വാഴ്ത്ത.അന്നമരിയ ഷാവുയെ (1779-1851)

1779 നവംബര്‍ 10-ാം തീയതി ഫ്രാന്‍സിലെ ബര്‍ഗണ്ടിയില്‍ അന്ന മരിയ ഭൂജാതയായി. മാതാപിതാക്കള്‍ പാവപ്പെട്ട കൃഷിവേലരായിരുന്നു. ജനനത്തിന്റെ പിറ്റേദിവസം കുട്ടിക്കു ജ്ഞാനസ്‌നാനം നല്‍കി. ജ്ഞാനസ്‌നാന നാമം അന്ന എന്നായിരുന്നെങ്കില്‍ 'നന്നേത്തി' എന്ന ഓമനപ്പേരില്‍ അവള്‍ അറിയപ്പെട്ടു. ബുദ്ധിമതിയും വിനോദപ്രിയയും ഉത്സാഹശീലയുമായി വളര്‍ന്നു വന്ന നന്നേത്തിയെ എല്ലാവരും ഇഷ്ടപ്പെട്ടു.

ചെറുപ്പം മുതലേ ആത്മസംയമനം അവള്‍ പാലിച്ചിരുന്നു. ഒരിക്കല്‍ ഒളുവില്‍ അടുക്കളയില്‍ നിന്ന് അല്പം നല്ല വീഞ്ഞെടുത്തു കുടിച്ചത് വേലക്കാരിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലാക്കിയ അന്ന 'മേലില്‍ വീഞ്ഞു തൊടുകയില്ലെ'ന്ന് ശപഥം ചെയ്തു. മരണം വരെ ശപഥം പാലിക്കാന്‍ അവള്‍ ശ്രമിച്ചു.

ഭക്തരായ മാതാപിതാക്കള്‍ ഒമ്പതാമത്തെ വയസ്സില്‍ നന്നേത്തിയുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തിച്ചു. യുവ കോമളാംഗിയായി വളര്‍ന്നു വന്ന നന്നേത്തിയില്‍ പലരും ആകൃഷ്ടരായി. വിവാഹാലോചനയുമായി വന്ന ഒരു യുവാവിനോട് താന്‍ ഈശോയുടെ മണവാട്ടിയായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചു. യുവാവിനെ ഉപദേശിച്ച് ദൈവത്തിനുവേണ്ടി സമര്‍പ്പണം ചെയ്യുന്നതിന്റെ ആനന്ദം അനുഭവിച്ചറിയാന്‍ അവള്‍ സഹായിച്ചു. താമസിയാതെ അവന്‍ ഒരു ട്രാപ്പിസ്റ്റു സന്യാസിയായി.

മതമര്‍ദ്ദനം ആരംഭിച്ച കാലമായിരുന്നു അത്. ഫ്രഞ്ചു വിപ്ലവകാരികള്‍ വൈദീകരെ ഇടവകകളില്‍നിന്നു ബഹിഷ്‌കരിക്കുകയും സകലവിധമതാനുഷ്ഠാനങ്ങളും നിരോധിക്കുകയും ചെയ്തു. പക്ഷേ മത വിശ്വാസത്തില്‍ വളര്‍ന്ന നന്നേത്തി മര്‍ദ്ദിതരായ വൈദീകരെ രാത്രി സമയം ബലിയര്‍പ്പിക്കുവാന്‍ രഹസ്യ സങ്കേതങ്ങളില്‍ എത്തിക്കുക, രോഗികളുടെ മരണകിടക്കയുടെ അടുക്കലേയ്ക്കു നയിക്കുക മുതലായ ധീരകൃത്യങ്ങളില്‍ വ്യാപൃതയായി. വിപ്ലവകാരികളുടെ ഭീഷണിയെ  തൃണവല്‍ഗണിച്ച്  അവള്‍ സ്വസഹോദരികളോടുകൂടി ചുറ്റിസഞ്ചരിച്ച് കളിവിനോദങ്ങളുടെ പേരില്‍ കുട്ടികളെ വിളിച്ചുവരുത്തി മതതത്വങ്ങള്‍ പഠിപ്പിച്ചുപോന്നു. പലരെയും പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിനൊരുക്കി. നിശ്ശയുടെ നിശ്ശബ്ദതയില്‍ വിജന പ്രദേശങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരുന്ന ദിവ്യബലിയുടെ സമയത്തായിരുന്നു ഇവരുടെ ദിവ്യകാരുണ്യ സ്വീകരണം.

ദരിദ്രരെയും പരിത്യക്തരെയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയുമാണ് തന്റെ ദൈവവിളിയെന്ന് മനസ്സിലാക്കിയ നന്നേത്തി മഹത്തായ ഈ പ്രേഷിത വേലയ്ക്ക് സ്വയം ഔദ്യോഗികമായി പ്രതിഷ്ഠിക്കാന്‍ നിശ്ചയിച്ചു. വിപ്ലവകാരികള്‍ കന്യകാലയങ്ങളെല്ലാം അടച്ചു പൂട്ടിയിരുന്നതിനാല്‍ സ്വഭവനം മഹനീയോദ്യമത്തിനായി അവള്‍ തെരഞ്ഞെടുത്തു. ഒരര്‍ദ്ധരാത്രിയില്‍ അവളുടെ ഭവനത്തില്‍ ഒരു വൈദീകന്‍ ദിവ്യബലിയര്‍പ്പിച്ചപ്പോള്‍ മാതാപിതാക്കളുടെയും സ്‌നേഹിതരുടെയും സാന്നിദ്ധ്യത്തില്‍ താന്‍ എന്നും പരിപൂര്‍ണ്ണമായി ദൈവത്തിന്റെ കന്യകയായിരിക്കുമെന്നും ആയുഷ്‌കാലമത്രയും കുട്ടികളെയും സാധുക്കളെയും രോഗികളെയും പരിചരിക്കുവാന്‍ ചെലവഴിക്കുമെന്നും വാഗ്ദാനം ചെയ്തു. 1798 നവംബര്‍ 11-നു നടന്ന ഈ വാഗ്ദാനമാണ് വി.യൗസേപ്പിന്റെ ക്ലൂണി സഹോദരികളുടെ മിഷന്‍ സമൂഹത്തിന്റെ പ്രാരംഭമായിത്തീര്‍ന്നത്.

