സ്‌കോട്ട്‌ലാന്റിലെ വി. മാര്‍ഗ്ഗരറ്റ് രാജ്ഞി (1046-1093)

1046-ല്‍ ഇംഗ്ലണ്ടിലെ രാജാവായ വി. എഡ്വേര്‍ഡിന്റെ സഹോദരപുത്രിയായി മാര്‍ഗരറ്റ് ജനിച്ചു. പേരു സൂചിപ്പിക്കുന്നതുപോലെ അവള്‍ അമൂല്യമായ ഒരു പവിഴം തന്നെയായിരുന്നു. രാജകൊട്ടാരത്തിലാണു വളര്‍ന്നതെങ്കിലും ലൗകീകതയില്‍നിന്ന് വിമുക്തമായ ഒരു ജീവിതമായിരുന്നു മാര്‍ഗ്ഗരറ്റിന്റേത്.

1057-ല്‍ സ്‌കോട്ട്‌ലാന്റിലെ മാല്‍ക്കോം രാജാവ് മാര്‍ഗ്ഗരറ്റിനെ വിവാഹം ചെയ്തു. പരുക്കന്‍ സ്വഭാവക്കാരനായിരുന്നു മാല്‍ക്കോം. മാര്‍ഗ്ഗരറ്റിന്റെ സാന്നിദ്ധ്യം അയാളുടെ സ്വഭാവത്തെ വളരെ വ്യത്യാസപ്പെടുത്തി. ഭരണകാര്യങ്ങളില്‍ മാര്‍ഗ്ഗരറ്റിന്റെ ഉപദേശം തേടാന്‍ പോലും അയാള്‍ സന്നദ്ധനായി. പ്രാര്‍ത്ഥനയ്‌ക്കോ ദൈവസാന്നിദ്ധ്യസ്മരണയ്‌ക്കോ കുറവു വരുത്താതെ ഭര്‍ത്താവിനെ എല്ലാ കാര്യങ്ങളിലും സഹായിച്ചിരുന്നു. അവരുടെ ദാമ്പത്യ വല്ലരിയില്‍ എട്ടു മലരുകള്‍ വിരിഞ്ഞു. എല്ലാവരെയും മാര്‍ഗ്ഗരറ്റ് ദൈവഭക്തിയില്‍ വളര്‍ത്തി.

രാജ്യം മുഴുവനും തന്റെ കുടുംബമാണെന്ന് രാജ്ഞി കരുതിയിരുന്നു. എല്ലാമനുഷ്യരോടും ദൈവീകമായ സ്‌നേഹം പുലര്‍ത്തിപ്പോന്നു. മതകാര്യങ്ങളില്‍ അതീവ ശ്രദ്ധചെലുത്തിയിരുന്നു. ആഗമനകാലത്തും വലിയ നോമ്പിലും  അനുദിനം 300 ദരിദ്രരെ വിളിച്ച് രാജദമ്പതികള്‍ അവര്‍ക്കു ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നു. വിദേശികള്‍ക്കു വേണ്ടി രാജ്ഞി ആശുപത്രികള്‍ സ്ഥാപിക്കുകയുണ്ടായി. 

പാതിരാത്രിയില്‍ എഴുന്നേറ്റു പ്രാര്‍ത്ഥിക്കുക മാര്‍ഗ്ഗരറ്റിന്റെ പതിവായിരുന്നു. രാവിലെ ദിവ്യബലി കഴിഞ്ഞു വരുമ്പോള്‍ ആറു ദരിദ്രരുടെ പാദങ്ങള്‍ കഴുകി അവര്‍ക്കു ധര്‍മ്മം കൊടുത്തയച്ച ശേഷമാണ് മറ്റു കര്‍മ്മങ്ങള്‍ക്കു പോയിരുന്നത്. വളരെ ലളിതവും തുച്ഛവുമായിരുന്നു സ്വന്തം ആഹാരം.

മാല്‍ക്കോം രാജാവ് സമാധാന പ്രേമിയായിരുന്നു. തത്സമയം സമര്‍ത്ഥനായ ഒരു പോരാളിയും. ഒരു ഇംഗ്ലീഷ് സൈന്യം അദ്ദേഹത്തിനു കീഴടങ്ങി. ആല്‍വിക്കു മാളികയുടെ താക്കോല്‍ രാജാവിന് സമര്‍പ്പിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി ഇംഗ്ലീഷ് പടയാളികള്‍ അദ്ദേഹത്തെ കുത്തിക്കൊന്നു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ മകന്‍ എഡ്ഗാറും മരിച്ചു. ദൈവതിരുമനസ്സിനു കീഴ്‌പ്പെട്ടുകൊണ്ട് രോഗിണിയായിരുന്ന രാജ്ഞി എല്ലാം സഹിച്ചു. താമസിയാതെ രാജ്ഞിയുടെ രോഗം ശക്തിപ്പെട്ടു. ബോധപൂര്‍വ്വം രോഗീലേപനവും തിരുപാഥേയവും സ്വീകരിച്ചു. 'കര്‍ത്താവായ ഈശോ, അങ്ങ് മരിച്ചുകൊണ്ട് ലോകത്തെ രക്ഷിച്ചുവല്ലോ; എന്നെ രക്ഷിക്കണമേ' എന്നുരുവിട്ടുകൊണ്ട് രാജ്ഞി അന്ത്യശാസം വലിച്ചു. 1250-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

ആത്മാവ് വേര്‍പെടുമ്പോള്‍ ശരീരം മരിക്കുന്നു. ദൈവം വേര്‍പിരിയുമ്പോള്‍ ആത്മാവ് മരിക്കുന്നു എന്ന് വി. അഗസ്തിനോസ് പറയുന്നു.

ലൗകീകാഡംബരങ്ങള്‍ക്കിടയിലും പുണ്യ ജീവിതം നയിക്കാന്‍ ദിവ്യകാരുണ്യം ശക്തമായ തുണയാണെന്ന് വി. മാര്‍ഗ്ഗരറ്റിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88957