ഹങ്കറിയിലെ വി.എലിസബത്ത് രാജ്ഞി (1207-1231)

പാവങ്ങളോടുള്ള പക്ഷം ചേരല്‍ ഹങ്കറിയിലെ വി.എലിസബത്ത് രാജ്ഞി (1207-1231)  (ഫ്രാന്‍സി. മൂന്നാം സഭാംഗം)

1207-ല്‍ ഹങ്കറിയിലെ അലക്‌സാണ്ടര്‍ രണ്ടാമന്‍ രാജാവിന്റെ മകളായിട്ട് എലിസബത്ത് ജനിച്ചു. മൂന്ന് വയസ്സായപ്പോള്‍ തുറിഞ്ചിയ-ഹെസ്സെ പ്രദേശങ്ങളുടെ അധിപന്‍ തന്റെ മകന്‍ ലൂയിസ്സിന്റെ ഭാവി പത്‌നിയാകുവാന്‍ എലിസബത്തിനെ കൊട്ടാരത്തിലേയ്ക്കു കൊണ്ടു വന്നു. ലൂയിസും എലിസബത്തും സ്‌നേഹം, ഭക്തി, ഉപവി പ്രവൃത്തികള്‍ എന്നിവയില്‍ ജാകരൂകരായി വളര്‍ന്നുവന്നു. ഇടയ്ക്കിടെ ദേവാലയത്തിലെത്തി ബലിപീഠത്തിന്‍ മുമ്പില്‍ പ്രാര്‍ത്ഥനാലീനയായി നില്‍ക്കും. ദേവാലയത്തില്‍ മറ്റാരുമിെല്ലങ്കില്‍ സാഷ്ടാംഗം വീണ് ആരാധിക്കും. അങ്ങനെ ദിവ്യകാരുണ്യ നാഥന്റെ നേര്‍ക്കുള്ള സ്‌നേഹവും ഭക്തിയും അവളില്‍ വളര്‍ന്നു. കര്‍ത്താവിനോടുള്ള സ്‌നേഹം നിമിത്തം ദരിദ്രരെയും രോഗികളെയും പരിചരിക്കുന്നതില്‍ അവള്‍ സന്തോഷം കണ്ടെത്തി. എന്നാല്‍ എലിസബത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തയായ മാതാവ് അവളെ തിരിച്ചയക്കാന്‍ ലൂയിസ്സിനെ നിര്‍ബന്ധിച്ചു. എങ്കിലും പിതാവിന്റെ മരണ ശേഷം രാജ്യഭരണം ഏറ്റെടുക്കുകയും എലിസബത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. സന്തോഷപ്രദമായിരുന്നു കുടുംബ ജീവിതം.

      സ്വത്ത് ദരിദ്രര്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താനുള്ള ഒരു വസ്തുവായിട്ടാണ് എലിസബത്ത് കണ്ടത്. കഷ്ടപ്പെടുന്നവരെ സന്ദര്‍ശിച്ചാശ്വസിപ്പിക്കാന്‍ സദാ ജാഗരൂകയായിരുന്നു. പല ആസ്പത്രികള്‍ സ്ഥാപിച്ച് രോഗികളെ പരിചരിച്ചിരുന്നു. ഒരിക്കല്‍ ദരിദ്രര്‍ക്കായി കുറെ സാധനങ്ങള്‍ കൊണ്ടുപോകുന്ന രാജ്ഞിയെ രാജാവു കണ്ടു. വലിയ ഭാരം രാജ്ഞി വഹിക്കുന്നുണ്ടെന്നു തോന്നിയ രാജാവ് ഭാണ്ഡം തുറന്നു നോക്കിയപ്പോള്‍ വെളുത്തതും ചുവന്നതുമായ കുറെ പൂക്കള്‍ മാത്രമാണ് കണ്ടത്. പൂക്കള്‍ വിരിയുന്ന കാലമല്ലായിരുന്നു. വിസ്മയം തോന്നിയ രാജാവ് അതിലൊരെണ്ണം എടുത്ത ശേഷം രാജ്ഞിയെ മുന്നോട്ട് പോകാന്‍ അനുവദിച്ചു.

