വിശുദ്ധ മാര്‍ട്ടിന്‍ ഡി.പോറസ്

ലീമായിലെ പ്രഭുവായിരുന്ന ഡോണ്‍ ജുവാന്‍ പോറസിന്റെയും അന്നാവെലാസ് ക്വെസ്സ് എന്ന നീഗ്രോ സ്ത്രീയുടെയും രണ്ടു മക്കളില്‍ ഇളയവനായി 1579 ഡിസംബര്‍ 9- ാം തീയതി മാര്‍ട്ടിന്‍ ഭൂജാതനായി. തൊലി കറുത്തതായിപ്പോയതിന്റെ പേരില്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയിരുന്നു. അമ്മ മറ്റു വീടുകളില്‍ വേലയ്ക്കുനിന്നാണ് അവരെ വളര്‍ത്തിയത്. കഷ്ടപ്പാടുകളും ദുരിതവും ദാരിദ്ര്യവും കാരണം മാര്‍ട്ടിന്റെ അമ്മയ്ക്കും മക്കളെ കാണുന്നതും, അതുപോലെത്തന്നെ തങ്ങളുടെ നിറത്തെയും വെറുപ്പായിരുന്നു. പക്ഷെ, കുഞ്ഞുമാര്‍ട്ടിന്‍ കുഞ്ഞുനാളിലേ സഹജീവികളോട് സ്‌നേഹവും കാരുണ്യവും ഉള്ളവനായിരുന്നു. നിറമോ പണമോ നോക്കാതെ അവന്‍ ഏവരേയും സ്‌നേഹിച്ചും സഹായിച്ചും പോന്നു. അവന്റെ വിദ്യാഭ്യാസത്തിനുശേഷം അവന്‍ ഒരു ഡിസ്‌പെന്‍സറിയില്‍ ജോലിക്കുചേര്‍ന്നു.

അവിടെവച്ച് എല്ലാ മരുന്നുകളെയുംകുറിച്ച് പഠിക്കുകയും യുദ്ധത്തില്‍ മുറിവേറ്റവരെശുശ്രൂഷിക്കാനായ് രാവും പകലും അവന്‍ സമയം കണ്ടെത്തുകയുംചെയ്തു. യുവാവായ മാര്‍ട്ടിന്‍ രാത്രിയുടെ യാമങ്ങളില്‍ ഏറെനേരം ക്രൂശിതരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തിനിന്ന് മനുഷ്യപാപങ്ങളെയോര്‍ത്ത് കരഞ്ഞു പ്രാര്‍ത്ഥി ക്കുമായിരുന്നു. ഒരുദിവസം പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ യജമാനനായ യേശു തന്നെ വിളിക്കുന്നതായി മാര്‍ട്ടിന് അനുഭവപ്പെട്ടു. തന്റെ 25 -മത്തെ വയസ്സില്‍ മാര്‍ട്ടിന്‍ ഡൊമിനിക്കന്‍ സഭയില്‍ ഒരു 'ഭൃത്യനായ സഹോദരന്‍' എന്ന പേരില്‍ ചേര്‍ന്നു. അവിടെ മാര്‍ട്ടിന്‍ ദൈവസ്‌നേഹത്താല്‍ ലാളിത്യത്തിന്റെയും എളിമയുടേയും നിറകുടമായിരുന്നു. വിരുന്നിനു ചെല്ലുമ്പോള്‍ ഏറ്റവും താഴ്ന്ന സ്ഥാനത്ത് ഇരിക്കണം എന്ന തമ്പുരാന്റെ വാക്കുകള്‍ എന്നും ജീവിതത്തില്‍ ചേര്‍ത്തു നിര്‍ത്താന്‍ മാര്‍ട്ടിന്‍ പരിശ്രമിച്ചിരുന്നു. ആശ്രമജീവിതകാലത്ത്  ഒത്തിരി അത്ഭുതങ്ങള്‍ മാര്‍ട്ടിന്‍ ചെയ്യുകയുണ്ടായി. മരിച്ചവരെ ഉയിര്‍പ്പിക്കുകയും, രോഗികകളെ സൗഖ്യമാക്കുകയും, തുടങ്ങി ഒത്തിരിപ്പേരുടെ മാനസാന്തരത്തിനും മാര്‍ട്ടിന്റെ ജീവിതം കാരണമായിരുന്നു.

