വി. ജോണ്‍ ഓഫ് ഗോഡ്

ബ്രദേഴ്‌സ് ഹോസ്പിറ്റാലര്‍ സന്ന്യാസസഭയുടെ സ്ഥാപകനും ആശുപത്രികളുടെയും രോഗികളുടെയും നഴ്‌സുമാരുടെയും പുസ്തകവില്പനക്കാരുടെയും സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനുമാണ് വി. ജോണ്‍ ഓഫ് ഗോഡ്.

പോര്‍ച്ചുഗലിലെ മോന്റേമോര്‍ നോവയച്ചില്‍ 1495 മാര്‍ച്ച് 8ന് ജോണ്‍ ജനിച്ചു. കുട്ടിക്കാലത്തു തന്നെ സ്‌പെയിനിലേയ്ക്ക് കുടിയേറി. ജോണ്‍ അവിടെ കന്നുകാലികളെ മേയിച്ചാണു ജീവിച്ചത്. പ്രായപൂര്‍ത്തിയായപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്നു. പട്ടാളക്കാരന്റെ എല്ലാ ദുര്‍സ്വഭാവങ്ങളിലൂടെയും സഞ്ചരിച്ച അദ്ദേഹം നാല്‍പതാം വയസ്സില്‍ സൈന്യസേവനം അവസാനിപ്പിച്ച് വീണ്ടും കാലിവളര്‍ത്തലിലേക്കു മടങ്ങി.

ഇക്കാലത്ത് ജോണില്‍ വിശ്വാസം വീണ്ടും സജീവമായി. പട്ടാളജീവിതത്തെക്കുറിച്ചോര്‍ത്ത് വല്ലാത്ത മനഃസ്താപം തോന്നി. പരിഹാരമായി ആഫ്രിക്കയില്‍ മിഷനറി പ്രവര്‍ത്തനത്തിനുപോകാന്‍ തീരുമാനിച്ചു. രക്തസാക്ഷിയാകുവാന്‍ ഉറച്ചായിരുന്നു ആ യാത്ര, എന്നാല്‍ കുമ്പസാരക്കാരന്‍ സമ്മതിച്ചില്ല. ദൈവത്തിനു ജോണിനെക്കൊണ്ട് വേറെ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു. അങ്ങനെ സ്‌പെയിനിലേക്കുതന്നെ മടങ്ങി.

1538 ല്‍ ഗ്രനാഡയില്‍ മതപരമായ പുസ്തകങ്ങള്‍ മിതമായ വിലയ്ക്കു നല്കുന്നതിനുള്ള ഒരു കട തുടങ്ങി. ആവിലായിലെ വി.ജോണിന്റെ പ്രസംഗം അദ്ദേഹം കേള്‍ക്കാനിടയായത് ഇക്കാലത്താണ്. അതുണ്ടാക്കിയ മനഃസ്താപം അദ്ദേഹത്തെ മാനസികരോഗാശുപത്രിയില്‍ എത്തിച്ചു. വി.ജോണിന്റെ ഉപദേശങ്ങളിലൂടെ തന്നെ അദ്ദേഹത്തിന്റെ നില മെച്ചമായി. തുടര്‍ന്ന് രോഗികളുടെ ശുശ്രൂഷയ്ക്കായി വിശുദ്ധന്‍ ജീവിതം സമര്‍പ്പിച്ചു.

ഗ്രനാഡയില്‍ ഒരു വീടു വാടകയ്‌ക്കെടുത്ത് ആരോരുമില്ലാത്ത രോഗികളെ പരിചരിച്ചു തുടങ്ങി. പലര്‍ക്കും ഈ പ്രവര്‍ത്തി മാതൃകയായി. ഗ്രനാഡയില്‍ ആര്‍ച്ച് ബിഷപ് ജോണിനെ ശക്തമായി പിന്താങ്ങുകയും ഇത്തരം ഭവനങ്ങള്‍ ഇതരഭാഗങ്ങളിലും തുറക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

 

ഈ ശുശ്രൂഷ ഒരു സന്യാസസമൂഹമാകണമെന്ന് ജോണ്‍ ഒരിക്കലും മോഹിച്ചതല്ല. എങ്കിലും ടൂയിയിലെ ബിഷപ് ഇവര്‍ക്ക് ഒരു പ്രത്യേക വസ്ത്രം നല്കി. ജോണിനെ ജോണ്‍ ഓഫ് ഗോഡ് എന്നു വിളിച്ചു. ഈ സമൂഹത്തിനുള്ള ചട്ടങ്ങള്‍ വിശുദ്ധന്റെ മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. ഇവരെ ഹോസ്പിറ്റാലര്‍ സഹോദരന്മാര്‍ എന്നും ജോണ്‍ ഓഫ് ഗോഡിന്റെ സഹോദരന്മാര്‍ എന്നും വിളിക്കുന്നു.

1550 ല്‍ 55-ാം പിറന്നാള്‍ ദിനം രോഗക്കിടക്കയ്ക്കു സമീപം മുട്ടില്‍ നില്ക്കുമ്പോള്‍ ജോണ്‍ മരിച്ചു. നാട്ടുകാര്‍ ഓടിക്കൂടി. അവര്‍ക്ക് മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കുവാനായി മുട്ടില്‍ നില്‍ക്കുന്ന രൂപത്തില്‍ തന്നെ ശരീരം പൊതുദര്‍ശനത്തിനുവച്ചു.

വിശുദ്ധന്റെ ശരീരം ഒമ്പതുദിവസത്തെ പരസ്യവണക്കത്തിനുശേഷമാണ് സംസ്‌ക്കരിച്ചത്. ഒമ്പതുദിവസവും മൃതദേഹത്തില്‍ നിന്നും സുഗന്ധം വമിച്ചിരുന്നു. 20 വര്‍ഷം കഴിഞ്ഞ് കല്ലറ തുറന്നപ്പോഴും ശരീരം അഴുകിയിരുന്നില്ല. സുഗന്ധപ്രവാഹം തുടരുകയും ചെയ്തു. എന്നാല്‍, പില്‍ക്കാലത്ത് ശരീരം അഴുകി. തലയോട്ടിയും എല്ലുകളും അവശേഷിച്ചു. അവ ഗ്രനാഡയിലെ വി.ജോണിന്റെ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 94192