സുവിശേഷകനായ വി. മര്‍ക്കോസ്

പപ്പിയാസെന്ന സഭാ പിതാവിന്റെ അഭിപ്രായ പ്രകാരം അഹറോന്റെ ഗോത്രത്തില്‍ ജനിച്ച ഒരു യഹൂദനാണ് മര്‍ക്കോസ്. ജറുസലേംകാരി മറിയമാണ് മര്‍ക്കോസിന്റെ അമ്മയെന്ന് അപ്പ: പ്രവര്‍ത്തനങ്ങളില്‍ നിന്ന് (12:12) ഗ്രഹിക്കാം. ഈശോയുടെ പരസ്യ ജീവിതകാലത്ത് അവിടുത്തെ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ള ഒരു വ്യക്തിയാണ് മര്‍ക്കോസ്. ജറുസലേമില്‍ അറിയപ്പെട്ടിരുന്ന ഒരു ഭവനമായിരുന്നു അദ്ദേഹത്തിന്റേത്. ദിവ്യകാരുണ്യ സ്ഥാപനമെന്ന മഹാകര്‍മ്മം നടന്നത് മര്‍ക്കോസിന്റെ ഭവനത്തിന്റെ ഒരു മുറിയിലായിരുന്നു.

ഗെത്സമിനിയില്‍ വച്ച് ഈശോയെ ബന്ധിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന യുവാവ് മര്‍ക്കോസ് തന്നെയായിരിക്കണം, ഒരു യുവാവ് മാത്രം അവിടുത്തെ അനുഗമിച്ചു. അയാളുടെ ദേഹത്ത് ഒരു പുതപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ അയാളെ പിടികൂടി. അയാള്‍ പുതപ്പ് ഉപേക്ഷിച്ച് നഗ്നനായി ഓടി രക്ഷപ്പെട്ടു (മര്‍ക്കോസ് 14:51-52).

കര്‍ത്താവിന്റെ ഉത്ഥാനത്തിനും സ്വര്‍ഗ്ഗാരോഹണത്തിനും ശേഷം ശിഷ്യന്‍മാരും പെന്തക്കൂസ്തായ്ക്കു ശേഷം ആദിമ ക്രൈസ്തവരും പ്രാര്‍ത്ഥനയ്ക്കും കൂട്ടായ്മയ്ക്കും അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കും ഒന്നിച്ച് കൂടിയിരുന്നത് മര്‍ക്കോസിന്റെ ഭവനത്തിലായിരുന്നതുകൊണ്ട് ക്രിസ്തു അനുഭവം ആരാധനയിലൂടെ അദ്ദേഹത്തിന്റെ അമൂല്യ സ്വത്തായി. പ്രസ്തുത വിശ്വാസത്തിനാണ് തൂലികയിലൂടെ മര്‍ക്കോസ് ലിഖിതരൂപം നല്‍കിയത്. പെസഹാരഹസ്യങ്ങളിലൂടെ രക്ഷാകര ചരിത്രം ക്രിസ്തുവില്‍ പൂര്‍ണ്ണത പ്രാപിച്ച് വിശ്വസിക്കുന്നവന് അവ നിത്യ ജീവന്റെ കാരണമായി എന്നത് മര്‍ക്കോസിന്റെ സുവിശേഷത്തിലെ പ്രതിപാദ്യമാണ്. സുവിശേഷാരംഭം മുതല്‍ അന്ത്യംവരെ ക്രിസ്തുവിനെ ദൈവപുത്രനായി അവതരിപ്പിച്ച് പ്രഘോഷിക്കുന്നു (മര്‍ക്കോ 1:11, 9:7). ഈ പുത്രനെ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു (മര്‍ക്കോ 16:16, 9:7). 

വി. പത്രോസില്‍ നിന്നും മാമ്മോദീസായും ക്രിസ്തീയ ശിക്ഷണവും സ്വീകരിച്ചു. പൗലോസ് ശ്ലീഹായോടും, കുടുംബാംഗമായിരുന്ന ബര്‍ണ്ണബാസിനോടുമൊപ്പം ആദ്യത്തെ പ്രേഷിത യാത്രയില്‍ അദ്ദേഹം സൈപ്രസിലേയ്ക്ക് പോയി (അപ്പ.പ്ര. 12:25, 13:5). വഴിമദ്ധ്യേയുണ്ടായ ഏതോ തര്‍ക്കം നിമിത്തം മര്‍ക്കോസ്, പൗലോസില്‍ നിന്നു കുറെക്കാലം വിട്ടുമാറി പ്രവര്‍ത്തിച്ചു. എങ്കിലും പിന്നീട്  മര്‍ക്കോസും പൗലോസും ജയിലില്‍ പോലും ഒന്നിച്ചു കഴിഞ്ഞു കൂടിയിട്ടുണ്ട് (ഫില.25; കൊളോ 4:10; 2തിമോ 4:11).

അലക്‌സാണ്ട്രിയായിലെ ക്രൈസ്തവ സമൂഹത്തിനു രൂപം നല്‍കിയത്  മര്‍ക്കോസാണ്. ബലിയര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശത്രുക്കള്‍ അദ്ദേഹത്തെ പിടികൂടിയത്. വഴിയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. രാത്രിയില്‍ ജയിയിലേയ്ക്ക് എറിഞ്ഞു.

ക്രി. വ. 806 മുതല്‍ മര്‍ക്കോസിന്റെ ഭൗതീകാവിശിഷ്ടങ്ങള്‍ വെനീസില്‍ സംരക്ഷിക്കപ്പെടുന്നു. രക്ഷാകരപദ്ധതിയുടെ സദ്വാര്‍ത്ത തലമുറകള്‍ക്കായി രേഖപ്പെടുത്തുകയും കുര്‍ബാനയോടനുബന്ധിച്ച്  രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തുവെന്നുള്ളത് വി.മര്‍ക്കോസിന്റെ വ്യക്തിത്വത്തിന്റെ മഹനീയതയാണ്.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141476