വി.റാഫേല്‍ അര്‍നെയ്‌സ്ബാറോണ്‍ (1911-1938)

സ്‌പെയിനിലെ ബര്‍ഗോണില്‍ 1911 ഏപ്രില്‍ 9-ന് സാമാന്യം സമ്പന്നമായ ക്രിസ്തീയ ഭവനത്തിലാണ് റാഫേല്‍ ഭൂജാതനായത്. നാല് മക്കളില്‍ ഒന്നാമനായിരുന്നു റാഫേല്‍. ബാലനായ റാഫേല്‍ ഈശോ സഭാഗങ്ങളുടെ വിദ്യാശാലകളില്‍ പഠനം നടത്തി. ബാല്യത്തില്‍ തന്നെ ആദ്ധ്യാത്മികതയിലും കലയിലുമുള്ള മികവ് വ്യക്തമായിരുന്നു. തന്നിമിത്തം എല്ലാവരുടെയും വാത്സല്യത്തിനു പാത്രമായി.

ആവര്‍ത്തിച്ചുള്ള പനിയും ശ്വാസ കോശ സംബന്ധമായ രോഗങ്ങളും കൊണ്ട് വിദ്യാഭ്യാസം തടസ്സപ്പെട്ടു. രോഗവിമുക്തനായ റാഫേലിനെ പിതാവ് 'ഔവര്‍ ലേഡി ഓഫ് പില്ലറിന്' ദൈവശുശ്രൂഷയ്ക്കര്‍പ്പിക്കാനായി സര്‍ഗോസയിലേക്കു കൊണ്ടുപോയി. കുടുംബം ഓവിയോയിലേക്ക് മാറി താമസിച്ചു.

1930-ല്‍ റാഫേല്‍ മാഡ്രിഡില്‍ വാസ്തുവിദ്യ അഭ്യസിച്ചുതുടങ്ങി. ഈ വര്‍ഷമാണ് ഈശോയോടുള്ള ആഴമേറിയ സ്‌നേഹം റാഫേലില്‍ രൂപപ്പെട്ടത്. വേനലവധിക്കാലത്ത് അമ്മാവനോടും അമ്മായിയോടും ഒപ്പം ആവിലായില്‍ താമസിക്കാനിടയായി. അമ്മായി റാഫേലിനെ സാന്‍ ഇസിദോറോ ദിഡ്യൂന്തസിലെ ആശ്രമാധികാരികള്‍ക്ക് പരിചയപ്പെടുത്തി. അവിടുത്തെ പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ അന്തരീക്ഷവും ഭംഗിയും അദ്ദേഹത്തെ ആകര്‍ഷിച്ചു. അവിടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്കു യോഗ്യനല്ലെന്നു പ്രഖ്യാപിക്കപ്പെട്ടതിനാല്‍ മാഡ്രിഡിലെ പഠനം ത്യജിച്ച് 'പരമാത്മാവിന്റെ' രഹസ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിസ്റ്റേഴ്‌സ്യന്‍ ആശ്രമത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു.

1934 ജനുവരി 16-ന് സിസ്റ്റേഴ്‌സ്യന്‍ ആശ്രമത്തില്‍ ചേര്‍ന്നു. 23-ാം വയസ്സില്‍ എടുത്ത ഈ തീരുമാനം അദ്ദേഹത്തിന് സന്തോഷവും സംതൃ പ്തിയുമുളവാക്കി. ആശ്രമത്തിന്റെ അന്തരീക്ഷവും, ആരാധനയുടെ മണിക്കൂറുകളും, സ്തുതിഗീതങ്ങളും റാഫേലിന് ദൈവാനുഭൂതിയുടെ നിമിഷങ്ങളായിരുന്നു. ദിവ്യകാരുണ്യനാഥനോടുള്ള സ്‌നേഹംകൊണ്ട് ജ്വലിച്ച റാഫേല്‍ അവിടുത്തേക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി.

ആശ്രമത്തില്‍ അന്തേവാസിയായിട്ട് 4മാസം പിന്നിട്ടപ്പോള്‍ അദ്ദേഹം ഗുരുതരമാംവിധം രോഗബാധിതനായി. തന്നിമിത്തം ചികിത്സക്കായി വീട്ടിലേയ്ക്കു പോയി. 1935-37 കാലഘട്ടത്തില്‍ പലതവണ വീട്ടിലേയ്ക്കും ആശ്രമത്തിലേയ്ക്കും രോഗപീഠമൂലം യാത്ര ചെയ്യേണ്ടിവന്നു. അന്തിമമായി ആശ്രമത്തിലെത്തിയ അദ്ദേഹം സമൂഹസുസ്ഥിതിക്കായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞ ചെയ്തു. അന്നു നിലവിലുള്ള കാനന്‍ നിയമപ്രകാരം അനാരോഗ്യമുള്ളവര്‍ക്ക് ആശ്രമവാസികള്‍ക്കുള്ള വ്രതം എടുക്കുവാന്‍ പാടില്ലായിരുന്നു.

1938 ഏപ്രില്‍ 26-ാം തീയ്യതി 27-ാമത്തെ വയസ്സില്‍ ബാധിച്ച രോഗം നിമിത്തം അദ്ദേഹത്തെ ആശ്രമത്തിലെ പ്രഥമ ശുശ്രൂഷാ കേന്ദ്രത്തിലേക്കു മാറ്റി. താമസിക്കാതെ അദ്ദേഹം മൃതിയടഞ്ഞു. മൃതശരീരം ആശ്രമം സെമിത്തേരിയില്‍ സംസ്‌കരിച്ചെങ്കിലും പിന്നീട് ആബി ദേവാലയത്തിലേയ്ക്കു മാറ്റി സ്ഥാപിക്കുകയുണ്ടായി.

ഹ്രസ്വമായിരുന്ന റാഫേലിന്റെ ജീവിതം പലതരത്തിലുള്ള സഹനങ്ങള്‍ നിറഞ്ഞതായിരുന്നു. സ്വാഭിലാഷത്തെ ത്യജിക്കാനുള്ള സാഹചര്യങ്ങളാണ് പലപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നത്. സ്‌നേഹത്തിനുവേണ്ടി ജീവിക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ദിവ്യകാരുണ്യനാഥനോടും, പരിശുദ്ധ അമ്മയോടും, കുരിശിനോടും ആശ്രമത്തോടുള്ള സ്‌നേഹം അദ്ദേഹം കാത്തു പരിപാലിച്ചു..

റാഫേലിന്റെ വിശുദ്ധിയെപ്പറ്റിയുള്ള വാര്‍ത്ത വേഗം സ്‌പെയിനില്‍ പരന്നു. മാദ്ധ്യസ്ഥം തേടിയവര്‍ അനുഗ്രഹീതരായി. 1992 സെപ്തം.27-ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രഖ്യാപിച്ചു, 2009 ഒക്.14 ന് 16-ാം ബനഡിക്റ്റ് പാപ്പാ അദ്ദേഹത്തെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589