വി. ഒമ്പതാം ലൂയിസ് രാജാവ് (1205-1270)

1215-ഏപ്രില്‍ 25-ന് പാരീസിനുസമീപത്തുള്ള പോയിസിലെ കൊട്ടാരത്തില്‍ ലൂയിസ് ജാതനായി. ഭക്തയായ മാതാവ് ബ്ലാങ്കെരാജ്ഞി മകനെ രാജ്യഭരണത്തിനും സ്വര്‍ഗ്ഗരാജ്യത്തിനും യോഗ്യനായി വളര്‍ത്തി. ജ്ഞാനസ്‌നാനത്തെ അനുസ്മരിച്ചുകൊണ്ട് ലൂയിസ് പറഞ്ഞത് ഇപ്രകാരമാണ്: 'റീംസില്‍ ഞാന്‍ കിരീടമണിഞ്ഞു. ഭൗമികാധികാരത്തിന്റെ ചിഹ്നമായിരുന്നു അത്. പൂവാസില്‍വച്ച് ജ്ഞാനസ്‌നാനം വഴി  ഞാന്‍ ദൈവത്തിന്റെ ശിശുവായി. ഭൗമീക പ്രതാപത്തെ അപേക്ഷിച്ച് എത്ര നിസ്തുലമാണ് ഈ ഭാഗ്യം'   ലൂയിസിന് 12 വയസ്സുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. ലൂയിസിന്റെ നാമത്തില്‍ അമ്മ രാജ്യഭരണം ഏറ്റെടുത്തു. ഒരിക്കല്‍ അമ്മ ലൂയീസിനോട് പറഞ്ഞു 'ഒരമ്മയ്ക്കു കഴിവുള്ളിടത്തോളം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നാല്‍ നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം നീ മരിച്ച് എന്റെ പാദങ്ങളില്‍ വീഴുകയാണ്.'

ദൈവഭക്തിയില്‍ വളരാനായി ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാംസഭയില്‍ ചേര്‍ന്നു. 19-ാം വയസ്സില്‍ പ്രോവിന്‍സിലെ മാര്‍ഗ്ഗരറ്റിനെ ലൂയിസ് വിവാഹം ചെയ്തു. 21-ാമത്തെ വയസ്സില്‍ രാജ്യഭരണം ഏറ്റെടുത്തു. ദൈവദൂഷണവും അധികപ്പലിശയും ലൂയിസ് നിയമവിരുദ്ധമാക്കി. അനുദിനം അനേകം ദരിദ്രരെ സഹായിച്ചുപോന്നു. തിരുസഭ നിര്‍ദ്ദേശിക്കുന്ന നോമ്പും ഉപവാസവും പാലിച്ചു. തന്റെ 11 മക്കളെയും ശ്രദ്ധാപൂര്‍വ്വം ദൈവസ്‌നേഹത്തില്‍ വളര്‍ത്തി. മകനായ ഫിലിപ്പിന് കൊടുത്ത ഉപദേശത്തില്‍ ഇപ്രകാരം കാണുന്നു. 'മകനേ, സര്‍വ്വോപരി നീ ദൈവത്തെ സ്‌നേഹിക്കുക, തന്റെ ഇഷ്ടം നിറവേറ്റുന്നതിന് അവിടുന്ന് നിനക്ക് കൃപാവരം നല്‍കട്ടെ.'

അനുദിനം പല ദിവ്യബലികളില്‍ ലൂയിസ് പങ്കെടുത്തിരുന്നു. ദിവ്യകാരുണ്യ സ്വീകരണശേഷം ദീര്‍ഘനേരം മുട്ടിന്മേല്‍നിന്നു കൃതജ്ഞത പ്രകാശിപ്പിച്ചിരുന്നു. രാത്രിയിലും ദിവ്യകാരുണ്യ സന്നിധിയില്‍ വളരെ സമയം പ്രാര്‍ത്ഥനാനിരതനായി കഴിഞ്ഞുകൂടി.

