വി. കാതറീനാ വൊള്‍പിസെല്ലി

1839 ജനുവരി 21 ന് ഒരു നിയോപോലിറ്റന്‍ കുടുംബത്തിലാണ് കാതറീനാ ജനിച്ചത്. മാനുഷികവും മതപരവുമായ ഉറച്ചരൂപീകരണം കുടുംബത്തില്‍ നിന്നു തന്നെ അവള്‍ക്കു ലഭിച്ചു. സാഹിത്യവും ഭാഷകളും സംഗീതവും സെന്റ് മര്‍സെല്ലീനോയിലേ റോയല്‍ എഡുക്കേഷന്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് അവള്‍ പഠിച്ചു. ദരിദ്രരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും അപ്പസ്‌തോലരുടെ നിരയിലാണ് അവളുടെ സ്ഥാനം. 19ാം നൂറ്റാണ്ടിലേ നേപ്പിള്‍സില്‍ നല്ല സമറിയാക്കാരനായ ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ ഒരടയാളമായി അവള്‍ നിലകൊള്ളുന്നു.

അതേസമയം സമൂഹത്തില്‍ തിളങ്ങാനുള്ള മോഹം നിമിത്തം മിക്കപ്പോഴും തീയേറ്ററുകളിലും ബാലേ പരിപാടികളിലും പോകാന്‍ അവള്‍ താല്‍പര്യപ്പെട്ടു. എന്നാല്‍, ആത്മീയ ചൈതന്യം നിറഞ്ഞ ആദ്ധ്യാത്മിക നിയന്താക്കളുടെ സ്വരത്തിലൂടെ ദൈവീക പദ്ധതി അവള്‍ക്കുവെളിപ്പെടുത്തി കൊടുത്ത കര്‍ത്താവിന്റെ ആത്മാവിനാല്‍ പ്രേരിതയായി പ്രൗഢിയും വര്‍ണ്ണശോഭയും കലര്‍ന്ന ജീവിതത്തിന്റെ താല്‍ക്കാലിക സന്തോഷങ്ങള്‍ അവള്‍ പെട്ടെന്ന് ഉപേക്ഷിച്ചു. പൂര്‍ണ്ണതയുടെയും വിശുദ്ധിയുടെയും ഉദാരപൂര്‍ണ്ണമായ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ വേണ്ടിയായിരുന്നു അത്.

കുമ്പസാരക്കാരനായ ബര്‍ണ്ണബൈറ്റ് പുരോഹിതന്‍ ലിയോ നാര്‍ദോമത്തേരായുടെ ഉപദേശപ്രകാരം 1859 മെയ് 28ാം തിയതി കാതറീനാ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ നിത്യാരാധകരുടെ സമൂഹത്തില്‍ ചേര്‍ന്നു. പക്ഷേ, ആരോഗ്യപ്രശ്‌നങ്ങള്‍ നിമിത്തം പിന്തിരിയേണ്ടി വന്നു.

ഈശോയോടുള്ള സ്‌നേഹം ഹൃദയങ്ങളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും പുനരുദ്ധരിക്കാന്‍ വേണ്ടി അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കാതറീനാ ചിന്തിച്ചു തുടങ്ങി. സഹപ്രവര്‍ത്തകരോടുചേര്‍ന്ന് 1874 ജൂലൈ 1ാം തിയതി സെര്‍വെന്റ്‌സ് ഓഫ് സേക്രട്ട്ഹാര്‍ട്ടിന്റെ പുതിയ സഭ കാതറീനാ സ്ഥാപിച്ചു. നേപ്പിള്‍സിലേ കര്‍ദ്ദിനാളിന്റെയും പിന്നീട് ലിയോ 13ാമന്‍ മാര്‍പ്പാപ്പയുടെയും ആശീസ് സഭയ്ക്കു ലഭിച്ചു.

യുവജനങ്ങളുടെ അവസ്ഥയെപ്പറ്റിയുള്ള ആകാംക്ഷയോടെ കാതറീനാ മാര്‍ഗ്ഗരറ്റുകളുടെ അനാഥാലയം ആരംഭിച്ചു. പിന്നീട് ഒരു ഗ്രന്ഥശാലയും മറ്റു ഭവനങ്ങളും നേപ്പിള്‍സില്‍ തുടങ്ങി. സഭാംഗങ്ങള്‍ കോളറാബാധിച്ചവരെ ശുശ്രൂഷിച്ചതു വഴി പ്രശസ്തരായി. 1884 മെയ് 14 ന് നേപ്പിള്‍സിലെ പുതിയമെത്രാപ്പോലീത്താ തന്റെ സ്ഥാപനങ്ങളുടെ മാതൃഭവനത്തിനടുത്ത് കാതറീനാ പണികഴിപ്പിച്ച തീര്‍ത്ഥാടന ദേവാലയം ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചു. 1891 ല്‍ നവം 19 മുതല്‍ 22 വരെ നേപ്പിള്‍സില്‍ ആഘോഷിച്ച ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കാതറീനായുടെ പങ്കാളിത്തം തിരുഹൃദയത്തിന്റെ ദാസിമാരുടെ സ്ഥാപകയുടെ അപ്പസ്‌തോലികതയെ കിരീടമണിയിച്ചു.

തന്റെ ജീവിതം സഭയ്ക്കും പരിശുദ്ധ പിതാവിനും സമര്‍പ്പിച്ചു കൊണ്ട് കാതറീനാ 1894 ഡിസംബര്‍ 24 ന് നേപ്പിള്‍സില്‍ വച്ചു നിര്യാതയായി. 2009 ാം ഏപ്രില്‍ 26 ാം തിയതി ബനഡിക്റ്റ് 16ാമന്‍ പാപ്പാ കാതറീനായെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109837