വി.ജോവാക്വീനാ (1783-1854)

സ്‌പെയിനിലെ ബര്‍സലോണയില്‍ 1783 ലാണ് ജോവാക്വീനാ ജനിച്ചത്. 12 വയസ്സായപ്പോള്‍ ഒരു ആവ്യതി മഠത്തില്‍ പ്രവേശനം തേടി. പക്ഷേ, മാതാപിതാക്കള്‍ സമ്പന്ന കുടുംബത്തിലെ ഒരു വക്കീലിനെ അവളുടെ ഭര്‍ത്താവായി കണ്ടെത്തി. മാതാപിതാക്കളുടെ ഇംഗിതപ്രകാരം അവള്‍ വിവാഹിതയായി. വിവാഹാനന്തരം ദു:ഖിതയായി കാണപ്പെട്ട ജോവാക്വീനായോട് ഭര്‍ത്താവായ ഡോണ്‍ തെയദോര്‍ഡിമാസ് കാരണമാരാഞ്ഞു. മിണ്ടാമഠത്തില്‍ ചേരാനായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നു അവള്‍ പറഞ്ഞപ്പോള്‍, സന്ന്യാസത്തില്‍ പ്രവേശിക്കാനാഗ്രഹിച്ചിരുന്ന താന്‍ മാതാപിതാക്കളുടെ ഹിതത്തിനു കീഴ്‌പ്പെട്ടുമാത്രമാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് ഭര്‍ത്താവ് പ്രസ്താവിച്ചു. ഭര്‍ത്തൃഭവന നിവാസികള്‍ക്ക് ജോവാക്വീനായെ ഇഷ്ടമായില്ലെന്നതൊഴികെ അവളുടെ ജീവിതത്തില്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. കാരണം, ഭര്‍ത്താവ് അവളെ നന്നായി മനസ്സിലാക്കിയിരുന്നു. ഓരോ പ്രഭാതത്തിലും ജോവാക്വീനായും തെയദോറും ഒന്നിച്ചു ദിവ്യബലിയില്‍ സംബന്ധിക്കുകയും ജപമാല ചൊല്ലി ദിവസം പര്യവസാനിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ ദാമ്പത്യവല്ലരിയില്‍ ഒന്‍പതു പൂക്കള്‍ വിരിഞ്ഞു.

  സൈനിക സേവനത്തില്‍ നിന്നു വിരമിച്ച തെയദോര്‍ കഠിനരോഗബാധിതനായി. 33-മത്തെ വയസ്സില്‍ ജോവാക്വീനാ വിധവയായിത്തീര്‍ന്നു.    9 മക്കളില്‍ മൂന്നുപേര്‍ ഇതിനകം പരലോകപ്രാപ്തരായി. കുട്ടികളെ ഉത്തമകത്തോലിക്കരായി വളര്‍ത്താനും ധാരാളം പ്രായശ്ചിത്തകൃത്യങ്ങളനുഷ്ഠിക്കാനും ജോവാക്വീനാ ശ്രദ്ധിച്ചു. ഭര്‍ത്താവിന്റെ മരണശേഷം രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ അവള്‍ ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. തുടര്‍ന്ന് പ്രത്യേക വസ്ത്രം ധരിച്ച് ആസ്പത്രികളില്‍ പോയി രോഗികളെ ശുശ്രൂഷിച്ചിരുന്നു.

  കര്‍മ്മലീത്തധ്യാനാത്മകജീവിതവും ദരിദ്രരോടുള്ള കരുണാര്‍ദ്രശുശ്രൂഷയും ഒന്നിപ്പിച്ചുകൊണ്ട് ജോവാക്വീനാ ഉപവിയുടെ കര്‍മ്മലീത്താസഹോദരിമാരുടെ സമൂഹം സ്ഥാപിച്ചു. സഹോദരിമാര്‍ക്ക് അവള്‍ അമ്മയായി വര്‍ത്തിച്ചു. ഒരു രാഷ്ട്രീയ യുദ്ധത്തിനിടയില്‍ ജോവാക്വീനായെ അറസ്റ്റ് ചെയ്തു. വഴിയിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ശത്രുകരങ്ങളില്‍ നിന്ന് വിമുക്തയായ ജോവാക്വീനാ സന്ന്യാസ സമൂഹത്തെയും കുടുംബത്തെയും ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചിട്ട് ഫ്രാന്‍സിലേയ്ക്ക് ഓടിപ്പോയി. അവള്‍ തിരിച്ചെത്തിയപ്പോള്‍ സ്‌പെയിനില്‍ സമാധാനനില വീണ്ടെടുത്തിരുന്നു. സന്ന്യാസസമൂഹത്തിന് പരസ്യവ്രതാനുഷ്ഠാനത്തിന് അനുകൂലമായ സമയമായിരുന്നു ഇത്. സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിനിടയില്‍ അവളുടെ സമൂഹത്തിലെ 25 സന്യാസിനികള്‍ രക്തസാക്ഷികളായി.

  ഭാര്യാഭര്‍ത്താക്കള്‍ ഒന്നിച്ച് അനുദിനം ദിവ്യബലിയില്‍ സംബന്ധിക്കുന്നത് മനോജ്ഞമായ ഒരു മാതൃകയാണ്. 1854-ല്‍ കോളറ ബാധിച്ച് എഴുപതാമത്തെ വയസ്സില്‍ ജോവാക്വീനാ മരണമടഞ്ഞു. 1959- ല്‍ അവള്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109839