വി. ഗൊണ്‍സാലോ ഗാര്‍സിയാ(1557-1597)

1557-ല്‍ വാസായി പട്ടണത്തിലാണ് ഗൊണ്‍സാലോ ജനിച്ചത്. പിതാവ് പോര്‍ട്ടുഗീസുകാരനും, അമ്മ കൊങ്കണ്‍ കാരിയുമാണ്. ഗൊണ്‍സാലോ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ മൃതിയടഞ്ഞു. 7-ാമത്തെ വയസ്സില്‍ ഈശോസഭക്കാരുടെ വിദ്യാലയത്തില്‍ പഠനമാരംഭിച്ചു. ആദ്യത്തെ ഗുരു ഫാ. ആന്‍ഡെ ഡി. കബ്രിയോ ആയിരുന്നു. പിന്നീട് ബ്ര. ക്രിസ്റ്റാവോ ലൂയിസ് ഗൊണ്‍സാലോയുടെ ഗുരുവായി. മറ്റു വിഷയങ്ങളോടൊപ്പം  വിശുദ്ധരുടെ ശാസ്ത്രം പഠിക്കാന്‍ അവന്‍ തല്പരനായിരുന്നു. അനുദിനം ഭക്തിയോടെ ദിവ്യബലിയില്‍ സംബന്ധിച്ചിരുന്നു.

ജപ്പാനിലെ മിഷന്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി നല്ലവണ്ണം മനസ്സിലാക്കിയ ഗൊണ്‍സാലോ ഗൊണ്‍സാല്‍വെസ് എന്ന ഈശോ സഭാ വൈദീകനോടൊപ്പം  ജപ്പാനിലേക്ക് പുറപ്പെടുവാന്‍ നിശ്ചയിച്ചു. 1572-ല്‍  ഗൊണ്‍സാലോ ഫാ. ഗൊണ്‍സാല്‍വെസ്സിന്റെ സഹായത്തോടെ ജപ്പാന്‍ ഭാഷ പഠിക്കാന്‍ തുടങ്ങി. ഒരു മാസത്തിനുശേഷം യാത്ര തുടര്‍ന്നു. ഗൊണ്‍സാലോ യാത്രയ്ക്കിടയില്‍ തന്നെ ജപ്പാനിലെ ആചാരാനുഷ്ഠാനങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു.

1572 ജൂലൈ മാസത്തില്‍ നാഗസാക്കിയിലെത്തിയ ഗൊണ്‍സാലോ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഗൊണ്‍സാല്‍വെസ് അച്ചനെ സഹായിച്ചിരുന്നു. ഭാഷയില്‍ നിപുണനായിത്തീര്‍ന്ന ഗൊണ്‍സാലോയ്ക്ക് മതതത്ത്വങ്ങള്‍ വാക്ചാതുരിയോടെ ജപ്പാന്‍കാരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. അദ്ദേഹം ദരിദ്രരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു. ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ നീണ്ട മണിക്കൂറുകള്‍ ചെലവഴിച്ച ഗൊണ്‍സാലോയ്ക്ക് ഈശോയുടെ കാരുണ്യവും സ്‌നേഹവും പങ്കുവയ്ക്കാതെ നിവൃത്തിയില്ലായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ കൊന്തയ്ക്കും തിരുശേഷിപ്പിനുമായി വന്നുകൊണ്ടിരുന്നവരോട് പറഞ്ഞിരുന്നു. 'ഒരു തിരുശേഷിപ്പാകാന്‍  ഞാന്‍ ജീവിക്കും. അപ്പോള്‍ ദാനം ചെയ്യാന്‍ ധാരാളം തിരുശേഷിപ്പുകളുണ്ടാകും.'

ഈശോസഭയില്‍ ചേരാനാഗ്രഹിച്ച ഗൊണ്‍സാലോയ്ക്ക് അതിന് സാധിച്ചില്ല. തന്നിമിത്തം ഗൊണ്‍സാല്‍വെസ് അച്ചനുമായി ആലോചിച്ചശേഷം ഹിരാഡോദ്വീപിലേയ്ക്ക് പോയി. അവിടെ ഒരു കച്ചവടക്കാരനായി ജീവിച്ചു. ഇതിനിടയില്‍ മാനിലായിലേയ്ക്കും പോയി. അവിടെ ഫ്രാന്‍സിസ്‌ക്കന്‍ സഭക്കാരുടെ കപ്പേളയില്‍ ദീര്‍ഘനേരം ദിവ്യകാരുണ്യ സന്നിധിയിലിരുന്നു പ്രാര്‍ത്ഥിച്ചിരുന്നു.

താമസിയാതെ കച്ചവടകാര്യങ്ങള്‍ ക്രമീകരിച്ച് ഫ്രാന്‍സിസ്‌ക്കന്‍ ആശ്രമത്തില്‍ പ്രവേശനം നേടി. 1588 ജൂലൈ 3-ാം തീയ്യതി ഫ്രാന്‍സിസ്‌ക്കന്‍ വസ്ത്രങ്ങള്‍ സ്വീകരിച്ച് ഒരു നവ സന്യാസിയായി. ആശ്രമത്തിലും ആശുപത്രിയിലും എളിയ ജോലികള്‍ ചെയ്യാന്‍ അദ്ദേഹം തയ്യാറായി. ആശുപത്രി കെട്ടിടം ആകസ്മികമായി കത്തിനശിക്കാന്‍ ഇടയായപ്പോള്‍ നവീനമായി മറ്റൊന്നു പണിയുവാന്‍ നിയോഗിതനായത് ഗൊണ്‍സാലോയാണ്. ഭാരിച്ച ജോലി ഭംഗിയായി നിര്‍വ്വഹിച്ചു. ഇതിനിടയില്‍ ഡിലാവോയില്‍ ജപ്പാന്‍കാരുടെ മതാദ്ധ്യാപകനായി നിയോഗിക്കപ്പെട്ടു. ദിവ്യബലിയില്‍ സജീവമായി പങ്കെടുക്കുവാനും ഉത്തമമായ ക്രൈസ്തവജീവിതം നയിക്കാനും ജനങ്ങളെ അദ്ദേഹം പരിശീലിപ്പിച്ചു.

