ജോണ്‍ഫ്രാന്‍സിസ്‌റേജിസ്

1577 ജനുവരി 31-ാം തീയതി ലാംഗ്വസോക്കിലുള്ള താര്‍ബോണ്‍ രൂപതയിലേ ഫോണ്‍കൂവേര്‍ട്ട് ഗ്രാമത്തിലാണ് ജോണ്‍ഫ്രാന്‍സിസ്‌റേജിസ് ജനിച്ചത്. ജോണ്‍റേജിസ് പ്രഭുവിന്റെയും മാഗ്ദലന്‍ ദാര്‍ജിസ് പ്രഭ്വിയുടെയും ദാമ്പത്യ വല്ലരിയില്‍ വിടര്‍ന്ന പഞ്ചമ കുസുമമാണ് ഫ്രാന്‍സിസ്. ബാല്യം മുതല്‍ പുണ്യാഭ്യസനത്തില്‍ തല്‍പരനായിരുന്നു. ഈശോ സഭക്കാര്‍ ബിസിയേഴ്‌സില്‍ നവീനമായി ആരംഭിച്ച കോളേജില്‍ ചേര്‍ന്നു പഠിക്കുവാന്‍ ഫ്രന്‍സിസിനു ഭാഗ്യമുണ്ടായി. സമയം ഏറ്റവും ഫലപ്രദമാക്കാന്‍ അതീവ ശ്രദ്ധ പ്രകടിപ്പിച്ചു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിക്കാനും ദിവ്യസക്രാരിയില്‍ വസിക്കുന്ന ഈശോയോടു പ്രാര്‍ത്ഥിക്കാനും ദിവ്യബലിക്കുശേഷമുള്ള സമയം വിനിയോഗിച്ചിരുന്നു. സഹപാഠികള്‍ക്ക് ഫ്രാന്‍സിസില്‍ ഒരു ഉത്തമ മാതൃക കണ്ടെത്താന്‍ കഴിഞ്ഞു.

യുവത്വത്തിലേക്കു കടന്ന ഫ്രാന്‍സിസ് ആദ്ധ്യാത്മിക പിതാവിന്റെ നിര്‍ദ്ദേശാനുസരണം ഈശോ സഭയില്‍ ചേര്‍ന്നു. പരീശീലന കാലഘട്ടം ഫ്രാന്‍സിസിന് വളരെ സന്തോഷപ്രദമായിരുന്നു. നിസ്സാരകാര്യങ്ങളില്‍ പോലും കൃത്യനിഷ്ഠയും ജാഗരൂകതയും പാലിച്ചിരുന്നതിനാല്‍ വേഗം പുണ്യപുരോഗതി നേടി. എളിമ, സാധുജനസ്‌നേഹം, ദൈവമഹത്വത്തിലും ആത്മാക്കളുടെ രക്ഷയിലുമുള്ള തീക്ഷ്ണത എന്നിവ അദ്ദേഹത്തില്‍ വിളങ്ങിപ്രകാശിച്ചു. 

രണ്ടുവര്‍ഷത്തേ പരിശീലനത്തിനുശേഷം വ്രതവാഗ്ദാനം നടത്തി. തുടര്‍ന്നു പഠനം കലോരിലും ടൂര്‍നോക്കിലുമായിരുന്നു. ഈ സ്ഥലങ്ങളിലായിരിക്കുമ്പോഴും പുണ്യപൂര്‍ണതയ്ക്കായി അക്ഷീണം യത്‌നിച്ചു. സക്രാരിയില്‍ എഴുന്നുള്ളി വസിക്കുന്ന ഈശോയോടുസല്ലപിക്കുവാനും ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി.

ശാസ്ത്രപഠനശേഷം ബില്ലോത്തിസ്‌ക്കൂളില്‍ അദ്ധ്യാത്മിക നിയന്താവായി നിയമിതനായി. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്കരണത്തിലും അതീവ ശുഷ്‌കാന്തി പ്രകടിപ്പിച്ചു. സ്‌ക്കൂളില്‍ പോകുന്നതിനുമുന്‍പ് സക്രാരിയുടെ മുന്‍പിലെത്തി വിദ്യാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതൃകയും പ്രവര്‍ത്തനവും വിദ്യാര്‍ത്ഥികളില്‍ വലിയ പരിവര്‍ത്തനമുളവാക്കി.

