വിശുദ്ധ നാര്‍ച്ചീസ

വിരക്തിയും, പ്രാര്‍ത്ഥനയും, ദൈവസ്‌നേഹവും കൈമുതലാക്കി സ്വര്‍ഗ്ഗരാജ്യം കൈവശപ്പെടുത്തുകയും അവിടെ പരിമളം പരത്തുന്ന പുഷ്പമായി പരിലസിക്കുന്ന വിശുദ്ധ നാര്‍ച്ചീസ. വിശുദ്ധ പദവി കൈവരിക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളെല്ലാം തകിടം മറിച്ച ജീവിതമായിരുന്നു വിശുദ്ധയുടേത്. പരിഷ്‌ക്കാരം എത്തി നോക്കാത്ത ഭൂമധ്യരേഖാ രാജ്യമായ ഇക്വഡോറിലെ ഗായാസിലുള്ള നോബോസില്‍ 1832 ഒക്‌ടോബര്‍ 29ന് പെഡ്രോ മര്‍ത്തില്ലോയുടെയും ജോസഫീന വോറനിയുടെയും ഒമ്പതു മക്കളില്‍ ആറാമത്തെ മകളായി ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. 

വിധേയത്വം, സഹായ മനസ്ഥിതി, സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം, സമാധാനശീലം, സന്തോഷപ്രകൃതം എന്നീ ഗുണങ്ങള്‍ വളരെ കുഞ്ഞുനാളില്‍ നാര്‍ച്ചീസയില്‍ നിറഞ്ഞുനിന്നിരുന്നു. പക്ഷെ ആറുവയസ്സ് പ്രായമുള്ളപ്പോള്‍ അവളെ ഒത്തിരി സ്‌നേഹിച്ച അവളുടെ അമ്മ മരിച്ചു. പിന്നെ അവളെ വളര്‍ത്തിയതും, പഠിപ്പിച്ചതും മൂത്ത സഹോദരിയായിരുന്നു. നന്നായി പാടുവാനും ഗിറ്റാര്‍ വായിക്കുവാനും അറിയാമായിരുന്ന വിശുദ്ധ ഗാനരൂപത്തിലായിരുന്നു പ്രാര്‍ത്ഥനകളെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ചിരുന്നത്. പരിപൂര്‍ണ്ണമായ വിശുദ്ധിയിലേക്കും, കന്യകാത്വത്തിലേക്കുമാണ് ദൈവം തന്നെ വിളിച്ചിരിക്കുന്നതെന്ന ഉത്തമബോധ്യം ഏഴുവയസ്സിലെ അവളുടെ മനസ്സില്‍ പരിശുദ്ധാത്മാവ് നല്‍കിയിരുന്നു. ദിവസത്തിന്റെ മുക്കാല്‍ പങ്കും വീടിനടുത്തുള്ള ഒരു ചെറിയ വനപ്രദേശത്തുള്ള ഗുയാമ്പു മരത്തണലില്‍ പ്രാര്‍ത്ഥനാപൂര്‍വ്വമായിരുന്നു വിശുദ്ധയുടെ ജീവിതം. 1852 ജനുവരിയില്‍ അവള്‍ക്ക് 19 വയസ്സുള്ളപ്പോള്‍ പിതാവും വിശുദ്ധയെ  വിട്ടുപിരി ഞ്ഞു . പിന്നീടുള്ള  അവളു ടെ ജീവിതം ഒരു തുന്നല്‍ ജോലിക്കാരി ആയിട്ടായിരുന്നു. സ്വയം മറന്നുകൊണ്ടുള്ള ജീവിതമായിരുന്നു വിശുദ്ധയുടേത്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുവാനാണ് ദൈവം തന്നെ തിരഞ്ഞെടുത്തത് എന്നായിരുന്നു വിശുദ്ധ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. ജീവിതത്തിന്റെ ആകുലതകളെല്ലാം ദൈവത്തിനു സമര്‍പ്പിച്ച് എല്ലാ തിരക്കുകള്‍ക്കിടയിലും പ്രാര്‍ത്ഥിക്കുവാന്‍ ജീവിതത്തെ നീക്കിവയ്ക്കാന്‍ വിശുദ്ധയ്ക്കായി. താന്‍ ജീവിക്കുന്നതുപോലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടിയായിരുന്നു എന്നാണ് വിശുദ്ധ ചിന്തിച്ചത്. അങ്ങനെ ആത്മീയജീവിതത്തിന്റെ നിറവില്‍ മുന്നോട്ടു പോകുമ്പോഴാണ് ആധ്യാത്മിക പിതാക്കന്‍മാരുടെ നിര്‍ദ്ദേശാനുസരണം പെറുവിന്റെ തലസ്ഥാനമായ ലിമായിലുള്ള ഡൊവിനിഷ്യന്‍ കോണ്‍വെന്റില്‍ ചേരുവാന്‍ തീരുമാനിക്കുകയും അങ്ങനെ 1868ല്‍ ഒരു അത്മായ അംഗമായി ചേര്‍ന്നെങ്കിലും എല്ലാ വ്രതവാഗ്ദാനങ്ങളും, നിയമങ്ങളും ആരുടെയും നിര്‍ബന്ധത്തിനോ, സ്വാധീനത്തിനോ വഴങ്ങാതെ സ്വയം നിറവേറ്റി. സ്വയം പരിത്യാഗത്തിന്റെ ജീവിത ഇടവേളകളില്‍ കര്‍ത്താവിന്റെ ക്രൂശുമരണത്തിന്റെ അടയാളങ്ങള്‍ തമ്പുരാന്‍ സ്‌നേഹപൂര്‍വ്വം വിശുദ്ധയുടെ ശരീരത്തില്‍ നല്‍കിയിരുന്നു.

കഠിനജീവിതരീതിയും, നിരന്തരമായ ഉപവാസവും കാരണം 1869ന്റെ പകുതിയോടെ വിശുദ്ധ രോഗിയാവുകയും, 1869 അവസാനം മാതാവിന്റെ അമലോത്ഭവസത്യത്തിന്റെ അനുസ്മരണദിനത്തിന്റെയും, ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരംഭദിനത്തിന്റെയും അന്ന് വിശുദ്ധ പ്രാര്‍ത്ഥനാപൂര്‍വ്വം ഈ ലോകം ഉപേക്ഷിച്ചു യാത്രയായി.  2008 ഒക്‌ടോബര്‍ 12ന് വിശുദ്ധ അള്‍ത്താര വണക്കത്തിന് യോഗ്യയായി

വിചിന്തനം:

പ്രിയപ്പെട്ടവരെ, ദൈവത്തെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള അനുഭവത്തെക്കുറിച്ച് നമുക്ക് ധ്യാനിക്കാം. ദൈവം ഒരു നിലാവായി നിറയണം മനസ്സില്‍, നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതിയെന്താണ്, എന്നറിയാന്‍ തമ്പുരാന്റെ മുമ്പില്‍ ഹൃദയം തുറന്നു നില്‍ക്കാം.

പ്രാര്‍ത്ഥന:

ദൈവമേ, ലോകത്തിനു മുഴുവനായി പ്രാര്‍ത്ഥനാപൂര്‍വ്വം ജീവിച്ച വിശുദ്ധ നാര്‍ച്ചീസയെപ്പോലെ ഈ കരുണയുടെ വര്‍ഷത്തില്‍ ലോകം മുഴുവന്‍ കരുണായാല്‍ നിറയാന്‍ കരുണയുണ്ടാകണമേ, ആമ്മേന്‍.

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137100