വി. സിഗ്മുണ്ട് ഗൊറാസ് ഡോവ്‌സ്‌ക്കി

വി. സിഗ്മുണ്ട് ഗൊറാസ് ഡോവ്‌സ്‌ക്കി (1845-1920)

സെന്റ് ജോസഫ് സിസ്റ്റേഴ്‌സിന്റെ സഭാസ്ഥാപകന്‍.

1845 നവംബര്‍ 1-ാം തീയ്യതി യുക്രൈയിനിലെ സാനോക്കില്‍ സിഗ്മുണ്ട് ഭൂജാതനായി. മാതാപിതാക്കള്‍ ജീവിതത്തെ ഗൗരവപൂര്‍വ്വം വീക്ഷിക്കുന്ന ഭക്തക്രിസ്റ്റ്യാനികളായിരുന്നു. തന്നിമിത്തം കഷ്ടപ്പാടുകളുടെയും ക്ലേശങ്ങളുടെയും ഇടയില്‍ പോലും സമചിത്തത പുലര്‍ത്തുന്ന ഭക്തനായി വളരാന്‍ സിഗ്മുണ്ടിന് പരിശീലനം ലഭിച്ചു.

ബാല്യം മുതല്‍ ശ്വാസകോശസംബന്ധമായ ചില പ്രശ്‌നങ്ങള്‍ സിഗ്മുണ്ടിനെ അലട്ടിയിരുന്നു. എന്നാല്‍ അതൊന്നും മറ്റുള്ളവരെ സഹായിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. സദാ സഹായഹസ്തവുമായി ഏവരുടെയും പക്കലോടിയെത്തുന്ന പ്രാകൃതിയായിരുന്നു സിഗ്മുണ്ടിന്റേത്. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ല്‌വിവില്‍ നിയമപഠനം രണ്ടാംവര്‍ഷമായപ്പോള്‍ കത്തോലിക്കാ സെമിനാരിയില്‍ ചേരാന്‍ തീരുമാനമെടുത്തു.

ല്‌വിവില്‍ പഠനം പൂര്‍ത്തിയാക്കിയ സിഗ്മുണ്ടിന്റെ ആരോഗ്യം വളരെ മോശമായിരുന്നതിനാല്‍ രണ്ടുവര്‍ഷക്കാലം തീവ്രമായ ചികിത്സയ്ക്കു വിധേയനായിക്കഴിഞ്ഞു. 1871 ജൂലൈ 21-ാം തീയ്യതി അദ്ദേഹം വൈദീകാഭിഷേകം സ്വീകരിച്ചു. തുടര്‍ന്ന് ആറു വര്‍ഷക്കാലം ഇടവക വികാരിയും അഡ്മിനിസ്‌ട്രേറ്റുമായി ടാര്‍ട്ടോക്കോവ് വോജ്‌നിലോ, ബുക്കാക്‌സോ, ഗ്രോഡ്ജഗലോന്‍സ്‌ക്കി, സിഡാസ്‌ക്കോ എന്നീ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്തു. വൈദീക കടമകളുടെ നിര്‍വ്വഹണത്തിനും ഉപവിപ്രവൃത്തികള്‍ക്കുമായി ജീവിതം സമ്പൂര്‍ണ്ണമായി വിനിയോഗിച്ചു.

ദിവ്യകാരുണ്യാരാധനയിലും ദിവ്യകാരുണ്യ പരികര്‍മ്മത്തിലും നിന്ന് ശക്തിസംഭരിച്ചുകൊണ്ട് സിഗ്മുണ്ട് രോഗികള്‍ക്കും ദരിദ്രര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കും വേണ്ടി സ്വയം സമര്‍പ്പിച്ചു. വോജ്‌നിലോയില്‍ കോളറാ പടര്‍ന്നു പിടിച്ചപ്പോള്‍ വീരോചിതമായ ശുശ്രൂഷയ്ക്ക് അദ്ദേഹം തയ്യാറായി. രോഗബാധിതനായേക്കുമെന്നുള്ള ഭയം വെടിഞ്ഞുകൊണ്ട് രോഗികളെ പരിചരിക്കാന്‍ മാത്രമല്ല, മൃതരെ സംസ്‌ക്കരിക്കാനും സിഗ്മുണ്ടച്ചന്‍ രംഗത്തിറങ്ങി.