ഈശോയോടുബന്ധപ്പെട്ട വിശുദ്ധനാടുകള്‍ മതവിദ്വേഷികളില്‍ നിന്നു തിരിച്ചുപിടിക്കുവാന്‍ അക്ഷീണയത്‌നം നടത്തി. വധഭീഷണിയുണ്ടായിട്ടും സമരരംഗത്തിറങ്ങി. കരസ്തമാക്കിയ കര്‍ത്താവിന്റെ മുള്‍മുടി സംരക്ഷിക്കുവാന്‍ പാരീസില്‍ ഒരു പളളി നിര്‍മ്മിച്ചു. സാരസന്മാര്‍ക്കെതിരായി അടരാടി. പകര്‍ച്ചവ്യാധിമൂലം സൈന്യബലം കുറയുകയും ലൂയിസ് ബന്ധനസ്ഥനാകുകയും ചെയ്തു. 

മാസങ്ങളോളം കാരാഗൃഹത്തില്‍ കഴിഞ്ഞു കൂടി. വ്യവസ്ഥയില്‍ കീഴ്‌മോചനം അനുവദിച്ചെങ്കിലും അത് ക്രിസ്തുവിനെയും ക്രിസ്തുമതത്തെയും വഞ്ചിക്കുന്ന കെണിയായിരുന്നതിനാല്‍ ലൂയിസ് വഴങ്ങിയില്ല. ശത്രുക്കള്‍ വധഭീക്ഷണി മുഴക്കിയപ്പോള്‍ 'എന്റെ ശരീരത്തെ നിങ്ങള്‍ക്ക് വധിക്കാം, ആത്മാവിനെ ഹനിക്കുക വയ്യാ' എന്നായിരുന്നു ലൂയിസിന്റെ മറുപടി. ധീരമായ ഈ നിലപാടില്‍ വ്യവസ്ഥാരഹിതമായി മോചനം നേടുകയും ക്രിസ്ത്യാനികള്‍ക്കു വേണ്ടി നിരവധി ആനുകൂല്യങ്ങള്‍ നേടുകയും ചെയ്തു. ലൂയിസ് നാട്ടിലേക്ക് മടങ്ങി. ജനക്ഷേമം മുന്‍നിര്‍ത്തി ഭരിച്ചു. ആസ്പത്രികള്‍ സ്ഥാപിക്കുകയും കുഷ്ഠരോഗികളെപ്പോലും ശുശ്രൂഷിക്കുകയും ചെയ്തു വന്നു. അനുദിനം തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ 13 ദരിദ്രരെ പ്രത്യേകം ക്ഷണിച്ചിരുന്നു. 1270-ല്‍ രണ്ടാം കുരിശുയുദ്ധം നയിച്ചു. യാത്രാമദ്ധ്യേ പകര്‍ച്ചവ്യാധി ബാധിച്ച സൈനീകരെ ശുശ്രൂഷിച്ചു. താമസിയാതെ രോഗബാധിതനായ ലൂയിസ് ആഗസ്റ്റ് 25-ാംതീയ്യതി 44-ാമത്തെ വയസ്സില്‍ പരലോകപ്രാപ്തനായി. 1297-ല്‍ എട്ടാം ബോനിഫസ് മാര്‍പ്പാപ്പാ ലൂയിസ്സിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. മൂന്നാം സഭയുടെ മദ്ധ്യസ്ഥനാക്കി. 

ജീവിത കര്‍ത്തവ്യങ്ങള്‍ വിശ്വസ്തസയോടും കൂടി നിര്‍വ്വഹിക്കാനും ജനക്ഷേമത്തിനുവേണ്ടി നിസ്തുലം പരിശ്രമിക്കാനും ദിവ്യകാരുണ്യഭക്തി സഹായിക്കുമെന്ന് ലൂയിസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 77831