വി.ഫ്രാന്‍സെസ്സ് (1384-1440)

1384-ല്‍ കുലീനരായ മാതാപിതാക്കളില്‍ നിന്ന് ഫ്രാന്‍സെസ്സ് ജനിച്ചു. ജന്മനാട് ഇറ്റലിയായിരുന്നു. ചെറുപ്പം മുതലുള്ള അഭിലാഷമായിരുന്നു സന്ന്യാസ ജീവിതം. എന്നാല്‍ മാതാപിതാക്കളുടെ അഭീഷ്ടത്തിന് കീഴ്‌വഴങ്ങി 1396-ല്‍ ഒരു റോമന്‍ പ്രഭുവായ ലോറന്‍സ് പൊന്‍സാനിയെ ഭര്‍ത്താവായി സ്വീകരിച്ചു.

 വിവാഹിതപ്രഭ്വിയായിരുന്നെങ്കിലും ഭൗമികാഡംബരങ്ങളില്‍ നിന്നകന്ന് പ്രാര്‍ത്ഥന,ധ്യാനം, ദിവ്യകാരുണ്യസന്ദര്‍ശനം എന്നിവയിലാണ് ഫ്രാന്‍സെസ്സ് ആനന്ദം കണ്ടെത്തിയത്. 40 വര്‍ഷത്തെ ജീവിതത്തില്‍ ഭര്‍ത്തൃഹിതത്തിന് വിപരീതമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. വിവാഹിതയായ സ്ത്രീ എന്തിനെങ്കിലും വിളിക്കപ്പെട്ടാല്‍ ഭക്താഭ്യാസങ്ങള്‍ നിറുത്തിവച്ച് കുടുംബജോലികളില്‍ ദൈവത്തെ ദര്‍ശിക്കണം എന്നാണ് ഫ്രാന്‍സെസ്സ് പറഞ്ഞിരുന്നത്. പറഞ്ഞിരുന്ന കാര്യം അവള്‍ പ്രാവര്‍ത്തികമാക്കി. ഒരിക്കല്‍ ഒരു സങ്കീര്‍ത്തനം ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ നാല് പ്രാവശ്യം ഓരോ കാര്യത്തിന് വിളിക്കപ്പെട്ടു. ഓരോ പ്രാവശ്യവും സങ്കീര്‍ത്തനം തുടങ്ങിയപ്പോള്‍ പ്രഥമ വാക്യം തങ്കലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നത് കണ്ടു.

 ഭര്‍ത്താവിന്റെ നിര്യാണത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരീരിക പ്രാശ്ചിത്തങ്ങള്‍ക്ക് അവള്‍ അനുവാദം വാങ്ങി. അന്നുമുതല്‍ വിശിഷ്ടഭോജ്യങ്ങള്‍ ത്യജിച്ച് ഭിക്ഷക്കാരുടെ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. മുള്ളരഞ്ഞാണം കുറെക്കാലം കെട്ടി. പക്ഷേ, താമസിയാതെ ആദ്ധ്യാത്മികപിതാവ് അത് വിലക്കി. കുട്ടികളെ വിശുദ്ധരായി വളര്‍ത്താന്‍ പരമാവധി ശ്രമിച്ചു. കുരിശുകളുടെ പാതയിലൂടെയാണ് നടന്നുനീങ്ങിയത്.

 1413-ല്‍ നേപ്പിള്‍സ് രാജാവ് ലദിസ്‌ളസ്സ് റോമാനഗരം ആക്രമിക്കുകയും ഫ്രാന്‍സെസ്സിന്റെ ഭര്‍ത്താവിനെ നാടുകടത്തുകയും മകന്‍ ജോണ്‍ ബാപ്റ്റിസിനെ ജാമ്യത്തടവുകാരനായി കൊണ്ടുപോവുകയും ചെയ്തു. കോണ്‍സ്റ്റാന്‍സ് സൂനഹദോസിനു ശേഷം സമാധാനം ഉണ്ടായി. ഭര്‍ത്താവ് സ്വദേശത്തേയ്ക്കു മടങ്ങി. സ്വത്തുക്കളെല്ലാം തിരികെ ലഭിച്ചു. 

 ഫ്രാന്‍സെസ്സുമുഖേന ലഭിച്ച ദൈവാനുഗ്രഹങ്ങള്‍ പരിഗണിച്ചുകൊണ്ട് ഭര്‍ത്താവ് പ്രായശ്ചിത്തമാര്‍ഗ്ഗത്തിലൂടെ മുന്നേറുവാനും താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒബ്ലൈറ്റ്‌സ് എന്ന സന്യാസിനീസമൂഹം ആരംഭിക്കുവാനും അവള്‍ക്ക് അനുവാദം നല്‍കി.

 1433-ല്‍ പുതിയ സഭ ആരംഭിച്ചു. 1437-ല്‍ എവുജേനിയാസ് 4-ാമന്‍ പാപ്പാ അതിന് അംഗീകാരം നല്‍കി. റോമില്‍ സഭയുടെ മാതൃഭവനം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേരില്‍ നിന്ന് കൊള്ളാറ്റിന്‍സ് എന്ന് ഈ സഭയ്ക്ക് പേരുണ്ടായി. ഭര്‍ത്താവിന്റെ മരണശേഷം കഴുത്തില്‍ ഒരു കയറുകെട്ടി നഗ്നപാദയായി നടന്ന് മഠത്തിലെത്തി സാഷ്ടാംഗം പ്രണമിച്ച് തന്നെയും അവരുടെ കൂടെ ചേര്‍ക്കണമെന്ന് സഹോദരിമാരോട് അഭ്യര്‍ത്ഥിച്ചു.

 1437 മാര്‍ച്ച് 21-ാം തീയതി അവള്‍ സഭാവസ്ത്രം സ്വീകരിച്ചു. സഭയിലെ എളിയ ജോലികള്‍ ചെയ്തു ജീവിക്കാനാശിച്ചു. എന്നാല്‍ സഭാംഗങ്ങള്‍ അവളെ മഠാധിപയായി തെരഞ്ഞെടുത്തു.

 ഹ്രസ്വമായ സന്ന്യാസ ജീവിതത്തിനിടയില്‍ നിരവധി അതിസ്വാഭാവികാനുഗ്രഹങ്ങള്‍ അവള്‍ക്ക് ലഭിച്ചു. കാവല്‍മാലാഖ അവളോട് നേരിട്ട് സംസാരിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. വി.കുര്‍ബ്ബാന സ്വീകരണത്തിന് ശേഷം പാരവശ്യമുണ്ടാകുക സാധാരണ സംഭവമായിരുന്നു. 1440 മാര്‍ച്ച് 9-ാം തിയതി 56-മത്തെ വയസ്സില്‍ ഫ്രാന്‍സെസ്സ് നിര്യാതയായി. 1608-ല്‍ അഞ്ചാം പീയൂസ് പാപ്പാ ഫ്രാന്‍സെസ്സിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ഉത്തമമായ ദാമ്പത്യജീവിതത്തിനും ദിവ്യകാരുണ്യഭക്തിക്കും വി.ഫ്രാന്‍സെസ്സിന്റെ ജീവിതം വളരെ പ്രചോദനം നല്‍കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109403