ഇടവക ജനത്തിന്റെ ആദ്ധ്യാത്മിക സുസ്ഥിതിയും വളര്‍ച്ചയും ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം നിരന്തരം അദ്ധ്വാനിച്ചിരുന്നു. മാതാപിതാക്കളെയും അദ്ധ്യാപകരെയും യുവജനങ്ങളെയും സഹായിക്കാന്‍ വേണ്ടി മതബോധന ഗ്രന്ഥവും ഇതര പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ദരിദ്രരും വേദനിക്കുന്നവരുമായ ജനങ്ങള്‍ക്കുവേണ്ടി നിരവധി പ്രേഷിത ജോലികളും അദ്ദേഹം തുടങ്ങി. 

1877-ല്‍ ല്‌വിവിലെ വിനിക്കൊളാസ് ഇടവകയില്‍ വലിയ ഒരു അദ്ധ്യാത്മിക ഉപവിപ്രസ്ഥാനം അദ്ദേഹം ആരംഭിച്ചു. 40 വര്‍ഷക്കാലം വിവിധ സ്‌കൂളുകളിലായി അവിടെ അദ്ദേഹം ജോലി ചെയ്തു. നല്ല അജപാലകന്‍ എന്ന പേരില്‍ വൈദീകന്‍മാര്‍ക്കായി ഒരു സംഘടനയും സ്ഥാപിച്ചു.

വേദനകളും ആവശ്യങ്ങളും നിറഞ്ഞ മനുഷ്യരുടെ നേര്‍ക്കുള്ള അദ്ദേഹത്തിന്റെ ഉപവി വിവിധ രൂപങ്ങളില്‍ പ്രകടിതമായി. ഭവനരഹിതര്‍ക്കായി ഒരു  ഭവനം, മരണാസന്നര്‍ക്കും വിശേഷാ പരിചരണമാവശ്യമുള്ളവര്‍ക്കായി ആരോഗ്യസംരക്ഷണകേന്ദ്രം, പാവപ്പെട്ട വൈദീക വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭവനം, സെന്റ്. ജോസഫ് പോളീഷ് ജര്‍മ്മന്‍ കാത്തലിക്ക് സ്‌ക്കൂള്‍ എന്നിവയെല്ലാം അദ്ദേഹം തുടങ്ങി. 

പ്രസ്ഥാവിത സ്ഥാപനങ്ങളെല്ലാം ശരിയായി നടത്തികൊണ്ടു പോകുന്നതിനു വേണ്ടി 1884 ഫെബ്രു 17-ാം തീയ്യതി അദ്ദേഹം സ്ഥാപിച്ചതാണ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ്. ജോസഫ് എന്ന സമൂഹം. ദരിദ്രരുടെ പിതാവെന്നും ഭവനരഹിതരുടെ വൈദീകനെന്നും വിളിക്കപ്പെട്ടിരുന്ന സിഗ്മുണ്ടച്ചന്‍ ലവിവില്‍ വച്ച് 1920 ജനുവരി 1-ാം തീയ്യതി നിര്യാതനായി. രണ്ടായിരമാണ്ട് ജൂണ്‍ 26-ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തു. 2005 ഒക്‌ടോ 23-ന് ബനഡിക്റ്റു പതിനാറാമന്‍ പാപ്പാ സിഗ്മുണ്ടച്ചനെ വിശുദ്ധനെന്ന് നാമകരണം ചെയ്തു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912