വി. കാഥറിന്‍ ലബൂര്‍

ഫ്രാന്‍സിലെ ബര്‍ഗന്റിയില്‍ 1806-ലാണ് ഒരു കര്‍ഷകന്റെ 11 മക്കളില്‍ 9-ാമത്തെ കുട്ടിയായി കാഥറിന്‍ ജനിച്ചത്.  ചെറുപ്പം മുതല്‍ തീക്ഷണത നിറഞ്ഞ ഭക്തി അഭ്യസിച്ചിരുന്നു. അനേകം മൈല്‍ കാല്‍നടയായി സഞ്ചരിച്ചാണ്, പ്രതിദിനം പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നത്. അസാധാരണമായ പ്രാര്‍ത്ഥനാനുഭവം ബാല്യം മുതല്‍ക്കേ കാഥറിന് ഉണ്ടായിരുന്നു. അവള്‍ക്ക് എട്ടുവയസ്സുള്ളപ്പോള്‍ അമ്മ നിര്യാതയായി. പിതാവിന്റെ ഇഷ്ടക്കേട് അവഗണിച്ചുകൊണ്ട് അവള്‍  ' ഉപവിയുടെ സഹോദരികള്‍'  എന്ന സന്ന്യാസിനി സമൂഹത്തില്‍ ചേര്‍ന്നു. അന്നുമുതല്‍ പ്രാര്‍ത്ഥനയിലും പരിഹാരപ്രവര്‍ത്തികളിലും കാഥറിന്‍ കൂടുതല്‍ വ്യാപൃതയായി. പ്രാര്‍ത്ഥനാ ജീവിതത്തില്‍ മുന്നേറിയ കാഥറിന് അതിസ്വാഭാവികമായ പല ദര്‍ശനങ്ങളും ഉണ്ടായി. വി.കുര്‍ബാനയില്‍ കര്‍ത്താവിനെ അവള്‍ യഥാര്‍ത്ഥത്തില്‍ കണ്ടുകൊണ്ടിരുന്നു. ത്രിത്വത്തിന്റെ ഞായറാഴ്ച ക്രിസ്തുരാജന്റെ പ്രത്യേകമായ ദര്‍ശനം അവള്‍ക്കുണ്ടായി.

ദൈവമാതാവിന്റെ മൂന്നു ദര്‍ശനങ്ങള്‍ അവള്‍ക്ക് സിദ്ധിച്ചു. രണ്ടാമത്തെ ദര്‍ശനമാണ് പ്രധാനപ്പെട്ടത്. ആദര്‍ശനത്തില്‍ കന്യകാമറിയം. സര്‍പ്പത്തിന്റെതലയില്‍ ചവിട്ടിനില്‍ക്കുന്നതും ഇരുകരങ്ങളും മലര്‍ക്കെ തുറന്നു പിടിച്ചിരിക്കുന്നതും അവയില്‍ നിന്നു രശ്മികള്‍ വീശുന്നതും ചുറ്റുമായി നീണ്ടവൃത്താകൃതിയില്‍, സ്വര്‍ണ്ണലിപികളില്‍ 'പാപം കൂടാതെ ഉത്ഭവിച്ച മറിയമേ, അങ്ങില്‍ അഭയം തേടുന്ന ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണേ '  എന്ന് എഴുതിയിരിക്കുന്നതും കണ്ടു. അതോടൊപ്പം അവള്‍ കേട്ടസ്വരമിതാണ്.  'ഈ ദര്‍ശനത്തിന്റെ രീതിയില്‍ ഒരു മെഡലുണ്ടാക്കുക.ശരണത്തോടുകൂടി ധരിക്കുന്നവര്‍ക്ക് അതുവഴി ധാരാളം അനുഗ്രഹങ്ങള്‍ സിദ്ധിക്കും' മെഡലിന്റെ മറുവശത്ത്  'എം'  എന്ന അക്ഷരവും അതിനുമുകളില്‍ കുരിശും ഇരുവശങ്ങളില്‍ മുള്‍മുടി വലയം ചെയ്തിട്ടുള്ള ഈശോയുടെ തിരുഹൃദയവും, പുഷ്പമുടി വലയം ചെയ്തിട്ടുള്ളതും ഒരു വാള്‍കൊണ്ടു പിളര്‍ക്കപ്പെട്ടതുമായ കന്യകാമറിയത്തിന്റെ ഛായയും ചിത്രീകരിച്ചിരിക്കണം. ഈ മെഡല്‍ വഴി നിരവധി അത്ഭുതങ്ങള്‍ നടന്നതിനാല്‍  'അത്ഭുത മെഡല്‍'  എന്ന പേരില്‍ ഇന്നും ഇത് ക്രൈസ്തവ ലോകത്ത് പ്രചാരത്തിലിരിക്കുന്നു. 1842-ല്‍ നടന്ന അല്‍ഫോണ്‍സ് എന്ന യഹൂദന്റെ മാനസാന്തരം സുപ്രസിദ്ധമാണ്

വിനയാന്വിതയായ കാഥറിന്‍ ദൈവമാതാവു നല്‍കിയ ദര്‍ശനങ്ങളെയും നിര്‍ദ്ദേശങ്ങളെയുംപറ്റി ആത്മീയപിതാവിനോടല്ലാതെ ആരോടും പറഞ്ഞിരുന്നില്ല. തന്‍നിമിത്തം അത്ഭുതമെഡലിന്റെ ആരംഭക കാഥറിനാണെന്ന് അവളുടെ ജീവിതകാലത്ത് ആരും മനസ്സിലാക്കിയില്ല.

ഉന്നതമായ തന്റെ പ്രാര്‍ത്ഥനാരീതിയെപ്പറ്റി കാഥറിന്‍ തന്നെ പറഞ്ഞിട്ടുള്ളതും  ശ്രദ്ധേയമാണ്. 'ഞാന്‍ ദൈവസന്നിധിയില്‍ നിന്ന് അവിടുത്തോടു പറയും, കര്‍ത്താവേ ഇതാ ഞാന്‍ അങ്ങുതിരുമനസ്സാകുന്നത് എനിക്കു തരിക. എന്തെങ്കിലും തന്നാല്‍ സന്തുഷടയായി, ഞാന്‍ നന്ദി പറയുന്നു. ഒന്നും തന്നില്ലെങ്കിലും ഞാന്‍ നന്ദി പറയും, കാരണം ഞാന്‍ ഒന്നിനും അര്‍ഹയല്ല. എന്റെ ചിന്തകള്‍ ഞാന്‍ അവിടുത്തെ അറിയിക്കും. ഞാന്‍ അവിടുത്തെ ശ്രവിക്കും'

ദൈവസ്‌നേഹപൂരിതയായി 1876-ല്‍ മരണമടഞ്ഞ കാഥറിനെ 1947-ല്‍ വിശുദ്ധയായി നാമകരണം ചെയ്തു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 70568