ഈ ധീരതയില്‍ ആദ്യം മാതാപിതാക്കള്‍ അത്യധികം സന്തോഷിച്ചതിനാല്‍ വീട്ടില്‍ താമസിച്ചുകൊണ്ടുതന്നെ നന്നേത്തി പ്രേഷിത ജോലി തുടര്‍ന്നു. ക്രമേണ അവളുടെ സഹപ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ പിതാവ് അതൃപ്തി പ്രകടിപ്പിച്ചു. തന്നിമിത്തം അവള്‍ പിതൃഗ്രഹം വിട്ട് മറ്റൊരിടവകയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരു ദിവസം അനാഥ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുവാന്‍ യാതൊന്നുമില്ലാതെ വിഷമിച്ച നന്നേത്തി സക്രാരിയില്‍ മുട്ടിവിളിച്ചു പ്രാര്‍ത്ഥിച്ചു. ഈശോ പ്രാര്‍ത്ഥന ശ്രവിച്ചതായി തോന്നി. പുറത്തു വന്നപ്പോള്‍ പിതാവും സഹോദരനും കൂടെ ഒരു കുതിര വണ്ടി നിറയെ വിഭവങ്ങളുമായി കാത്തുനില്‍ക്കുന്നതാണു കണ്ടത്. നിന്നെ സഹായിക്കാന്‍ ഞാന്‍ കടപ്പെട്ടവനാണെന്ന് ബോദ്ധ്യമായിരിക്കുന്നു. ഈ ചിന്തമൂലം കഴിഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയില്ല. പിതാവു പറഞ്ഞു. അന്നുമുതല്‍ പിതാവ് അവരെ സംരക്ഷിക്കുകയും അവര്‍ക്കായി ഒരു കെട്ടിടം പണിയിച്ചുകൊടുക്കുകയും ചെയ്തു.

1807-മെയ് 12-ാം തീയതി നന്നേത്തിയും ഏതാനും കന്യകകളും മെത്രാന്റെ സന്നിധിയില്‍ ഔദ്യോഗിക വ്രതവാഗ്ദാനം നടത്തി. നന്നേത്തി അന്നുമുതല്‍ മദര്‍ അന്നമരിയ ഷാവുയെ എന്നറിയപ്പെട്ടു. വേഗം സന്യാസ സമൂഹം വളര്‍ന്നു. ഫ്രാന്‍സിലും ആഫ്രിക്കയിലുമായി സ്തുത്യര്‍ഹമായ ശുശ്രൂഷ നടത്തി എല്ലാവരുടെയും പ്രശംസയ്ക്കു സഭ പാത്രീഭൂതയായി.

'വി.കുര്‍ബാന സ്വീകരിക്കുന്നതിനു മുമ്പ് പരസ്‌നേഹത്തിനെതിരായി എന്തെങ്കിലും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടോ എന്നു നല്ലവണ്ണം ആത്മശോധന ചെയ്യുവിന്‍. കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുവിന്‍. സ്‌നേഹമില്ലങ്കില്‍ ഒന്നുമില്ല' എന്ന് സഹോദരിമാരെ ഉല്‍ബോധിപ്പിച്ചിരുന്നു. അന്ത്യനാളുകളില്‍ കൂടുതല്‍ സമയവും ദിവ്യകാരുണ്യ സന്നിധിയിലാണ് അന്നമരിയ കഴിഞ്ഞു കൂടിയത്.

റോമില്‍ പോയി സഭയ്ക്ക് ഔദ്യോഗികാംഗികാരം നേടാന്‍ മദര്‍ ആഗ്രഹിച്ചെങ്കിലും അനാരോഗ്യം നിമിത്തം സാധിച്ചില്ല. പെട്ടെന്ന് ആരോഗ്യനില ആശങ്കാജനകമായി. 1851 ജൂലൈ 15-ാം തീയതി സ്‌നേഹനാഥനായ ഈശോയെ അന്നമരിയാ അവസാനമായി സ്വീകരിച്ചു. അരമണിക്കൂറിനു ശേഷം അവളുടെ ആത്മാവ് പരലോകത്തേയ്ക്കു പറന്നുയര്‍ന്നു. 72-ാം മത്തെ വയസ്സിലാണ് അന്നമരിയ ചരമമടഞ്ഞത്. 1950-ഒക് 15 ന് മദര്‍ അന്നമരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടു.   

      ' പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമ്മെ പരിചരിക്കുന്നു. പണിയെടുക്കുമ്പോള്‍ നമ്മള്‍ ദൈവത്തെ പരിചരിക്കുന്നു.' 

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 88953