വിശുദ്ധ മാര്‍ഗ്ഗരെറ്റ് ക്ലിത്തോരോ

മാര്‍പ്പാപ്പയ്ക്കു പകരം ഇംഗ്ലണ്ടിലെ സഭയുടെ തലവനായി രാജാവിനെ അംഗീകരിച്ചു കൊണ്ട് കത്തോലിക്കര്‍ക്കെതിരായി കഠിനമര്‍ദ്ദനമാരംഭിച്ച കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ യോര്‍ക്കിലാണ് മാര്‍ഗ്ഗരെറ്റ് ക്ലിത്തോരോ ജനിച്ചത്. ഒരു സത്രം സൂക്ഷിപ്പുകാരന്റെ മക്കളോടു കൂടി ജീവിച്ചിരുന്ന ഒരു കശാപ്പുകാരനായിരുന്നു ജോണ്‍ ക്ലിത്തോരോ. അയാളാണ് പതിനഞ്ചാമത്തേ വയസ്സില്‍ മാര്‍ഗ്ഗരെറ്റിനെ വിവാഹം കഴിച്ചത്. അയാളുടെ സന്താനങ്ങളെയും അയാളില്‍ നിന്നു മാര്‍ഗ്ഗരെറ്റിനു ജനിച്ച രണ്ടുമക്കളെയും അവള്‍ സന്തോഷപൂര്‍വ്വം വളര്‍ത്തി.

അന്നത്തെ സാഹചര്യത്തില്‍ മതപരിവര്‍ത്തനം അപകടകരമായിരുന്നു. എങ്കിലും കത്തോലിക്കയായശേഷം, മതമര്‍ദ്ദനത്തിനിടയിലും വിശ്വാസം അന്യുനം കാത്തുസൂക്ഷിക്കാന്‍ തീക്ഷണതാപൂര്‍വ്വം അവള്‍ യത്‌നിച്ചു. ഭര്‍ത്താവ് ഒരു പ്രൊട്ടസ്റ്റന്റുകാരനായിരുന്നതിനാല്‍ ഭവനത്തില്‍ രഹസ്യദിവ്യബലിയര്‍പ്പിച്ചു കൊണ്ട് അയാളുടെ ജീവിതത്തെ അപകടപ്പെടുത്താന്‍ മാര്‍ഗ്ഗരെറ്റ് ഇഷ്ടപ്പെട്ടില്ല. എങ്കിലും അവളുടെ കൂട്ടുകാരി കത്തോലിക്കാവൈദികര്‍ക്കു വേണ്ടിയുണ്ടാക്കിയിരുന്ന രഹസ്യസങ്കേതം കണ്ടുപിടിക്കപ്പെട്ടപ്പോള്‍, അവളുടെയും അയല്ക്കാരിയുടെയും വീടിനിടയില്‍ മുകളിലത്തേ നിലയില്‍ ഒരു ഒളിസ്ഥലം പണിയാന്‍ അവള്‍ സഹായിച്ചു.

1577-ല്‍ അവള്‍ ജയിലിലടക്കപ്പെട്ടു. അക്കാലത്തു ജയിലില്‍ കിടക്കുന്ന അമ്മമാര്‍ക്ക് കുട്ടികളെ കൂടെ താമസിപ്പിക്കാന്‍ അനുവാദം നല്കിയിരുന്നു. എന്നാല്‍ മാര്‍ഗ്ഗരെറ്റിന് അനുവാദം നിഷേധിച്ചു. അത് അവളുടെ ഏറ്റവും വലിയ കുരിശായിത്തീര്‍ന്നു. എങ്കിലും ജയിലില്‍ കിടന്ന മറ്റുകത്തോലിക്കരുടെ കൂട്ടായ്മ അവള്‍ ഇഷ്ടപ്പെട്ടു. ജയില്‍ വിമുക്തയായപ്പോള്‍ അവള്‍ പറഞ്ഞത് ഇപ്രകാരമാണ്. 'കുടുബത്തോടുള്ള സ്‌നേഹത്തെ പ്രതിയല്ലായിരുന്നെങ്കില്‍, എന്നേയ്ക്കും ദൈവത്തോടു കൂടി ജയിലില്‍ സന്തോഷപൂര്‍വ്വം ഞാന്‍ വസിക്കുമായിരുന്നു.' എഴുതാനും വായിക്കുവാനും ജയിലില്‍ വച്ചാണ് അവള്‍ പഠിച്ചത്. സുവിശേഷങ്ങളും തോമസ് അക്കെംപിസിന്റെ ക്രിസ്താനുകരണവും അവള്‍ അവിടെ വച്ച് പഠിക്കുകയുണ്ടായി.

