വി.ജോണ്‍ ഫ്രാന്‍സീസ് റേജീസ്

  ഫ്രാന്‍സിലെ നര്‍ബോണ്‍ രൂപതയില്‍പ്പെട്ട ഒരു കുലീനകുടുംബത്തില്‍ 1597 ജൂണ്‍ 31-ാം തീയതിയാണ് വി.ജോണ്‍ ഫ്രാന്‍സീസ് റേജീസ് ജനിച്ചത്.ശൈശവപ്രായം മുതല്‍തന്നെ ഒരു വിശുദ്ധനടുത്ത ജീവിതമാണ് ജോണ്‍ നയിച്ചിരുന്നത്. ഉല്ലാസങ്ങളില്‍നിന്നെല്ലാം അകന്ന് വേദപുസ്തകം വായിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്.

ഈശോസഭക്കാര്‍ നടത്തിയിരുന്ന കോളേജിലാണ് ജോണ്‍ വിദ്യാഭ്യാസത്തിനായി അയയ്ക്കപ്പെട്ടത്. ഈശോസഭക്കാരുടെ ജീവിതത്തില്‍ ആകൃഷ്ടനായ ജോണ്‍ പതിനെട്ടാമത്തെ വയസ്സില്‍ ഈശോസഭയില്‍ പ്രവേശിച്ചു. ഏറ്റവും എളിയ ജോലികള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ജോണ്‍ ഏവര്‍ക്കും ഒരു മാതൃകയായിട്ടാണ് തന്റെ ജീവിതം നയിച്ചത്. 'മാലാഖ' എന്നാണ് എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്.

1630 ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട് ജോണ്‍ ആത്മാക്കളുടെ രക്ഷയ്ക്കായി തന്റെ ജീവിതത്തെ മുഴുവനായി സമര്‍പ്പിച്ചു. ഗ്രാമപട്ടണഭേദമില്ലാതെ അദ്ദേഹം എല്ലാവരോടും സുവിശേഷം പ്രസംഗിച്ചു. അനേകായിരങ്ങളെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനു സാധിച്ചു. ഏതു കഠിനപാപികളെയും മാനസാന്തരപ്പെടുത്തുവാന്‍ വിശുദ്ധനു സാധിച്ചിരുന്നു. ഇത്തരം അവസരങ്ങളില്‍ നേരിടേണ്ടിവന്ന പീഡനങ്ങളെയോ  ഭീഷണികളെയോ ഒന്നും അദ്ദേഹം തെല്ലും ഭയപ്പെട്ടില്ല.

ഒരിക്കല്‍ വിശുദ്ധന്‍ ഉപദേശങ്ങള്‍വഴി ഒരു പാപിയെ നേര്‍വഴിയിലേക്കു നയിക്കാന്‍ ശ്രമിച്ചപ്പോള്‍, ആ മനുഷ്യന്‍ വിശുദ്ധന്റെ കരണത്തടിച്ചു. 'നീ എന്നെ ശരിയായി അറിഞ്ഞിരുന്നുവെങ്കില്‍ ഇതില്‍ കൂടുതലായി എന്നെ പ്രഹരിക്കുമായിരുന്നു'-ഇതായിരുന്നു വിശുദ്ധന്റെ പ്രതികരണം. ജോണിന്റെ ക്ഷമയും എളിമയും കണ്ട ആ മനുഷ്യന്‍ തന്റെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും വിശുദ്ധനോടു മാപ്പപേക്ഷിക്കുകയും ചെയ്തു.

ദരിദ്രരെ സഹായിക്കുന്നതിന് ജോണ്‍ സദാ തത്പരനായിരുന്നു. സഹായം ആവശ്യപ്പെട്ടുവരുന്നവരെ തനിക്കാവുംവിധം വിശുദ്ധന്‍ സഹായിച്ചിരുന്നു. ഒരിക്കല്‍ വിശുദ്ധന്‍ മാശഹസിലേക്കു സുവിശേഷപ്രഘോഷണത്തിനായി പോവുകയായിരുന്നു. മഞ്ഞുകട്ടകള്‍ മൂടിക്കിടന്നിരുന്ന ഒരു മല കയറുന്ന വഴിയില്‍ കീഴ്‌പ്പോട്ടു വീഴുകയും വീഴ്ചയില്‍ കാലൊടിയുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹസന്ന്യാസിയുടെ സഹായത്തോടെ ശേഷിച്ച ആറു മൈല്‍ ദൂരം സഞ്ചരിച്ച് അവര്‍ ലക്ഷ്യസ്ഥലത്തെത്തി. എന്നാല്‍ വൈദ്യനെ വരുത്തി ചികിത്സിക്കുന്നതിനു പകരം വിശുദ്ധന്‍ ദേവാലയത്തില്‍ പ്രവേശിച്ച് കുമ്പസാരം കേള്‍ക്കാന്‍ ആരംഭിച്ചു. ദീര്‍ഘനേരം അവിടെയിരുന്ന് കുമ്പസാരിപ്പിച്ച വിശുദ്ധന്റെ കാല്‍ പരിശോധിക്കാനായി വികാരിയച്ചന്‍ എത്തിയപ്പോള്‍ അത്ഭുതകരമായി കാല്‍ സുഖമാക്കപ്പെട്ടിരിക്കുന്നതായാണ് അദ്ദേഹം കണ്ടത്.

1640 ഡിസംബര്‍ 31-ാം തീയതി, 'ഈശോയേ, എന്റെ രക്ഷകാ, എന്റെ ആത്മാവിനെ അങ്ങേ തൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു'എന്നു പറഞ്ഞുകൊണ്ട് വിശുദ്ധന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. മരിക്കുമ്പോള്‍ അദ്ദേഹത്തിനു 43 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131524