അന്തിയോക്യായിലെ വി.ഇഗ്നേഷ്യസ് (107) മെത്രാന്‍-രക്തസാക്ഷി

വി.മത്തായിയുടെ സുവിശേഷത്തില്‍ (മത്താ.18:2-4) ഈശോ ഒരു ശിശുവിനെ വിളിച്ച് അപ്പസ്‌തോലന്മാരുടെ മദ്ധ്യേ നിറുത്തിയിട്ട്, 'നിങ്ങള്‍ മനസ്സു തിരിഞ്ഞ് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കയില്ല; ഈ ശിശുവിനെപ്പോലെ വിനീതരാകുന്നവരത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക' എന്നരുള്‍ ചെയ്തു. ഈ ശിശുവാണ്, ഇഗ്നേഷ്യസ് എന്നപേരില്‍ എവോരിയൂസിന്റെ മരണശേഷം 69-ല്‍ അന്തിയോക്യായില്‍ മെത്രാനായതെന്ന് ഒരു പാരമ്പര്യമുണ്ട്.

ഇഗ്നേഷ്യസ് വി. യോഹന്നാന്റെ ശിഷ്യനായിരുന്നു. കര്‍ത്താവിന്റെ സ്‌നേഹത്തോടും താല്പര്യത്തോടും കൂടിയാണ് തന്റെ അജഗണത്തെ ഇഗ്നേഷ്യസ് നയിച്ചിരുന്നത്. സിറിയായിലെ മെത്രാന്‍മാരെല്ലാം ഇഗ്നേഷ്യസിന്റെ ഉപദേശം ആരാഞ്ഞശേഷമേ കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നുള്ളു.

സ്മിര്‍ണായിലെ വിശ്വാസികള്‍ക്ക് എഴുതിയ കത്തില്‍ ഇപ്രകാരം കാണുന്നു, 'വി. കുര്‍ബ്ബാനയില്‍ നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുക. അത് ( വി. കുര്‍ബ്ബാന) നമുക്ക് വേണ്ടി മരിച്ച യേശുക്രിസ്തുവിന്റെ ശരീരമാണന്ന് അവര്‍ വിശ്വസിക്കുന്നില്ല.' വി. കുര്‍ബ്ബാന സ്വീകരിക്കുന്നവരോട് ഇഗ്നേഷ്യസ് ഇപ്രകാരം പറഞ്ഞു: 'നിങ്ങളുടെ ശരീരത്തെ ദൈവത്തിന്റെ  പരിശുദ്ധ ആലയം പോലെ സൂക്ഷിക്കുക, ഐക്യത്തെ പോഷിപ്പിക്കുക, ഛിദ്രങ്ങള്‍ വര്‍ജ്ജിക്കുക. ക്രിസ്തു പിതാവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ ക്രിസ്തുവിനെ അനുകരിക്കുവിന്‍' 

ട്രാജന്‍ ചക്രവര്‍ത്തി 105-ല്‍ മതമര്‍ദ്ദനം തുടങ്ങി. പാര്‍ത്ഥ്യാസമരത്തില്‍ നിന്നുമടങ്ങുമ്പോള്‍ ഇഗ്നേഷ്യസിനെ വിളിച്ചു ചോദിച്ചു: 'ഈ നാട്ടിലെ ജനങ്ങളെ ക്രിസ്തുവിന്റെ നിയമം പഠിപ്പിച്ച് വഞ്ചിക്കുന്ന പിശാച് താങ്കളാണോ?' 'ഞാന്‍ പിശാചല്ല, ദൈവദാസരെ കാണുമ്പോള്‍ പിശാച് ഓടുന്നു. ഞാന്‍ ഈശോയുടെ പുരോഹിതനാണ്, എനിക്ക് ജൂപ്പിറ്ററിന്റെ പിശാച് ആകേണ്ടാ'  എന്നായിരുന്നു മറുപടി. ട്രാജന്‍ ഉടനെ കല്‍പ്പിച്ചു, 'ഇയാളെ റോമില്‍ കൊണ്ടു പോയി പൊതു വിനോദ ദിവസം ക്രൂരമൃഗങ്ങള്‍ക്കു ഭക്ഷണമായി നല്‍കുക.'  'കര്‍ത്താവേ, അങ്ങയിലുള്ള വിശ്വാസത്തെ പ്രതി എന്റെ ജീവന്‍ ബലിചെയ്തു അങ്ങയോടുള്ള എന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിക്കുന്നതിനു ഞാന്‍ നന്ദി പറയുന്നു' എന്ന് പ്രാര്‍ത്ഥിച്ചശേഷം ചങ്ങലയില്‍ ബന്ധിക്കാനായി ഇഗ്നേഷ്യസ് കൈ നീട്ടിക്കൊടുത്തു. യാത്രാമദ്ധ്യേ മെത്രന്മാരും വൈദീകരും അത്മായരും അദ്ദേഹത്തെ സ്വീകരിക്കാന്‍ ചെന്നു. സ്മീര്‍ണായില്‍ വച്ച്  പൊളിക്കാര്‍പ്പീനെ അഭിവാദ്യം ചെയ്തു. അവിടെ നിന്ന് എഫേസ്യര്‍ക്കെഴുതിയ കത്തില്‍ ഇപ്രകാരം കാണുന്നു: 'ഞാന്‍ എന്റെ ശൃംഖല ക്രിസ്തുവിനെ പ്രതി വഹിക്കുന്നു. അതിനെ ഏതൊരു നിധിയേക്കാളും ഞാന്‍ വിലമതിക്കുന്നു. അത് എനിക്ക് ആത്മീയ പവിഴമാലയാണ്.'

107-ഡിസംബര്‍ 20-ാം തീയ്യതി അദ്ദേഹത്തെ സിംഹങ്ങള്‍ക്ക് എറിഞ്ഞു കൊടുത്തു. വലിയ അസ്ഥികളൊഴികെ ബാക്കിയെല്ലാം അവ തിന്നു. അടുത്ത ദിവസം ഇഗ്നേഷ്യസ് തന്റെ കൂടെയുണ്ടായിരുന്ന ഫീലോ, അഗാത്തോപ്പോഡൂസ് എന്നീ ഢീക്കന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു.

മെത്രാന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ പരികര്‍മ്മത്തിന് സമ്മേളിച്ചുകൊണ്ട്  വിശ്വാസികള്‍ തങ്ങളുടെ ഇടയില്‍ കൂട്ടായ്മ പുലര്‍ത്തണമെന്ന് ഇഗ്നേഷ്യസ് പ്രത്യേകം ഉല്‍ബോധിപ്പിച്ചിട്ടുണ്ട്. ദിവ്യകാരുണ്യത്തിന്റെ ശക്തികൊണ്ട് പീഡനങ്ങളെ അതിജീവിക്കാനാകുമെന്ന് വി. ഇഗ്നേഷ്യസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137850