ഭര്‍ത്താവ് അവളെപ്പറ്റി പറഞ്ഞിരുന്നത് ഇപ്രകാരമാണ്, 'എനിക്കുള്ളതെല്ലാം അവര്‍ എടുത്തുകൊള്ളട്ടെ. എന്നാല്‍ അവളെ വിട്ടുതരട്ടെ. കാരണം, ഇംഗ്ലണ്ടിലുള്ളതില്‍ ഏറ്റം നല്ല കത്തോലിക്കയുമാണവള്‍' ഒരു ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ മേല്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നു കാണുക.

സ്‌നേഹിതരില്‍ അനേകര്‍ ക്രൂരമായി വധിക്കപ്പെട്ടെങ്കിലും മാര്‍ഗ്ഗരെറ്റ് രഹസ്യദിവ്യബലിക്ക് ക്രമീകരണങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. വീണ്ടും അവളെ അറസ്റ്റ് ചെയ്തു. 

മക്കള്‍ അവള്‍ക്കെതിരായി സാക്ഷ്യം നല്കാന്‍ പീഡിപ്പിക്കപ്പെടാതിരിക്കുവാന്‍ വേണ്ടി നൈയാമികമായ വിചാരണ അവള്‍ നിഷേധിച്ചു. തന്‍നിമിത്തം വളരെ ഹീനമായ പീഡനങ്ങള്‍ക്കു വിധേയയാകേണ്ടി വന്നു. നഗ്നയായി നിലത്തു കിടത്തപ്പെടുക, 800 പൗണ്ടു ഭാരം ദേഹത്തു വച്ച് ഞെരുക്കുക എന്നീ പീഡനങ്ങളില്‍ നിന്ന് അവളെ രക്ഷിക്കാനാഗ്രാഹിച്ച വിധിയാളന്മാര്‍, വിശ്വാസം പരിത്യജിക്കാനും, രാജ്ഞിയോട് കൂറുപ്രഖ്യാപിക്കുവാനും യാചിച്ചു. ഭര്‍ത്താവിനോടും കുഞ്ഞുങ്ങളോടും നീ ക്രൂരത കാട്ടുകയാണെന്ന് വാദിച്ചു കൊണ്ട് അവളെ വശീകരിക്കാന്‍ അവര്‍ ശ്രമിച്ചു. മര്‍ദ്ദകരെ ദൈവത്തിനു സമര്‍പ്പിച്ചു കൊണ്ട് അവള്‍ തന്റെ നിശ്ചയത്തില്‍ ഉറച്ചു നിന്നു.

വധിക്കപ്പെടുന്നതിന്റെ തലേ ദിവസം ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ജാഗരണത്തിലും അവള്‍ ചെലവഴിച്ചു. അടുത്തപ്രഭാതത്തില്‍ നഗ്നപാദയായി പീഡനസ്ഥലത്തേയ്ക്ക് അവള്‍ നടന്നു. അവിടെ അവള്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അവള്‍ തന്നെയുണ്ടാക്കിയ ഒരു ലിനന്‍ വസ്ത്രം കൊണ്ട് ശരീരവും തുവാലകൊണ്ടു മുഖവും മറച്ച്, കൈകള്‍ നീട്ടി കുരിശില്‍ കെട്ടപ്പെട്ടതു പോലെ നിലത്തു കിടന്നു.

800 പൗണ്ട് ഭാരം അവളുടെ മേല്‍ പതിച്ചു. ഞെരിഞ്ഞമര്‍ന്ന നിമിഷത്തില്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. 'ഈശോ, ഈശോ, ഈശോ, എന്റെ മേല്‍ കരുണയായിരിക്കേണമേ,' ഒരു മണിക്കൂറിനുള്ളില്‍ അവള്‍ മൃതിയടഞ്ഞു. കത്തോലിക്കാവിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി മര്‍ദ്ദനങ്ങള്‍ സഹിക്കാന്‍ സന്നദ്ധരാകണമെന്ന് മാര്‍ഗ്ഗരെറ്റ് നമ്മെ പഠിപ്പിക്കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957