പാസ്സിയിലെ വി. മേരിമഗ്ദലേനാ

 

ഫ്‌ളോറന്‍സിലെ ഒരു പ്രഭുകുടുംബത്തില്‍ 1566-ല്‍ മേരിമഗ്ദലേന്‍ ഭൂജാതയായി. ബാല്യം മുതലേ വളരെ വലിയ ഭക്തയായിട്ടാണ് അവള്‍ വളര്‍ന്നത്. അവള്‍ക്ക് 14 വയസ്സുള്ളപ്പോള്‍ പിതാവിന് മറ്റൊരു നഗരത്തില്‍ ഭരണം നടത്തേണ്ടിവന്നതിനാല്‍ മേരിയെ ഒരു മഠത്തില്‍ താമസിപ്പിക്കേണ്ടി വന്നു. ശോഭനമായ ഒരു വിവാഹജീവിതമാണ് മാതാപിതാക്കള്‍ മേരിക്ക് ആഗ്രഹിച്ചത്. എന്നാല്‍ അനുദിന ദിവ്യകാരുണ്യ സ്വീകരണം അവള്‍ക്ക് ആകര്‍ഷകമായിത്തോന്നിയതു കൊണ്ട് കര്‍മ്മലീത്താസഭയില്‍ ചേരണമെന്നുള്ള തന്റെ തീരുമാനത്തില്‍ അവള്‍ ഉറച്ചുനിന്നു.

കര്‍മ്മലമഠത്തില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ കര്‍ത്താവിനോടുകൂടി സഹിക്കാവു ന്നിടത്തോളം  സഹിക്കണമെന്നുള്ള തീവ്രമായ ആഗ്രഹം അവളില്‍ ഉളവായി. ഈ ആഗ്രഹപൂര്‍ത്തീകരണത്തിനായി സ്വയമായി ഏറ്റെടുത്ത പരിത്യാഗങ്ങളും കഠിന രോഗമുളവാക്കിയ വേദനകളും, ആത്മീയ ജീവിതത്തിലെ ശുഷ്‌ക്കതയുടെ ക്ലേശങ്ങളും അവള്‍ പ്രയോജനപ്പെടുത്തി. ഈ ശൂന്യവല്ക്കരണത്തോടുകൂടി ഭോജനപ്രിയത്തിന്റെയും ജഡികാസക്തിയുടെയും കഠിനമായ പ്രലോഭനങ്ങളും അവള്‍ക്ക് അനുഭവപ്പെട്ടു. അഞ്ചുവര്‍ഷക്കാലം നീണ്ടുനിന്ന ഈ കഠിനപീഡകള്‍ അവളെ സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കാനുള്ളവയായിരുന്നു. ഇതിനെ തുടര്‍ന്ന് ദൈവിക സാന്നിദ്ധ്യത്തിലുള്ള സമാധാനത്തിന്റെ ആശ്വാസവും ആദ്ധ്യാത്മികാനന്ദവും കര്‍ത്താവ് അവള്‍ക്കു പ്രദാനം ചെയ്തു. പരഹ്യദയജ്ഞാനം, പ്രവചനത്തിന്റെയും, രോഗശാന്തികളുടെയും വരം, ഒരേ സമയം പലസ്ഥലങ്ങളിലായിരിക്കാനുള്ള അനുഗ്രഹം എന്നിവയെല്ലാം പരിശുദ്ധാത്മാവ് അവള്‍ക്കു നല്കി. അവളുടെ പരിചിന്തനങ്ങളിലെ സുപ്രധാനമായ ഒരു ഭാഗമാണിത്.   

ഓ! സ്‌നേഹമേ, സ്‌നേഹം, സ്‌നേഹിക്കപ്പെടുന്നില്ല. സ്വന്തം സൃഷ്ടികള്‍ ഈ സ്‌നേഹം അറിയുന്നില്ല. ഓ! എന്റെ ഈശോയേ ലോകത്തിന്റെ എല്ലാഭാഗത്തും കേള്‍ക്കത്തക്കവിധം മുഴക്കവും ശക്തിയുമുള്ള സ്വരം എനിക്കുണ്ടായിരുന്നെങ്കില്‍, ഈ സ്‌നേഹം അറിയപ്പെടാനും, സ്‌നേഹിക്കപ്പെടാനും, നിസ്തുലമായ ഈ ഏകനാമം മറ്റെല്ലാവരാലും ബഹുമാനിക്കപ്പെടാനും വേണ്ടി ഞാന്‍ ഉച്ചത്തില്‍ പ്രഘോഷിക്കുമായിരുന്നു. ജീവിതാന്ത്യം സമീപിച്ചപ്പോള്‍ കഠിനമായ തലവേദനയും തളര്‍വാതവും അവളുടെ ശക്തികെടുത്തി. 1607 ല്‍ അവള്‍ പരലോകപ്രാപ്തയായി. 1669 ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. അവളുടെ പാവനശരീരം ഇപ്പോഴും കേടുകൂടാതെ സ്ഥിതിചെയ്യുന്നു. 

നമ്മുടെ കഴിവുകളിലെന്നതിനേക്കാള്‍ ആന്തരികമോ ബാഹ്യമോ ആയി ദൈവമയയ്ക്കുന്ന കുരിശുകളോടുള്ള നമ്മുടെ പ്രത്യുത്തരത്തിന്റെ രീതിയെ അശ്രയിച്ചാണ് നമ്മുടെ വിശുദ്ധീകരണം സ്ഥിതി ചെയ്യുന്നത്. സഹനത്തിന്റെ ഓരോനിമിഷത്തെയും, ക്രൂശിതനായകര്‍ത്താവിന് ഒരു സ്‌നേഹാര്‍പ്പണമായി നല്‌കേണ്ടതെങ്ങനെയെന്ന് പാസ്സിയിലെ മറിയമഗ്ദലേനായുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109831