ഏഴുവര്‍ഷത്തേ അദ്ധ്യാപനത്തിനുശേഷം ദൈവശാസ്ത്രപഠനത്തിനായി ടുളോസിലേക്കുപോയി. ദൈവശാസ്ത്രത്തില്‍ വലിയ പാണ്ഡിത്യം നേടിയ ഫ്രാന്‍സിസ് തപസ്സും പ്രാര്‍ത്ഥനയും ത്യാഗവും വഴി വൈദികാന്തസ്സിനുയോജിച്ച വിശുദ്ധിനേടാന്‍ ശ്രമിച്ചിരുന്നു. പട്ടം സ്വീകരിച്ചു ദിവ്യബലിയര്‍പ്പിക്കുന്നദിനം സമാഗമമായപ്പോള്‍ ഹൃദയം ആനന്ദതുന്ദിലമായി. 

പട്ടം സ്വീകരിച്ചശേഷം അവസാനത്തേ പരിശീലനഘട്ടം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസിന്റെ അഭീഷ്ടം മനസ്സിലാക്കിയ അധികാരികള്‍ അദ്ദേഹത്തെ മിഷന്‍രംഗത്തേയ്ക്കു നിയോഗിച്ചു. മോണ്ടുഫെല്ലിയര്‍, സോമിയേഴ്‌സ്, വിവാരസ്, ഖേലേയ്, മോണ്ടോറിഗാര്‍ഡ്, മൗണ്ട്ഫൗക്കല്‍ പൂയി മുതലായ സ്ഥലങ്ങളില്‍ അസാന്മാര്‍ഗ്ഗികതയ്ക്കും, പാഷണ്ഡതയ്ക്കും, സാംക്രമിക രോഗങ്ങള്‍ക്കുമെതിരായി പടപൊരുതി.

അസാന്മാര്‍ഗ്ഗികളായ അനേകം യുവജനങ്ങളെയും നിരവധി കാല്‍വിനിസ്സ് പാഷണ്ഡികളെയും കര്‍ത്താവിന്റെ പക്കലേയ്ക്കാനയിച്ചു. വിശ്രമരഹിതനായ ഫ്രാന്‍സിസ് ദൈവമഹത്ത്വത്തിനും ആത്മരക്ഷയ്ക്കുമായി പണിയെടുത്തു. എന്തെല്ലാം പ്രയാസങ്ങള്‍ നേരിട്ടാലും അദ്ദേഹം വി.കുര്‍ബാനമുടക്കുമായിരുന്നില്ല. ദിവ്യകാരുണ്യനാഥനിലാണ് ഫ്രാന്‍സിസ് ആനന്ദവും ആശ്വാസവും കണ്ടെത്തിയിരുന്നത്.

1640 ഡിസംബറില്‍ ക്രിസ്മസ്ദിനം മൂന്നു പ്രസംഗങ്ങള്‍ കഴിഞ്ഞ് കുമ്പസാരവേദിയിലായിരിക്കുമ്പോഴുണ്ടായ ബോധക്ഷയത്തോടെ അദ്ദേഹം ശയ്യാവലംബിയായി. അന്ത്യകുദാശകള്‍ ഭക്തിപൂര്‍വ്വം സ്വീകരിച്ചു. 'ഈശോയെ എന്നെ അവിടുത്തേയ്ക്കു ഭരമേല്പിക്കുന്നു അവിടുത്തെ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു' എന്നുച്ചരിച്ചു കൊണ്ട് 43-ാം വയസ്സില്‍ ഫ്രാന്‍സിസ് നിര്യാതനായി. 1737-ല്‍ 12-ാം ക്ലെമന്റ് പാപ്പാ ഫ്രാന്‍സിസിനെ വിശുദ്ധരുടെ പദവിയിലേക്കുയര്‍ത്തി.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109963