ത്രേസ്യാ മാര്‍ഗരറ്റ് റെഡ്ഡി (1747-1770)

1741-ജൂലൈ 15-ന് ഫ്‌ളോറന്‍സിലെ ഒരു കുലീന കുടുംബത്തിലാണ് ത്രേസ്യാ മാര്‍ഗരറ്റ് ജനിച്ചത്. ജ്ഞാനസ്‌നാനനാമം അന്നമരിയ എന്നായിരുന്നു. മാതാപിതാക്കള്‍ ഭക്തരായതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ പ്രാര്‍ത്ഥിക്കാനും നന്നായി പെരുമാറുവാനുമുള്ള രൂപീകരണം കിട്ടി. ആറു വയസ്സുമുതല്‍ തന്നോട് സംസാരിക്കുന്നവരോട് ദൈവത്തെയും അവിടുത്തെ ഗുണവിശേഷങ്ങളെയും കുറിച്ച് പറഞ്ഞുതരണമേയെന്ന് അഭ്യര്‍ത്ഥിക്കുമായിരുന്നു.

ഫ്‌ളോറന്‍സിലുള്ള ബനഡിക്റ്റന്‍ സിസ്റ്റേഴ്‌സിന്റെ സ്‌കൂളിലെ വിദ്യാഭ്യാസം അവളുടെ ആധ്യാത്മിക ജീവിതത്തെ വളരെയധികം വളര്‍ത്തി. വി.കുര്‍ബാനയോടും പരി.കന്യകയോടുമുള്ള ഭക്തിയില്‍ അവള്‍ ദൃഡത പ്രാപിച്ചുകൊണ്ടിരുന്നു. ജാന്‍സനിസം എന്ന പാഷാണ്ഡത നിമിത്തം ദിവ്യകാരുണ്യഭക്തി മന്ദീഭവിക്കാനിടയായി. അതിനൊക്കെ പരിഹാരമനുഷ്ഠിക്കാന്‍ വേണ്ടി സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഒരു സന്യാസിനിയാകാന്‍ അവള്‍ ആഗ്രഹിച്ചു.

1764-ല്‍ ഫ്‌ളോറന്‍സിലെ കര്‍മ്മലമഠത്തില്‍ അവള്‍ക്ക് പ്രവേശനം ലഭിച്ചു. കര്‍മ്മലയുടെ ഏകാന്തതയില്‍ ദിവ്യകാരുണ്യനാഥനോടൊത്ത് മണിക്കൂറുകള്‍ ചെലവഴിച്ചുകൊണ്ട് പരിശീലനത്തിന് വിധേയയായി. 1765-മാര്‍ച്ച് 11ന് സഭാവസ്ത്രം സ്വീകരിച്ച് തിരുഹൃദയത്തിന്റെ ത്രേസ്യാമാര്‍ഗരറ്റ് എന്ന പേര് സ്വീകരിച്ചു.

സന്ന്യാസസമൂഹത്തിന്റെ പ്രവര്‍ത്തനരംഗങ്ങളിലെല്ലാം താല്‍പര്യപൂര്‍വ്വം അവള്‍ വ്യാപൃതയായി. ആരാധനാസംബന്ധമായ കാര്യങ്ങള്‍ ഒരുക്കാനും രോഗികളെ പരിചരിക്കാനുമാണ് പ്രത്യേകം നിയോഗിക്കപ്പെട്ടത്. നിശബ്ദമായ ഏകാന്തതയില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ദീര്‍ഘകാലം പ്രാര്‍ത്ഥിച്ച് ശക്തി സംഭരിച്ചുകൊണ്ട്, തന്നെ ഏല്‍പിച്ച ജോലികളെല്ലാം അവള്‍ വിശ്വസ്തതയോടെ പൂര്‍ത്തിയാക്കി. ആത്മരക്ഷക്കായി തീവ്രമായി പ്രാര്‍ത്ഥിക്കുകയും സഹനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

ജീവിതത്തിലെ സഹനങ്ങള്‍ ദൈവിക തീക്ഷണതയില്‍ ജ്വലിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായിട്ടാണ് ത്രേസ്യാ കണ്ടത്. കര്‍ത്താവ് അനുവദിച്ച സഹനങ്ങള്‍ സന്തോഷപൂര്‍വ്വം ഏറ്റുവാങ്ങിയ ത്രേസ്യാ 1770 മാര്‍ച്ച് 7-ാം തിയതി 22-ാമത്തെ വയസ്സില്‍ ഈ ലോകയാത്ര പൂര്‍ത്തിയാക്കി സ്വര്‍ഗത്തിലേയ്ക്ക് യാത്രയായി. 1934- മാര്‍ച്ച് 13-ന് ത്രേസ്യാ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969