വി.ബെനഡിക്ട്.(480-543)

റോമിലെ ഒരു കുലീന കുടുംബത്തില്‍ 480-ാമാണ്ടില്‍ ബെനഡിക്ട് ജനിച്ചു. വിദ്യാഭ്യാസാരംഭം റോമില്‍ തന്നെയായിരുന്നു. അന്നത്തെ റോമന്‍ യുവാക്കളുടെ സുഖലോലുപതയോടും അധാര്‍മ്മികതയോടും പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ബെനഡിക്ട് സുബിയാക്കോ പര്‍വ്വതനിരകളില്‍ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷത്തോളം വസിച്ചു. റൊമാനൂസ് എന്നൊരു സന്ന്യാസിക്ക് മാത്രമേ ബെനഡിക്ട് എവിടെയാണെന്ന് അറിയാമായിരുന്നുള്ളു. അദ്ദേഹമാണ് ബെനഡിക്ടിന് ഭക്ഷണവും വസ്ത്രവും നല്‍കിയിരുന്നത്.

  കാലക്രമേണ ബെനഡിക്ടിന്റെ ജീവിതവിശുദ്ധിയെപ്പറ്റികേട്ടറിഞ്ഞ ദൈവാന്വേഷികളായ പലരും അദ്ദേഹത്തെ സന്ദര്‍ശിക്കുകയും കൂടെ വസിക്കാന്‍ അനുവാദം അപേക്ഷിക്കുകയും ചെയ്തു. താമസിയാതെ 144 യുവാക്കള്‍ അദ്ദേഹത്തോടൊപ്പം താമസമാക്കി. പശ്ചാത്യസന്ന്യാസമുറയ്ക്കും ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിനും ആരംഭംകുറിച്ചത് ഇങ്ങനെയാണ്. അവര്‍ സൂബിയാക്കോമലയില്‍ ഒരു സന്ന്യാസഭവനം നിര്‍മ്മിച്ചു. വി.ഗ്രന്ഥപഠനം, സംഗീതാത്മകമായ സമൂഹപ്രാര്‍ത്ഥന, തപശ്ചര്യാദികള്‍ എന്നിവകഴിഞ്ഞ് ബാക്കി സമയത്ത് അവര്‍ തോട്ടത്തില്‍ കൃഷിചെയ്തു ഭക്ഷ്യവിഭവങ്ങള്‍ ഉല്പാദിപ്പിച്ചിരുന്നു.

  ബെനഡിക്ടിന്റെ നിയമങ്ങളുടെ കാര്‍ക്കശ്യം ചിലശിഷ്യന്‍മാര്‍ക്ക് അസഹ്യമായി തോന്നി. അവര്‍ ബെനഡിക്ടിന്റെ ഭക്ഷണപാത്രത്തില്‍ വിഷം കലര്‍ത്തി വച്ചു. ബെനഡിക്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആശീര്‍വദിച്ചപ്പോള്‍ ആ പാത്രം താഴെവീണ് തകര്‍ന്നുപോയി. 28 വര്‍ഷം സുബിയാക്കോയില്‍ താമസിച്ചതിനിടയ്ക്ക് ബെനഡിക്ട് 12 ആശ്രമങ്ങള്‍ സ്ഥാപിച്ചു. ഓരോന്നിനും പ്രത്യേകം സുപ്പീരിയര്‍മാരുണ്ടായിരുന്നു. പ്‌ളാസിഡൂസ് എന്ന ശിഷ്യന്റെ പിതാവാണ് ബെനഡിക്ടിന് മോന്തെ കാസിനോ ദാനം ചെയ്തത്. 520 ല്‍ അവിടെ ആശ്രമം സ്ഥാപിച്ച് ബെനഡിക്ട് അങ്ങോട്ട് മാറിതാമസിച്ചു. മൂന്നുകൊല്ലം മുമ്പ് എഴുതിയുണ്ടാക്കിയ നിയമം എല്ലാ ആശ്രമങ്ങള്‍ക്കും ബാധകമാക്കി. ദാരിദ്ര്യം, കന്യത്വം, അനുസരണം, കൂട്ടജീവിതം ഇവ സന്ന്യാസജീവിതത്തിന്റെ ഘടകങ്ങളാക്കി. പ്രാര്‍ത്ഥന, കൃഷി, പഴയപുസ്തകങ്ങളുടെ കൈയെഴുത്തുപ്രതികള്‍ പകര്‍ത്തല്‍ എന്നിവ സന്ന്യസ്തരുടെ കാര്യപരിപാടിയിലുള്‍പ്പെടുത്തി. ആശ്രമങ്ങള്‍ക്കെല്ലാം ഐക്യമുളവാക്കിയത് മോന്തെകസീനോയിലെ വലിയ ആശ്രമമാണ്. ഏകാന്ത സന്ന്യാസമുറയ്ക്കു പകരം കൂട്ടജീവിതവും സുവിശേഷസുകൃതാനുഷ്ഠാനവും പ്രചാരത്തിലായി. സന്ന്യാസജീവിതം മോന്തെ കസീമോയിലെ ആശ്രമത്തിലേതുപോലെ ക്രമീകരിക്കപ്പെട്ടു.

  മരണത്തിന് ആറുദിവസം മുമ്പ് തന്റെ ശവകുടീരം സജ്ജമാക്കാന്‍ ബെനഡിക്ട് നിര്‍ദ്ദേശിച്ചു. താമസിയാതെ പനി ബാധിച്ചു. പനി തുടങ്ങി ആറാം ദിവസം 543 മാര്‍ച്ച് 21-ാം തിയതി ദേവാലയത്തിലേയ്ക്ക് കൊണ്ടുപോകാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ശിഷ്യന്റെ മേല്‍ ചാരിക്കൊണ്ട് വി.കുര്‍ബ്ബാന സ്വീകരിക്കുകയും സമാധിയിലെന്നപോലെ ആയിത്തീരുകയും താമസിക്കാതെ മരിക്കുകയും ചെയ്തു. ജീവിതകാലത്തു തന്നെ അദ്ദേഹംവഴി സംഭവിച്ച പല അത്ഭുതങ്ങളുടെ കൂട്ടത്തില്‍ മൃതനായ ഒരു യുവാവിനെ ഉയര്‍പ്പിച്ച കാര്യവും കാണുന്നു. ബെനഡിക്‌ടൈന്‍ സഭയില്‍ നിന്ന് 24 മാര്‍പാപ്പമാരും 4600 മെത്രാന്‍മാരും 5000-ത്തിലധികം വിശുദ്ധന്മാരമുണ്ടായതായി ചരിത്രത്തില്‍ കാണുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589