ബ്രിട്ടനിലെ വി.ഐവോ (1253-1303)

1253-ല്‍ ബ്രിട്ടനിലാണ് ഐവോ ജനിച്ചത്. മാതാപിതാക്കള്‍ കുലീനരായിരുന്നു. പാരീസിലും ഓര്‍ലിയന്‍സിലും വിദ്യാഭ്യാസം നടത്തിയ കാലത്ത് നിരവധി അപകടസാഹചര്യങ്ങള്‍ ഉണ്ടായെങ്കിലും അമ്മ നല്‍കിയ ക്രിസ്തീയ ശിക്ഷണം വഴി അവയെല്ലാം അതിജീവിക്കാന്‍ ഐവോക്കു സാധിച്ചു. ഏവരേയും വിസ്മയിപ്പിക്കത്തക്ക പഠനപാടവമുണ്ടായിരുന്നു. ദൈവശാസ്ത്രത്തോടൊപ്പം നിയമശാസ്ത്രവും പഠിച്ചു. 

ദിവ്യകാരുണ്യത്തോടു വലിയ ഭക്തി പ്രകടിപ്പിച്ചിരുന്നു. അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യസന്നിധിയില്‍ സായാഹ്ന പ്രാര്‍ത്ഥന നടത്തുകയും പതിവാക്കി. പാഠപുസ്തകങ്ങളും ഒപ്പം വിശുദ്ധരുടെ ചരിത്രങ്ങളും വായിക്കുന്നതില്‍ ഉത്സുകനായിരുന്നു. പഠനം പൂര്‍ത്തിയായപ്പോള്‍ റെന്നസ് രൂപതയില്‍ ശുശ്രൂഷചെയ്തു. പിന്നീട് ട്രെഗ്വിയേര്‍ രൂപതയില്‍ സഭാകോടതി ജഡ്ജിയായി മെത്രാന്‍ നിയോഗിച്ചു. താമസിയാതെ വൈദീകപട്ടം സ്വീകരിച്ചു ഇടവകശുശ്രൂഷാഭാരമേറ്റു. പക്ഷപാതമോ വ്യക്തിപരിഗണനയോ കൂടാതെ നീതിപൂര്‍വ്വം വിധിപ്രസ്താവനകള്‍ നടത്തിയിരുന്നു.

പ്രാര്‍ത്ഥനാ ചൈതന്യം, ദിവ്യകാരുണ്യഭക്തി, പരിശുദ്ധാത്മഭക്തി എന്നിവ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവിജയത്തിന്റെ രഹസ്യങ്ങളായിരുന്നു. ഇടവക ജോലികളില്‍ വ്യാപൃതനാകാനും, ദിവ്യകാരുണ്യനാഥനെപ്പോലെ വിശ്വാസികള്‍ക്കു മുഴുവന്‍ സമയവും സംലഭ്യമാകാനും വേണ്ടി ഉന്നതപദവികളെല്ലാം ത്യജിച്ചു, ഇടയനും പിതാവുമെന്നനിലയില്‍ തീക്ഷ്ണതാപൂര്‍വ്വം വര്‍ത്തിച്ച് അധാര്‍മ്മികത, അന്യായപ്പലിശ തുടങ്ങിയ ദീര്‍ഘകാല തിന്മകള്‍ ഇല്ലായ്മ ചെയ്തു. ദരിദ്രരിലും, കുരുടരിലും, മുടന്തരിലും, നിസ്സഹായരിലുമൊക്കെ ഈശോയെക്കണ്ട് അവര്‍ക്കായി സദാ തന്റെ ഭവനം തുറന്നിട്ടിരുന്നു. നാട്ടിലെ പട്ടിണിയുടെ സന്ദര്‍ഭത്തില്‍ അത്ഭുതപ്രവര്‍ത്തനം വഴി ജനങ്ങളെ സഹായിക്കാന്‍ ദൈവം ഇടയാക്കി. ഏഴു റൊട്ടികള്‍കൊണ്ട് ഇരുന്നൂറു പേരെയും  ഒരു ചെറിയ റൊട്ടികൊണ്ട് ഇരുപത്തിനാലുപേരെയും സംതൃപ്തരാക്കി.

ഗൗരവമേറിയ കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത് പരിശുദ്ധാത്മാവിന്റെ സ്തുതിക്കായി വി.കുര്‍ബ്ബാനയര്‍പ്പിച്ചു കൊണ്ടായിരുന്നു. ദൈവഹിതത്തിനു വിരുദ്ധമായി ഒന്നും തന്നിലൂടെ സംഭവിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അധികാരവിധേയത്വത്തില്‍ ശക്തിയും സംരക്ഷണവും കണ്ടെത്തി. മറ്റുള്ളവരുടെ ആവശ്യം കണ്ടറിഞ്ഞ് ഉപകാരം ചെയ്തു. പകര്‍ച്ചവ്യാധിക്കാരെ പരിചരിച്ചു ആയുസ്സും അറിവുമെല്ലാം ജനങ്ങള്‍ക്കുവേണ്ടി വ്യയംചെയ്തു. അദ്ധ്വാനവും കര്‍ക്കശ ജീവിതവും ഐവോയെ വിവശനാക്കി.

അന്ത്യമായെന്നു ബോധപ്പെട്ട ഐവോ ഭക്തിപൂര്‍വ്വം വി.കുര്‍ബ്ബാനയും രോഗീലേപനവും സ്വീകരിച്ചു. 1303-മെയ് 19-ന് പ്രസന്ന വദനനായി മരണം വരിച്ചു. മരണശേഷം നിരവധി അത്ഭുതങ്ങള്‍ നടന്നു. 6-ാം ക്ലമന്റു പാപ്പാ ഐവോയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിജ്ഞാനവും പദവികളും  ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുവാന്‍ ഐവോ നമുക്കു പ്രേരണനല്കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70573