          1125-ല്‍ രാജാവ് ഇറ്റലിയില്‍ ഒരു യോഗത്തില്‍ പോയപ്പോള്‍ നാട്ടില്‍ വെള്ളപ്പൊക്കവും രോഗബാധകളുമുണ്ടായി. രാജ്ഞി അനുദിനം 900 പേര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. ആഭരണങ്ങളും പട്ടുവസ്ത്രങ്ങളും ഇതിനുവേണ്ടി വിനിയോഗിച്ചു.

         1127-ല്‍ ലൂയിസ് കുരിശുയുദ്ധത്തിനു പുറപ്പെട്ടപ്പോള്‍ 4-ാമത്തെ ശിശുവിനെ ഗര്‍ഭം ധരിച്ചിരുന്ന രാജ്ഞി കുറെ വഴി രാജാവിനെ അനുയാത്ര ചെയ്തു. ഇനി ഭര്‍ത്താവിനെ കാണുകയില്ലെന്നു രാജ്ഞി ചിന്തിച്ചിരുന്നു. ദക്ഷിണ ഇറ്റലിയില്‍ വച്ച് ടൈഫോയിഡ് പിടിപെട്ടു രാജാവു മൃതനായി.

        ധനം ദുര്‍വ്യയം ചെയ്‌തെന്ന് ആരോപിച്ച് ദുഃഖിതയായ എലിസബത്തിന്റെ ഭര്‍ത്താവിന്റെ ചാര്‍ച്ചക്കാര്‍ കൊട്ടാരത്തില്‍ നിന്നും അവളെ പുറംതള്ളി. തണുപ്പും വിശപ്പും സഹിച്ച് പിഞ്ചു കുഞ്ഞിനോടുകൂടി എലിസബത്ത് തെരുവിലൂടെ അലഞ്ഞുനടന്നു. ഭര്‍ത്താവിന്റെ സ്‌നേഹിതര്‍ തിരിച്ചെത്തിയപ്പോള്‍ എലിസബത്തിനെ വീണ്ടും കൊട്ടാരത്തില്‍ താമസിപ്പിച്ചു.

       ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഫ്രഡറിക് രണ്ടാമന്‍ വിവാഹാഭ്യര്‍ത്തനയുമായി എലിസബത്തിനെ സമീപിച്ചു. പക്ഷെ അവള്‍ സമ്മതിച്ചില്ല. മക്കള്‍ക്ക് യോഗ്യമായ വിദ്യാഭ്യാസം നല്‍കിയശേഷം എലിസബത്ത് മാര്‍ബര്‍ഗിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തിനു സമീപം വേലക്കാരികളോടൊത്തു താമസിച്ച് രോഗീപരിചരണം നടത്തിപ്പോന്നു. അതറിഞ്ഞു സന്തുഷ്ടനായി വി.ഫ്രാന്‍സിസ് തന്റെ മേലങ്കി രാജ്ഞിക്കു കൊടുത്തുവിട്ടു. തുടര്‍ച്ചയായ പ്രായശ്ചിത്തവും രോഗീപരിചരണവും എലിസബത്തിനെ രോഗിണിയാക്കി. നാലു ദിവസം ശയ്യാവലംബിയായിക്കിടന്ന എലിസബത്ത് 1231 നവംബര്‍ 19-ാം തീയ്യതി പരലോക പ്രാപ്തയായി. 1235 ല്‍ ഗ്രിഗറി 4-ാമന്‍ പാപ്പാ എലിസബത്തിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

       ദരിദ്രരെയും പതിതരെയും തന്റെ പക്കല്‍ സ്വീകരിച്ച് ദിവ്യകാരുണ്യനാഥന്റെ മാതൃകയില്‍ ജീവിച്ച എലിസബത്തിന്റെ ജീവിതം; സമ്പത്തും പദവിയുമെല്ലാം സഹോദര ശുശ്രൂഷയ്ക്കു വിനിയോഗിക്കാന്‍ പ്രേരണ നല്‍കുന്നു.

     'ദിവ്യകാരുണ്യ സ്വീകരണം കൃപയും മാതൃകയും എല്ലാ സുകൃതങ്ങളുടെയും അഭ്യാസവുമാണ്. അതുവഴി ഈശോ തന്നെതന്നെയും തന്റെ ചൈതന്യത്തെയും സുകൃതങ്ങളെയും നമ്മില്‍ രൂപപ്പെടുത്തുന്നു.'

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141476