1592 മുതല്‍ ജപ്പാനിലെ രാഷ്ട്രീയാധികാരികള്‍ ക്രിസ്ത്യാനികള്‍ക്കെതിരായി പ്രവര്‍ത്തിച്ചുതുടങ്ങി. എങ്കിലും നന്നായി ജപ്പാന്‍ഭാഷ സംസാരിച്ചിരുന്ന ഗൊണ്‍സാലോയോട് രാഷ്ട്രീയാധികാരികള്‍ പോലും താല്പര്യപൂര്‍വ്വമാണ്  വര്‍ത്തിച്ചിരുന്നത്. തന്നിമിത്തം 1593-ല്‍ ജപ്പാനിലെത്തിയ കുറെ മിഷണറിമാര്‍ക്കുവേണ്ടി രാജസന്നിധിയില്‍ മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് അവര്‍ക്കു പ്രവര്‍ത്തന സ്വാതന്ത്യം നേടിയെടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അക്ഷീണയക്‌നവും സമ്പന്നന്മാരില്‍ നിന്നു കിട്ടിയ സഹായവും കൊണ്ട് ആശ്രമവും പള്ളിയും പണിയുവാന്‍ അവര്‍ക്കു കഴിഞ്ഞു. സന്യാസികളുടെ ആതുര ശുശ്രൂഷാ ചൈതന്യം അനേകരെ ഈശോയിലേയ്ക്ക് അടുപ്പിച്ചു. ചിലരുടെ അമിതമായ തീക്ഷ്ണത നിമിത്തം രാജാവ് അതൃപ്തനായി. ക്രൈസ്തവര്‍ക്ക് അപകട ഭീഷണിയുണ്ടായെങ്കിലും മിഷണറിമാരുടെ ജീവകാരുണ്യ പ്രവൃത്തികളും ഗോണ്‍സാലോയുടെ അഭ്യര്‍ത്ഥനയും നിമിത്തം സമാധാനമുണ്ടായി.

താമസിയാതെ വീണ്ടും മതപീഢനം രൂക്ഷമായി. ജപ്പാന്‍ ചക്രവര്‍ത്തിയുടെ വൈദ്യനാണ് അതിനു കളമൊരുക്കിയത്. 1596 ഡിസംബര്‍ ആരംഭത്തില്‍ സകല മിഷണറിമാരെയും വധിക്കുവാനുള്ള കല്പനയുണ്ടായി. മിഷണറിമാര്‍ മുട്ടുകുത്തി വിശ്വാസസ്ഥിരതയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഈശോയ്ക്കുവേണ്ടി ജീവന്‍ ത്യജിക്കുവാന്‍ ഗൊണ്‍സാലോ എല്ലാവരേയും ഉല്‍ബോധിപ്പിച്ചു. ഈശോയ്ക്കുവേണ്ടി മരിക്കുവാനുള്ള സന്നദ്ധത എല്ലാവരും പ്രകടമാക്കി. തടവിലാക്കപ്പെട്ട മിഷണറിമാരെ നാഗസാക്കിയില്‍ കുരിശിലേറ്റി വധിക്കാനായിരുന്നു വിധി. വധസ്ഥലത്തേയ്ക്ക് തടവുകാരെ നയിക്കുന്നതിനുമുമ്പേ അവരുടെ ഇടതു ചെവിയുടെ കീഴ് കാത് മുറിച്ചു കളഞ്ഞിരുന്നു. വികലാംഗരാക്കപ്പെട്ടവരും അപമാനിതരും കൊലയ്ക്ക് വിധിക്കപ്പെട്ടവരുമായ  അവര്‍ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നടന്നു നീങ്ങുമ്പോള്‍ കാണുന്നവരായ ക്രൈസ്തവര്‍ മതമുപേക്ഷിക്കുമെന്ന് മത വിരോധികള്‍ കരുതി. എന്നാല്‍ ഫലം വിപരീതമായിരുന്നു. ഗൊണ്‍സാലോ ജീവിതാന്ത്യം വരെ സുവിശേഷം പ്രസംഗിക്കുവാന്‍ വെമ്പല്‍ പൂണ്ടു. നാഗസാക്കിയിലെത്തിയപ്പോള്‍ പടയാളികള്‍ ഗൊണ്‍സാലോയെയും കൂട്ടുകാരെയും കുരിശില്‍ തറച്ചു. വീരോചിതമായ രീതിയില്‍ സഹിച്ചുകൊണ്ടും ശത്രുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും തങ്ങളുടെ ആത്മാക്കളെ ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചു.

1862-ല്‍ 9-ാം പീയൂസ് പാപ്പാ ഗൊണ്‍സാലോയെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ത്തു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70569