വിശുദ്ധ ജിയന്നെ ജുഗാന്‍

ജോസഫ് - മാരി ജുഗാന്‍ ദമ്പതികളുടെ എട്ട് മക്കളില്‍ ആറാമത്തെ സന്താനമായി 1792 ഒക്‌ടോബര്‍ 25ന് ഫ്രാന്‍സിലെ കാന്‍കെയ്‌ലില്‍ ആയിരുന്നു ജിയന്നെ ജുഗാന്റെ ജനനം. ജിയന്നയുടെ 4-ാമത്തെ  വയസ്സില്‍ പിതാവ് ജോസഫ് മത്സ്യബന്ധനത്തിനിടെ കടലില്‍ അകപ്പെട്ട് മരണമടഞ്ഞു. പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് അമ്മ ആ വലിയ കുടുംബത്തെ മുമ്പോട്ട് കൊണ്ടു പോയത്. ചെറുപ്പത്തില്‍ തന്നെ അമ്മയെ സഹായിക്കാന്‍ അവള്‍ ഒരു സമ്പന്ന കുടുംബത്തിലെ വീട്ടു ജോലിക്കാരിയായി. 

25 വയസ്സ് വരെ അവള്‍ അത്  തുടര്‍ന്നു. ഒരിക്കല്‍ വിവാഹവാഗ്ദാനവുമായി ജുഗാനെ സമീപിച്ച കുലീനനായ യുവാവിനോട് അവള്‍ ഇങ്ങനെ പറഞ്ഞു. 'ദൈവത്തിന് എന്നെ ആവശ്യമുണ്ട്. അവിടുന്ന് എനിക്കായ് ഒരു ജോലി കരുതിവച്ചിട്ടുണ്ടെന്നും എനിക്കറിയാം. പക്ഷെ ഇതുവരെ ഞാന്‍ അത് കണ്ടെത്തിയിട്ടില്ല. അത് കണ്ടെത്താനുള്ള  ശ്രമത്തിലാണ് ഞാന്‍.' 25-ാം വയസ്സില്‍  ആരാധ്യയായ മാതാവിന്റെ മൂന്നാം സഭയില്‍  ചേര്‍ന്ന ജുഗാന്‍ 1839 ല്‍ തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു അനുഭവത്തിലൂടെ കടന്നുപോയി. തന്റെ വീടിന്റെ വാതിലില്‍ മുട്ടിയ അന്ധനും, പാതി തളര്‍ന്നവനുമായ ഒരു വ്യക്തിയെ തന്റെ ഭവനത്തില്‍ താമസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. ഇതാണ് തന്നെക്കുറിച്ചുള്ള  ദൈവീക പദ്ധതി എന്ന് തിരിച്ചറിഞ്ഞ ജുഗാന്‍ ആരും ഇല്ലാത്തവരേയും, അഗതികളേയും ശുശ്രൂഷിക്കുവാന്‍ ജീവിതം മാറ്റിവച്ചു. കാലക്രമേണ ജുഗാന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറേ പേര്‍ സഹായികളായി. അംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ചിലവേറിയപ്പോള്‍ വിശുദ്ധ  ജുഗാന്‍ ഭിക്ഷാടനത്തിന് ഇറങ്ങിപ്പുറപ്പെട്ടു. മറ്റുള്ളവര്‍ ജുഗാനെ ഒരു പിരിവുകാരിയാക്കിയപ്പോഴും, ആത്മീയ പിതാവായ അഗസ്താലെ ജുഗാനെ മാറ്റി പുതിയതായി വന്ന ഒരു പെണ്‍കുട്ടിയെ അവരുടെ സുപ്പീരിയറായി തിരഞ്ഞെടുത്തപ്പോഴും, ജുഗാന്‍ ഒരു പരാതിയും, പരിഭവവും ഇല്ലാതെ ദൈവസ്‌നേഹത്തെപ്രതി  തന്റെ ശുശ്രൂഷ തുടര്‍ന്നു.

1842 ഡിസംബര്‍ 8-ന് 'ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് പുവര്‍' എന്ന സന്യാസ സഭ വിശുദ്ധ ആരംഭിച്ചു. ജുഗാന്‍, മദര്‍സുപ്പീരിയറായിരുന്നെങ്കിലും ജുഗാനെ സന്യാസ സഭയുടെ എല്ല ഉത്തരവാദിത്വങ്ങളില്‍ നിന്നും നീക്കി, മഠത്തിലെ ഒരു മുറിയില്‍ മാത്രം ഒതുങ്ങിക്കൂടുവാന്‍ ആത്മീയ ഗുരു ആവശ്യപ്പെട്ടപ്പോള്‍ മറുത്ത് ഒരു വാക്കു പോലും പറയാതെ എല്ലാം ദൈവത്തെ പ്രതി അനുസരിച്ചു. അവസാന കാലങ്ങളില്‍ തന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടിട്ടും വിശുദ്ധ, ഒരു പുഞ്ചിരിയോടെ ദൈവസ്‌നേഹത്തില്‍ ജീവിച്ചു കൊണ്ട് ഇങ്ങനെ പറയും; ' ഇപ്പോള്‍ എനിക്ക് കാണാവുന്നത് ദൈവത്തെ മാത്രം'. 1879 ഓഗസ്റ്റ് 28-ന് തന്റെ 86-ാം വയസ്സില്‍ ജുഗാന്‍ സ്വര്‍ഗ്ഗീയ ഭവനത്തിലേയ്ക്ക്  യാത്രയായി. ജുഗാന്റെ വിശ്വസ്ഥതമൂലം ഒരു ഡോക്ടറുടെ മാരകമായ ക്യാന്‍സര്‍ സൗഖ്യപ്പെട്ടു. അതോടുകൂടി, 1982 ഒക്‌ടോബര്‍ 3-ന് ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പാപ്പ ജുഗാനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിചിന്തനം : ദൈവത്തിന്  നമ്മെക്കുറിച്ചുള്ള  പദ്ധതികള്‍ തിരിച്ചറിയാനും, അതിനു വേണ്ടി ക്ഷമാപൂര്‍വ്വം അനുസരണയോടും, എളിമയോടും കൂടെ കാത്തിരിക്കുവാനും നമുക്ക് പഠിക്കാം, പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന: ഞങ്ങളുടെ അനുദിന ജീവിതത്തിലെ, എല്ലാ പ്രവര്‍ത്തികളും ദൈവത്തിന് വേണ്ടി ചെയ്യുവാനും, ഏറ്റവും ചെറിയവരില്‍പ്പോലും ദൈവത്തെ കാണുവാനും, ലഭിക്കേണ്ട അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സമചിത്തതയോടെ അവയെ സ്വീകരിക്കുവാനും തക്കവിധം ഞങ്ങളുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടുത്തുന്നതിന് വി. ജുഗാനെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.  ആമ്മേന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957