കുപ്പര്‍ത്തീനോയിലെ വി. ജോസഫ് (1603-1663)

1603 ല്‍ കുപ്പര്‍ത്തീനോ എന്ന സ്ഥലത്ത് ദരിദ്രകുടുംബത്തിലാണ് ജോസഫ് ദേശാ ജനിച്ചത് കര്‍ശനമായ ശിക്ഷണം നല്‍കി മകനെ വളര്‍ത്താന്‍ അമ്മ ശ്രദ്ധിച്ചു. അമ്മ നല്‍കിയ ശിക്ഷണത്തിനുപരിയായി പരിഹാരകൃത്യങ്ങള്‍ ജോസഫ് അനുഷ്ഠിച്ചുപോന്നു. അങ്ങനെ ബാല്യകാലത്തില്‍ തന്നെ ദൈവൈക്യത്തില്‍ എത്തി. എട്ടുവയസ്സുമുതല്‍ സമാധിദര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. തന്നിമിത്തം കൂട്ടുകാര്‍ അവനെ വാപൊളിയനും മണ്ടനുമാണെന്നു പറഞ്ഞ്  തിരസ്‌കരിച്ചു. ഉപയോഗശൂന്യനും കുടുംബത്തിന് അപമാനവുമാണെന്നു  ചിന്തിച്ചുകൊണ്ട് ബന്ധുക്കളും പുറന്തള്ളി.  എല്ലാവരാലും തിരസ്‌കൃതനായ ജോസഫിന്റെ യാചനയില്‍ ദയതോന്നി കണ്‍വഞ്ചുവല്‍ സന്ന്യാസികള്‍  ആശ്രമത്തിലെ കഴുതയെ സംരക്ഷിക്കുന്ന ജോലി നല്‍കി സ്വീകരിച്ചു. വിനീതശുശ്രൂഷിയുടെ എളിമ, അനുസരണം, ഭക്തി എന്നിവ മനസ്സിലാക്കി അധികാരികള്‍ ജോസഫിനെ വൈദീക വിദ്യാര്‍ത്ഥിയാക്കി. മൂന്നുവര്‍ഷം കഴിഞ്ഞ് 25-ാമത്തെ വയസ്സില്‍ പൗരോഹിത്യവും നല്കി.

വേണ്ടതുപോലെ വായിക്കാന്‍ പഠിച്ചിരുന്നില്ലെങ്കിലും ദൈവനിവേശിതമായ വിജ്ഞാനവും ഏതുദൈവശാസ്ത്രപ്രശ്‌നവും കൈകാര്യം ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനു ലഭിച്ചു. പരഹൃദയജ്ഞാനവും പ്രവചനവരവും അദ്ദേഹത്തിനുണ്ടായിരുന്നു.

വായുവില്‍കൂടി പറക്കുവാന്‍ കഴിഞ്ഞിരുന്ന അദ്ദേഹം പള്ളിയുടെ വാതില്ക്കല്‍ നിന്ന് ബലിപീഠത്തിലേയ്ക്ക് ജനക്കൂട്ടത്തിനു മുകളിലൂടെ പറക്കുന്നത് നിരവധി ആളുകള്‍ കണ്ടിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആശ്രമത്തിനു സമീപം ഉയര്‍ന്ന സ്ഥലത്ത് മൂന്നു കുരിശുകള്‍ സ്ഥാപിതമായിരുന്നു. അവയുടെ ദര്‍ശനത്തില്‍ വായുവിലുയര്‍ന്ന് മദ്ധ്യത്തിലെ കുരിശ് ആശ്ലേഷിച്ച് ദീര്‍ഘനേരം നില്‍ക്കുക സാധാരണമായിരുന്നു. ദിവ്യബലിയര്‍പ്പിക്കുമ്പോഴും ഉയര്‍ന്നു പോകുക പതിവായിരുന്നതിനാല്‍ രഹസ്യ ബലിയര്‍പ്പണമേ അനുവദിച്ചിരുന്നുള്ളൂ. 1649 ല്‍ ഫാ. ജോസഫിന്റെ ഇത്തരം ബലിയര്‍പ്പണത്തില്‍ സംബന്ധിച്ചതിന്റെ ഫലമായി ജോണ്‍ ഫ്രഡറിക് രാജകുമാരന്‍ രണ്ടു വര്‍ഷം കഴിഞ്ഞ് സത്യവിശ്വാസം ഈ വൈദീകനോടു തന്നെ ഏറ്റുപറഞ്ഞു.

സന്തുഷ്ട പ്രകൃതിക്കാരനായിരുന്നു ജോസഫ്. എന്നാല്‍ ചിലരുടെ ഏഷണിയും ദൂഷണവും നിമിത്തം വളരെ സഹിക്കേണ്ടി വന്നു. പൈശാചികാക്രമണങ്ങളും ഹൃദയവരള്‍ച്ചയുമെല്ലാം അനുഭവപ്പെട്ടിരുന്നു. ആണ്ടുവട്ടത്തില്‍ ഏഴു പ്രാവശ്യം 40 ദിവസത്തെ നോമ്പാചരണമുണ്ടായിരുന്നു. അവസാനത്തെ പത്തു വര്‍ഷങ്ങളില്‍ ജോസഫില്‍ നടക്കുന്ന പ്രകൃത്യാതീത സംഭവങ്ങള്‍ കാണാന്‍ പലപ്പോഴും ജനം ആശ്രമത്തില്‍ തിങ്ങിക്കൂടിയിരുന്നതിനാല്‍  അജ്ഞാതമായ ആശ്രമങ്ങളിലേയ്ക്ക് അദ്ദേഹത്തെ മാറി മാറി അയച്ചുകൊണ്ടിരുന്നു.

1663 സെപ്തംബര്‍ 18 ന് ഓസിമോയിലെ ആശ്രമത്തില്‍ വച്ച് 61-ാംമത്തെ വയസ്സില്‍ ജോസഫ് നിര്യാതനായി. 1753-ല്‍ എട്ടാം ക്ലമന്റ് മാര്‍പാപ്പാ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിമാനയാത്രക്കാരുടെ മദ്ധ്യസ്ഥനായി പരിഗണിക്കപ്പെടുന്നു. 

 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82591