ഒരിക്കല്‍ ആശ്രമാധിപന്‍ വാങ്ങിക്കൊടുത്ത പുത്തന്‍ വസ്ത്രങ്ങളണിഞ്ഞു ഏവരുടേയും മുമ്പില്‍ വന്ന അവനെ 'ഇതാ പുതിയ വസ്ത്രം ധരിച്ച് അടിമ വന്നു' എന്നു പറഞ്ഞ് എല്ലാവരും പരിഹസിക്കുവാനും  കുറ്റപ്പെടുത്തുവാനും തുടങ്ങി. എങ്കിലും എല്ലാം ഒരു ചിരിയോടെ സ്വീകരിച്ച് അവന്‍ അവരോടേവരോടുമായി പറഞ്ഞു, എനിക്ക് എന്റെ ദൈവത്തെ കാണാന്‍ സമയമായി. നാലു ദിവസത്തിനുള്ളില്‍ ഞാന്‍ മരിക്കും. നാലു ദിവസം അവന്‍ കിടക്കയില്‍ ആയിരുന്നപ്പോള്‍ രണ്ടു സ്വര്‍ഗ്ഗീയ മക്കള്‍ കാണാന്‍ വന്നു. പരിശുദ്ധ അമ്മയും, വിശുദ്ധ ഡൊമിനിക്കും. ഏറെ നേരത്തെ സംഭാഷണത്തിനുശേഷം അവര്‍ അവന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോയി. തൊലി കറുത്തതിന്റെ പേരില്‍ എല്ലാവരാലും വെറുക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട് ജീവിതകാലം മുഴുവന്‍ ഏവരുടേയും ഭൃത്യനായി ജോലിചെയ്ത അവന്റെ ശരീരം അടക്കം ചെയ്യാന്‍ നേതൃത്വം വഹിച്ചത് ആ രാജ്യത്തിന്റെ അധികാരിയും സഭാതലവന്മാരും ചേര്‍ന്നായിരുന്നു. 1837 ല്‍ ഗ്രിഗറി 16-മന്‍ മാര്‍ പാപ്പ മാര്‍ട്ടിനെ വാഴ്ത്തപ്പെട്ടവനാക്കുകയും 1962 മെയ് 6ന് ജോണ്‍ 23- മന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധ മാര്‍ട്ടിന്റെ 300-ാം ചരമവാര്‍ഷികത്തില്‍ പെറു എന്ന അദ്ദേഹത്തിന്റെ മാതൃരാജ്യം അദ്ദേഹത്തെ ആ രാജ്യത്തിന്റെ സാമൂഹിക നീതിയുടെ സംരക്ഷകനായി നാമകരണം ചെയ്തു.

വിചിന്തനം: നമ്മള്‍ ആരാണ് എന്നതിലല്ല കാര്യം. ദൈവത്തിന് നമ്മള്‍ നമ്മെത്തന്നെ എങ്ങനെ സമര്‍പ്പിക്കുന്നു എന്നതിലാണ്. നാം ആരായാലും ദൈവം നമ്മെ സ്‌നേഹിക്കുന്നു. മക്കളെപ്പോലെ.

പ്രാര്‍ത്ഥന: ദൈവമേ, വിശുദ്ധ മാര്‍ട്ടിനെപ്പോലെ ഏവരേയും ഹൃദയപൂര്‍വ്വം സ്‌നേഹിക്കാനും, എളിമ എന്ന പുണ്യത്തിലൂടെ നയിക്കപ്പെടുവാനും അങ്ങയുടെ ആത്മാവിലൂടെ ഞങ്ങളെ നിറയ്ക്കണമെ… ആമ്മേന്‍.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957