വി.ബനഡിക്റ്റ് മെന്നി (1841-1914)

1841 മാര്‍ച്ച് 11 നാണ് ബനഡിക്റ്റ്‌മെന്നി ഇറ്റലിയിലെ പ്രശസ്ത നഗരമായ മിലാനില്‍ ജനിച്ചത്. മാതാപിതാക്കള്‍ ലൂയിജി ഫിജീനിയും ലൂയിജിയായും ആയിരുന്നു. അവരുടെ പതിമൂന്നു മക്കളില്‍ അഞ്ചാമനായിരുന്നു ബനഡിക്റ്റ്. ജന്മനാ ആരോഗ്യസ്ഥിതിമോശമെന്ന് കണ്ടതിനാല്‍ ജന്മദിനത്തില്‍ തന്നെ ജ്ഞാനസ്‌നാനം നല്‍കി. ലൂയിജി തടിക്കച്ചവടക്കാരനായിരുന്നെങ്കിലും മക്കളെയെല്ലാം സാമാന്യം നല്ലനിലയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഒന്നിച്ചുള്ള പ്രാര്‍ത്ഥനയും ഭക്ഷണവുമെല്ലാം നല്ല ഒരു ക്രൈസ്തവാന്തരീക്ഷം ഭവനത്തിലുളവാക്കി. മക്കള്‍ക്കെല്ലാം മതാത്മകവിദ്യാഭ്യാസം നല്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. അഞ്ചലോ എന്നു വിളിക്കപ്പെട്ടിരുന്ന ബനഡിക്റ്റ് എട്ടാമത്തെ വയസ്സുമുതല്‍ അള്‍ത്താരബാലനായി ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. അക്കാലഘട്ടത്തില്‍ തന്നെ ആദ്യകുര്‍ബ്ബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി. അനുദിനദിവ്യകാരുണ്യസ്വീകരണം സാധാരണമല്ലായിരുന്ന കാലഘട്ടത്തില്‍ 16-ാംമത്തെ വയസ്സുമുതല്‍ ആഞ്ചലോ പ്രതിദിനം ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നു.

നല്ല മാര്‍ക്കോടുകൂടി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പോര്‍ത്താനോവോ പട്ടണത്തില്‍ ഹൈസ്‌കൂള്‍ പഠനം നടത്തി. തുടര്‍ന്ന് മിലാനിലെ ഒരു ബാങ്കില്‍ കുറെ നാള്‍ ജോലിചെയ്തു. 1858 ല്‍ പാദുവായില്‍ നടത്തിയ ഒരു ദൈവവിളി ക്യാമ്പില്‍ പങ്കെടുത്ത ആഞ്ചലോ ദൈവത്തിന്റെ വി.യോഹന്നാന്റെ ദീനസേവന സഭയുമായി പരിചയപ്പെട്ടു. ആ സഭാംഗങ്ങളോടു ചേര്‍ന്ന് രോഗീപരിചരണം അഭ്യസിച്ചു. രോഗികളേയും നിരാലംബരേയും പരിചരിക്കുന്നത്, ഈശോയെ പരിചരിക്കുന്നതിനു തുല്ല്യമാണെന്നു ഗ്രഹിച്ച ബനഡിക്റ്റ് പ്രസ്തുത സഭയില്‍ അംഗമായി ചേര്‍ന്ന് ബനഡിക്റ്റ്‌മെന്നിയെന്നു പേരു സ്വീകരിച്ചു. ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം, ആതുരസേവനം എന്നീ വ്രതങ്ങള്‍ വ്ഗ്ദാനം ചെയ്തു. ലോദിയിലെ രൂപതാ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. തുടര്‍ന്ന് റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കി. 1866 ഒക്‌ടോബര്‍ 14 ന് വൈദീകപട്ടം സ്വീകരിച്ചു.

സ്‌പെയിന്‍, മെക്‌സിക്കോ, അമേരിക്ക മുതലായ സ്ഥലങ്ങളില്‍ വി.യോഹന്നാന്റെ ആതുരസേവനസഭയുടെ ഭവനങ്ങള്‍ സ്ഥാപിക്കാന്‍ ബനഡിക്റ്റ് മെന്നിയച്ചന്‍ നിയമിതനായി. 9-ാം പീയൂസ് പാപ്പാ അദ്ദേഹത്തെ ആശീര്‍വദിച്ചയച്ചു.

ആദ്യം സ്‌പെയിനില്‍ ആസ്പത്രികള്‍ തുടങ്ങാനാണ് മെന്നിയച്ചന്‍ തീരുമാനിച്ചത്. വിപ്ലവശേഷം സന്യാസഭവനങ്ങളെല്ലാം അടച്ചുപൂട്ടിയിരുന്ന കാലഘട്ടമായിരുന്നു അത്. എങ്കിലും കുറെനാള്‍ കാത്തിരുന്നശേഷം പ്രതിബന്ധങ്ങളെയെല്ലാം തരണംചെയ്ത് അദ്ദേഹം നിരവധി ആതുരാലയങ്ങള്‍ സ്‌പെയിനിലും ഫ്രാന്‍സിലും മെക്‌സിക്കോയിലും സ്ഥാപിച്ചു.

ആതുരശുശ്രൂഷയും ദീനാനുകമ്പയും അര്‍ഹിക്കുന്ന അനേകം സ്ത്രീകള്‍ യൂറോപ്യന്‍ സമൂഹത്തിലുണ്ടെന്ന് ഗ്രഹിച്ച മെന്നിയച്ചന്‍ ദീനസേവന സമൂഹത്തിന് ഒരു സന്യാസിനീ വിഭാഗവും ആരംഭിച്ചു. റോമിന്റെ അനുവാദത്തോടുകൂടി മാന്‍ഡ്രിഡില്‍ ആദ്യത്തെ ദീനസേവന സന്യാസിനീ ഭവനം 1900 മാണ്ടടുത്ത് സ്ഥാപിതമായി. ഓരോ വ്യക്തിയിലും ഈശോയെ ദര്‍ശിച്ചു ശുശ്രൂഷ ചെയ്യാന്‍ അദ്ദേഹം സഹോദരിമാരെ ഉല്‍ബോധിപ്പിച്ചു. പെട്ടന്ന് ഈ സമൂഹം വളര്‍ന്ന് ലോകമെങ്ങും ശുശ്രൂഷചെയ്യുന്ന ഒരു വലിയ സ്ഥാപനമായിത്തീര്‍ന്നു.

തീഷ്ണതയേറിയ പ്രാര്‍ത്ഥനയും ദൈവൈക്യവും ജീവിതക്ലേശങ്ങളുടെ മദ്ധ്യത്തിലും ധീരതയോടെ മുന്നോട്ട് പോകാന്‍ ബനഡിക്റ്റിനെ ധൈര്യപ്പെടുത്തി. മുപ്പത്താറു വര്‍ഷത്തെ അക്ഷീണയക്‌നങ്ങള്‍ക്കുശേഷം 1914 ഏപ്രില്‍ 245 ന് മെന്നിയച്ചന്‍ ദിവംഗതനായി. 1985 ല്‍ വാഴ്ത്തപ്പെട്ടവനായും, 1999 നവംബര്‍ 21 ന് വിശുദ്ധനായും നാമകരണം ചെയ്തു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70568