റോമിലെ വിശുദ്ധ പരസ്‌കീവ

ആദിമ ക്രൈസ്തവ സഭയിലേക്ക് ആയിരക്കണക്കിനു അന്യമതക്കാരെ ചേര്‍ത്ത സുവിശേഷപ്രവര്‍ത്തകയായിരുന്നു പരസ്‌കീവ. റോമിലെ ധനിക കുടും ബത്തില്‍ ജനിച്ച പരസ്‌കീവ യുടെ മാതാപിതാക്കള്‍ യേശുവില്‍ വിശ്വസിച്ചവരായിരുന്നു. മക്കളില്ലാത്തതിന്റെ മനോവേദന വര്‍ഷങ്ങളോളം അനുഭവിച്ചുപോന്ന അവര്‍ നിരന്തരം പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും മുഴുകി കരഞ്ഞു പ്രാര്‍ത്ഥിച്ചപ്പോഴാണ് ദൈവം ഒരു മകളെ അവര്‍ക്കു നല്കുന്നത്. മാതാപിതാക്കളുടെ പ്രത്യേക പരിലാളന പരസ്‌കീവയ്ക്കു ലഭിച്ചിരുന്നു. ധനിക കുടുംബമായിരുന്നതിനാല്‍ അക്കാലത്തു ലഭിക്കാവുന്ന മികച്ച വിദ്യാഭ്യാസവും അവള്‍ക്കു കിട്ടി. മാതാപിതാക്കളുടെ മരണശേഷം കുടുംബസ്വത്തു മുഴുവന്‍ പാവങ്ങള്‍ക്കു സംഭാവനയായി നല്കിയശേഷം തന്റെ ജീവിതമവള്‍ പ്രേഷിതപ്രവര്‍ത്തനത്തിനായി നീക്കിവെച്ചു. റോമന്‍ ചക്രവര്‍ത്തിമാരുടെ മതപീഢനകാലമായിരുന്നു അത്. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ നിരവധി പേര്‍ രക്തസാക്ഷികളായി. അന്തോനിയസ് പയസ് റോമന്‍ ചക്രവര്‍ത്തിയായിരുന്നപ്പോള്‍ പരസ്‌കീവയും തടവിലാക്കപ്പെട്ടു. വിശ്വാസം തള്ളിപ്പറയാന്‍ ആവശ്യപ്പെട്ട് പീഢനങ്ങള്‍ സഹിക്കേണ്ടി വന്നു. ചക്രവര്‍ത്തി നേരിട്ട് അവള്‍ക്ക് പല വാഗ്ദാനങ്ങളും നല്കി. എന്നാല്‍ തന്റെ വിശ്വാസത്തില്‍ പരസ്‌കീവ ഉറച്ചുനിന്നു. തിളച്ച എണ്ണയിലേക്ക് അവളെ എറിയാന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. അതനുസരിച്ച് അവളെ ആ പാത്രത്തിലേക്ക് എറിഞ്ഞു. എന്നാല്‍ പരസ്‌കീവയ്ക്ക് ഒന്നും സംഭവിച്ചില്ല. വെള്ളത്തില്‍ നില്‍ക്കുന്നതുപോലെ അവള്‍ പാത്രത്തില്‍ എഴുന്നേറ്റു നിന്നു. ചക്രവര്‍ത്തി ഇതിനു സാക്ഷിയായിരുന്നു. പരസ്‌കീവ ഒരു മന്ത്രവാദിയാണെന്നും, അവള്‍ എണ്ണ തണുപ്പിച്ചുവെന്നും അയാള്‍ വിളിച്ചുപറഞ്ഞു. ഇതു കേട്ടപ്പോള്‍ പരസ്‌കീവ തന്റെ കയ്യില്‍ അല്‍പം എണ്ണയെടുത്ത് ചക്രവര്‍ത്തിയുടെ മുഖത്തേക്ക് എറിഞ്ഞു. തിളച്ച എണ്ണ വീണ് അയാളുടെ മുഖത്ത് പൊള്ളലേറ്റു. മുഖം വികൃതമായി, കാഴ്ച്ച നഷ്ടപ്പെട്ടു. ചക്രവര്‍ത്തി ഉറക്കെ നിലവിളിച്ചു. തന്റെ കാഴ്ച്ച തിരിച്ചു നല്‍കണമേ എന്ന് അയാള്‍ വിളിച്ചു പറഞ്ഞു. പരസ്‌കീവ കണ്ണടച്ച് യേശുവിനോടു പ്രാര്‍ത്ഥിച്ചു. ചക്രവര്‍ത്തി ക്കു കാഴ്ച്ച തിരിച്ചു കിട്ടി. ഈ സംഭവത്തോടെ ക്രൈസ്തവരെ പീഢിപ്പിക്കുന്നത് അദ്ദേഹം അവസാനിപ്പിച്ചു. പരസ്‌കീവയെ മോചിപ്പിക്കുകയും ചെയ്തു. എ.ഡി 161 ല്‍ അന്തോനിയസ് ചക്രവര്‍ത്തി മരിക്കുന്നതുവരെ മതപീഢനം ഉണ്ടായിട്ടില്ല. എന്നാല്‍ പുതിയ ചക്രവര്‍ത്തി വന്നതോടെ ക്രൈസ്തവരെ പീഢിപ്പിക്കുന്നത് പുനരാരംഭിച്ചു. വിശുദ്ധ വീണ്ടും തടവിലാക്കപ്പെട്ടു. തടവിലായിരിക്കെ റോമന്‍ ഗവര്‍ണറെ അടക്കം നിരവധി ഉദ്യോഗസ്ഥരെയും തടവുകാരെയും അവള്‍ യേശുവിന്റെ അനുയായികളാക്കിമാറ്റി. 180ല്‍ പരസ്‌കീവയുടെ തലവെട്ടി. അങ്ങനെ ആ വിശുദ്ധ രക്തസാക്ഷിത്വം വരിച്ചു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 99536