വി. എവരിസ്തൂസ് പാപ്പാ (99-107)

ബേസ്ലഹമില്‍ നിന്ന് അന്തിയോക്യായില്‍ കുടിയേറിപ്പാര്‍ത്ത ഒരു യഹൂദന്റെ മകനാണ് എവരിസ്തൂസെന്നു പറയപ്പെടുന്നു. വി. ക്ലെമന്റു മാര്‍പ്പാപ്പായുടെ പിന്‍ഗാമിയായി ഭരണമേറ്റ എവരിസ്തൂസാണ് റോമാനഗരത്തെ ഇടവകകളായി വിഭജിച്ചത്. 25 ഇടവകകള്‍ രൂപീകരിക്കുകയും ഓരോ ഇടവകയ്ക്കും ഓരോ വൈദീകനെ നിയമിക്കുകയും ചെയ്തു. ഏഴു ഡീക്കന്മാരെക്കൂടി അദ്ദേഹം നിയമിച്ചു. വൈദീകപട്ടം ഡിസംബര്‍ മാസത്തിലാണ് നല്കിയിരുന്നത്. നോമ്പ് കാലത്ത് മെത്രാഭിഷേകം നിര്‍വ്വഹിച്ചിരുന്നു. ഉപവാസകാലത്ത് പട്ടം കൊടുക്കുന്നത്  കൂടുതല്‍ ഭക്തിജനകമായിരിക്കുമെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്. സോളമന്‍ ജറുസലേം ദേവാലയ പ്രതിഷ്ടയ്ക്ക്  ഉപയോഗിച്ച പ്രാര്‍ത്ഥനയ്ക്കു തുല്യമായി ഒരു പ്രാര്‍ത്ഥന പള്ളിക്കൂദാശയ്ക്ക് അദ്ദേഹം ഉപയോഗിക്കാന്‍ തുടങ്ങി. കൂദാശ ക്രമത്തില്‍ വി. കുര്‍ബ്ബാനകൂടി ഉള്‍പ്പെടുത്തി. ദീര്‍ഘനേരം ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ ദിനചര്യയില്‍ പെട്ടതായിരുന്നു. വി. യോഹന്നാന്‍ ശ്ലീഹായുടെ മരണം എവരിസ്തൂസ് മാര്‍പ്പാപ്പയുടെ കാലത്തായിരിക്കണം സംഭവിച്ചത്.

പ്രാചീന ഗ്രന്ഥകാരന്മാര്‍ എവരിസ്തൂസ് പാപ്പായെ രക്തസാക്ഷിയെന്നാണ്  വിളിച്ചിരുന്നത് അപ്പസ്‌തോലന്മാരുടെ ശിഷ്യര്‍ ഭാവി ജീവിതത്തെപ്പറ്റിയുള്ള ധ്യാനത്തിലും പ്രാര്‍ത്ഥനയിലും മുഴുകിയിരുന്നതിനാല്‍ അവര്‍ ഈ ലോകത്തിലുള്ളവരാണെന്നു പോലും തോന്നുമായിരുന്നില്ല. 

സഭയോടുള്ള വിശ്വസ്ഥതയും ദിവ്യകാരുണ്യനാഥനോടുള്ള സ്‌നേഹവും ത്യാഗപൂര്‍വ്വം പുലര്‍ത്താന്‍ വി.എവരിസ്തൂസ് നമുക്ക് പ്രചോദനം നല്‍കുന്നു. 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 77833