അസ്സീസിയിലെ വി. ക്ലാര (1194-1253)

ഫ്രാന്‍സിസ്‌ക്കന്‍ രണ്ടാംസഭാംഗം

അസ്സീസിയിലെ ഒരു കുലീന യോദ്ധാവായിരുന്നു ഫവറോനെ ഓഫ്രദുച്ചിയോ. ഭാര്യയുടെ പേര് ഓര്‍ത്തലോനാ. ഇവരുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ മൂന്നു മക്കളാണ് ക്ലാരയും ആഗ്നസും ബെയാട്രിസും. 1194 ജനുവരി 20-ാം തീയ്യതിയാണ് ക്ലാര ജനിച്ചത്. ജനനത്തിനു മുമ്പുതന്നെ കുട്ടി ലോകത്തിലെ ഒരു ഉജ്ജ്വലതാരമാകുമെന്ന് വെളിപാടു വഴി ഓര്‍ത്തലോന അറിഞ്ഞിരുന്നു. ശരീരസൗന്ദര്യം, മനോജ്ഞമായ വ്യക്തിത്വം, സവിശേഷമായ ബുദ്ധിസാമര്‍ത്ഥ്യം എന്നിവയുടെ ഉടമയായിരുന്നു ക്ലാര. 15 വയസ്സായപ്പോള്‍ മുതല്‍ നിരവധിപ്പേര്‍ വിവാഹാലോചനയുമായി വന്നു. എന്നാല്‍ ദിവ്യകാരുണ്യഭക്തിയും പ്രാര്‍ത്ഥനാരൂപിയും പ്രായശ്ചിത്ത ചൈതന്യവും പുലര്‍ത്തിയിരുന്ന ക്ലാര ഈശോയെ ആത്മീയമണവാളനായി വരിച്ചു കഴിഞ്ഞിരുന്നു.

1212- ലെ നോമ്പുകാലത്ത് അസ്സീസികത്തീഡ്രലില്‍ വി. ഫ്രാന്‍സിസ് ലോക വിരക്തിയേയും പരിഹാര മനോഭാവത്തേയും കുറിച്ചു പ്രസംഗിച്ചത്   ക്ലാരയെ സ്പര്‍ശിച്ചു. പ്രസംഗകന്റെ പ്രബോധനവും മാതൃകയും അവളെ സ്വാധീനിച്ചു. ഇരുവരും തമ്മില്‍ കൂടിക്കണ്ട് ചില തീരുമാനങ്ങള്‍ എടുത്തു. ഓശാന ഞായറാഴ്ച മനോഹരമായി ഉടുത്തൊരുങ്ങി ക്ലാര ദേവാലയത്തില്‍ പോയി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. അന്നുരാത്രി  പ്രായമായ ഒരു സ്തീയോടൊപ്പം ക്ലാര പേര്‍സ്യാങ്കുളാ ദൈവാലയത്തിലേയ്ക്കു രഹസ്യമായി പോയി. വി. ഫ്രാന്‍സിസും സഹോദരന്മാരും കത്തിച്ച തിരികളുമായി അവളെ സ്വീകരിച്ചു. അവളുടെ അലങ്കാര വസ്ത്രങ്ങളെല്ലാം മാറ്റിവച്ച് പ്രായച്ചിത്ത വസാത്രങ്ങളണിഞ്ഞു. ഫ്രാന്‍സിസ് അവളുടെ മുടിവെട്ടിമാറ്റുകയും സാധാരണ ശിരോവസ്ത്രം, പരുപരുത്ത ഉടുപ്പ്, ചരട് എന്നിവ ധരിപ്പിച്ച് ഒരു ബനഡിക്‌ടൈന്‍ മഠത്തില്‍ താമസിപ്പിക്കുകയും ചെയ്തു. കുപിതരായ നാട്ടുകാരും വീട്ടുകാരും അവളെ പിടിച്ചു വലിച്ചു പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ മുടിവെട്ടിമാറ്റപ്പെട്ടതു കണ്ടപ്പോള്‍ അവര്‍ പിന്‍വാങ്ങി.

താമസിയാതെ അനുജത്തി ആഗ്നസും കൂടെ ചേര്‍ന്നു. ഫ്രാന്‍സിസ് ഇവര്‍ക്കും പിന്നാലെ വന്നവര്‍ക്കും വേണ്ടി സാന്‍ഡമിയാനോയില്‍ ഭവനമൊരുക്കി. അങ്ങനെ ഫ്രാന്‍സിസ്‌കന്‍ രണ്ടാംസഭയ്ക്ക് ആരംഭം കുറിച്ചു. വളരെ വേഗം സഭ വളര്‍ന്നു. 1215-ല്‍ ക്ലാര മഠാധിപയായി. സഭയെ നയിച്ച ക്ലാരയുടെ വാര്‍ദ്ധക്യത്തില്‍ ദാരിദ്ര്യത്തിനും പ്രായശ്ചിത്തത്തിനും അല്പം അയവുവരുത്തി. 

1240-ല്‍ സാരസന്മാര്‍ അസ്സീസി ആക്രമിച്ചപ്പോള്‍ ഒരു കൂട്ടം സൈനീകര്‍ ക്ലാരമഠത്തിനു നേരെ തിരിഞ്ഞു. ശത്രുവിന് അഭിമുഖമായി വി. കുര്‍ബ്ബാന എഴുന്നള്ളിച്ചു വയ്ക്കാന്‍ ക്ലാര നിര്‍ദ്ദേശിച്ചു. അനന്തരം അവള്‍ മുട്ടുകുത്തി  സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചു. വലിയ ഒരു സൈന്യം തങ്ങള്‍ക്കെതിരെ വരുന്നെന്നു തോന്നിയ ശത്രുക്കള്‍ പെട്ടെന്നു ഭയന്നോടിപ്പോയി. മഠം ശത്രുക്കളില്‍നിന്ന് മുക്തിനേടി.

28 വര്‍ഷത്തോളം രോഗിണിയായിക്കഴിഞ്ഞ ക്ലാരയുടെ ഭക്ഷണം വി. കുര്‍ബ്ബാന മാത്രമായിരുന്നു. അന്ത്യം ആസന്നമായെന്നറിഞ്ഞ ക്ലാര അന്ത്യകൂദാശകള്‍ ഭക്തിപൂര്‍വ്വം സ്വീകരിച്ചു. 1253-ആഗസ്റ്റ് 11-ന് ക്ലാര നിത്യാനന്ദത്തില്‍ പ്രവേശിച്ചു. 1255-ല്‍ നാലാം അലക്‌സാണ്ടര്‍ മാര്‍പാപ്പാ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1958-ല്‍ ടെലവിഷന്റെ സാര്‍വ്വത്രിക മാദ്ധ്യസ്ഥയായി തെരഞ്ഞെടുക്കപ്പെട്ടു.

ലോകത്തോടു വിരക്തിയും ദൈവത്തോട് ആഭിമുഖ്യവും പുലര്‍ത്തുന്ന ഒരു അദ്ധ്യാത്മിക ജീവിത പദ്ധതിക്കു രൂപം കൊടുക്കാന്‍ വി. ഫ്രാന്‍സീസിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടവളായിരുന്നു വി. ക്ലാര. ദിവ്യകാരുണ്യ നാഥനോടുള്ള ബന്ധത്തിലൂടെയാണ് ക്ലാരയ്ക്ക് അതു സാധിച്ചത്.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 86392