ദൈവദാസി മാര്‍ഗ്ഗരെറ്റ് സിന്‍ക്ലയര്‍ (1900-1925)

സ്‌കോട്ട്‌ലണ്ടില്‍ മതമര്‍ദ്ദനവും പട്ടിണിയും രൂക്ഷമായപ്പോള്‍ ഐര്‍ലണ്ടിലേയ്ക്ക് പല കുടുംബങ്ങളും കുടിയേറിപ്പാര്‍ത്തു. ഇപ്രകാരമുള്ള ഒരു കുടുംബമായിരുന്നു മാര്‍ഗ്ഗരറ്റിന്റേത്. എഡിന്‍ ബറോയില്‍ താമസിച്ചിരുന്ന ഭക്ത കുടുംബത്തിലെ ആറു കുട്ടികളില്‍ ഒരാളാണ് മാര്‍ഗ്ഗരറ്റ്. 1900-ല്‍ ഭൂജാതയായ മാര്‍ഗ്ഗരറ്റ് സുശിക്ഷിതയായി വളര്‍ന്നു വന്നു.

ഇടവകയിലെ സ്‌കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്. പഠനത്തില്‍ സമര്‍ത്ഥയായിരുന്ന മാര്‍ഗ്ഗരറ്റ് കായികവിനോദങ്ങളിലും തല്പരയായിരുന്നു. ഓട്ടം, നീന്തല്‍ എന്നിവയോടും അവള്‍ പ്രത്യേക ആഭിമുഖ്യം പുലര്‍ത്തി. നൃത്തവും അവള്‍ക്ക് പ്രിയങ്കരമായിരുന്നു. 14-ാമത്തെ വയസ്സില്‍  വീട്ടുസാമഗ്രികള്‍ നിര്‍മ്മിക്കുന്ന ഒരു തൊഴില്‍ ശാലയില്‍ അവള്‍ ജോലി ചെയ്തു തുടങ്ങി. തിരക്കേറിയ കര്‍മ്മ പരിപാടികളുണ്ടായിരുന്നെങ്കിലും അനുദിനം അവള്‍ ദിവ്യബലിയില്‍  സംബന്ധിച്ചിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തുവാനും വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ വായിക്കുവാനും  അവള്‍ സമയം കണ്ടെത്തി.

വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചു നടന്നിരുന്ന ഒരു യുവാവിനെ അവള്‍ സത്യവിശ്വാസത്തിലേയ്ക്കാനയിച്ചു. അത് അവള്‍ക്ക് ഒരു കെണിയും  പ്രതിസന്ധിയും പോലെ ആയിത്തീര്‍ന്നു. പ്രസ്തുത യുവാവ് മാര്‍ഗ്ഗരെറ്റിനെ വധുവായി കിട്ടാനാഗ്രഹിച്ചു. അവള്‍ വിസമ്മതിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് അവന്‍ ശപഥം ചെയ്തു. മാര്‍ഗ്ഗരറ്റ് വിവാഹം കാംക്ഷിച്ചില്ല. ദരിദ്രയായ ക്ലാരയുടെ സഭയിലെ ഒരംഗമായിത്തീര്‍ന്ന്, ബാഹ്യശുശ്രൂഷകള്‍ ചെയ്യുന്ന ഒരു സഹോദരിയായിരിക്കാനാണ് അവള്‍ ആഗ്രഹിച്ചത്.

ദിവ്യകാരുണ്യനാഥന്‍ എല്ലാകാര്യങ്ങളും ഭംഗിയായി സാധിച്ചു കൊടുത്തു. എല്ലാപ്രശ്‌നങ്ങളും വേഗം പര്യവസാനിച്ചു. മാര്‍ഗ്ഗരെറ്റ് ക്ഷയരോഗബാധിതയാണെന്നു വൈദ്യപരിശോധനയില്‍ വ്യക്തമായി. രോഗാവസ്ഥയില്‍ കഠിനമായ ഏകാന്തതയും പരിത്യക്തതാബോധവും അവള്‍ക്കനുഭവപ്പെട്ടു. എങ്കിലും എല്ലാ വേദനയും ദുഃഖവും പാപികളുടെ മാനസാന്തരത്തിനുവേണ്ടി  സമര്‍പ്പിച്ച മാര്‍ഗ്ഗരെറ്റ് ഒരിക്കലും പരാതിപ്പെട്ടില്ലെന്നുമാത്രമല്ല, പുഞ്ചിരിക്കുന്നവളായി കാണപ്പെടുകയും ചെയ്തു. പ്രത്യേകമായ ആന്തരിക വരങ്ങളുമായി ദൈവം അവളെ സമീപിച്ച് ആശ്വാസമരുളി. 'ഈശോ, മറിയം യൗസേപ്പേ എന്റെ ഹൃദയത്തെയും ആത്മാവിനെയും നിങ്ങള്‍ക്കു ഞാന്‍ സമര്‍പ്പിക്കുന്നു.' എന്നുള്ള പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് 1925 നവംബര്‍ 24-ാം തീയ്യതി അവള്‍ പരലോക പ്രാപ്തയായി. അവളുടെ ആന്തരിക സൗന്ദര്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് അവളുടെ സുഹൃത്തായിരുന്ന വൈദീകന്‍ ഒരു ലഘുഗ്രന്ഥം രചിച്ചു. അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു.

' ദിവ്യകാരുണ്യ സ്വീകരണം നമ്മിലുള്ള നമ്മുടെ കര്‍ത്താവിന്റെ ജീവിതവും മരണവുമായതുകൊണ്ട് നമ്മുടെ എല്ലാ സുകൃതങ്ങളും പ്രവര്‍ത്തനങ്ങളും സ്‌നേഹത്തിന്റെ കൂദാശയിലേയ്ക്ക് സന്നിവേശിപ്പിക്കേണ്ടതാണ്.'

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88956