിച്ചുകൊണ്ട് പ്രോത്സാഹിപ്പിക്കുകയും പരസ്പരം സ്‌നേഹാശ്ലേഷം നല്‍കുകയും ചെയ്തു. ആരാച്ചാരന്മാര്‍ തങ്ങളുടെ കൃത്യം നിര്‍വ്വഹിച്ചു. ഏഴു പേരുടെയും ശിരസ്സുകള്‍ അറ്റുവീണു. അവരുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയര്‍ന്നു. മൃതശരീരങ്ങള്‍ സ്‌പെയിനില്‍ കൊണ്ടുപോയി സംസ്‌ക്കരിച്ചു. 1516-ല്‍ പത്താം ലെയോ മാര്‍പ്പാപ്പാ അവരെ വിശുദ്ധരായി പ്രഖ്യാപിച്ചു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137832