വി. എല്‍റെഡ് (1109-1167)

1109-ല്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ച എല്‍റെഡ് സ്‌കോട്ട്‌ലണ്ടിലെ ഭക്തനായ ഡേവിഡ് രാജാവിന്റെ ശുശ്രൂഷകനായിട്ടാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്പത്തിലേ സുശിക്ഷണം ലഭിച്ചവനായിരുന്നതുകൊണ്ട് രാജകൊട്ടാരത്തില്‍ എല്ലാവര്‍ക്കും സംപ്രീതനായിരുന്നു. വലിയ ശാന്തതയും പ്രസന്നതയും അദ്ദേഹത്തില്‍ വിളയാടിയിരുന്നു. രാജസന്നിധിയില്‍ അദ്ദേഹത്തെ ഒരിക്കല്‍ ഒരാള്‍ കുറ്റപ്പെടുത്തിയപ്പോള്‍ അക്ഷോഭ്യനായി അയാള്‍ക്ക് നന്ദി പറയുകയാണ് ചെയ്തത്. ആരെല്ലാം നിന്ദിച്ച് സംസാരിച്ചാലും ഭാവഭേദം കൂടാതെ ശാന്തമായും സ്‌നേഹമായും സംഭാഷണം തുടരുവാന്‍ എല്‍റെഡിനു കഴിഞ്ഞിരുന്നു.

കൊട്ടാരവാസികളോടുള്ള സ്‌നേഹം നിമിത്തം കുറെനാള്‍ ലോകസന്തോഷങ്ങളില്‍ തല്പരനായി കാണപ്പെട്ടു. എന്നാല്‍ മരണത്തെപ്പറ്റിയുള്ള ചിന്ത എല്ലാ ബന്ധത്തിലും ബന്ധനത്തിലും നിന്ന് അദ്ദേഹത്തെ വിമുക്തനാക്കി. കൊട്ടാരവാസം വെടിഞ്ഞ് യോര്‍ക്കുഷയറിലുള്ള സിസ്റ്റേഴ്‌സ്യയന്‍ ആശ്രമത്തില്‍ അദ്ദേഹം ചേര്‍ന്നു. നിയമങ്ങള്‍ കൃത്യമായി പാലിക്കുവാനും എല്ലാവര്‍ക്കും മാതൃകയായി വര്‍ത്തിക്കുവാനും എല്‍റെഡിനു കഴിഞ്ഞു. ദൈവസ്‌നേഹത്താല്‍ നിറഞ്ഞ് ദീര്‍ഘനേരം ദിവ്യകാരുണ്യസന്നിധിയില്‍ പ്രാര്‍ത്ഥിച്ചിരുന്നു.

'എന്റെ നല്ല ഈശോ, അങ്ങയുടെ സ്വരം എന്റെ ചെവിയില്‍ പതിക്കട്ടെ. അങ്ങയെ സ്‌നേഹിക്കേണ്ടതെങ്ങനെയെന്ന് എന്റെ ഹൃദയം പഠിക്കട്ടെ........അങ്ങയെ സ്‌നേഹിക്കുന്നവര്‍ അങ്ങയുടെ ഹൃദയം സ്വായത്തമാക്കുന്നു.' എന്നിങ്ങനെയാണ് ദിവ്യകാരുണ്യ സന്നിധിയില്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നത്. ദൈവവചനവും ഈശോയുടെ നാമവും ഇടകലരാത്ത ഗ്രന്ഥങ്ങള്‍ എനിക്കു വിരസമായിത്തോന്നിയെന്ന് 'ആദ്ധ്യാത്മികസ്‌നേഹമെന്ന' ഗ്രന്ഥത്തില്‍ അദ്ദേഹം രേഖപ്പെടുത്തി.

1142-ല്‍ റെവേസ്ബിയില്‍ പുതുതായി സ്ഥാപിക്കപ്പെട്ട ആശ്രമത്തിന്റെ ആബട്ടായി നിയമിതനായപ്പോള്‍ അത്യന്തം മനോവേദനയോടു കൂടിയാണ് എല്‍റെഡ് നിയമനം സ്വീകരിച്ചത്.

ഭൗമിക ഭക്ഷണത്തേക്കാള്‍ ദിവ്യകാരുണ്യമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. കഠിനാദ്ധ്വാനവും മൗനവുമായിരുന്നു ദിനചര്യ. പലകക്കഷണമായിരുന്നു നിദ്രാശയ്യ. പലപ്രാവിശ്യം മെത്രാന്‍ സ്ഥാനം വച്ചുനീട്ടിയെങ്കിലും ആശ്രമത്തിലെ ഏകാന്തതയും മൗനവും വെടിയാന്‍ സന്നദ്ധനായില്ല. കഠിനതപസ്സനുഷ്ഠിക്കുന്ന റിവോ ആശ്രമത്തിന്റെ ആബട്ടും 300 സന്യാസികളുടെ സുപ്പീറുമായിരുന്ന എല്‍റെഡ് 58-ാം മത്തെ വയസ്സില്‍ പരലോകപ്രാപ്തനായി.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969