നിക്കോസ്യായിലെ വിശുദ്ധ ഫെലിക്‌സ്

ഇറ്റലിയിലെ നിക്കോസ്യായിലെ ഒരു ചെരുപ്പുകുത്തിയുടെ മകനായി 1715 നവംബര്‍ അഞ്ചിനായിരുന്നു വിശുദ്ധന്റ ജനനം. ദരിദ്രനായതുകൊണ്ട് വിശുദ്ധന് പഠിക്കുവാനോ, ബിരുദങ്ങള്‍ സമ്പാദിക്കുവാനോ സാധിച്ചില്ല. ദാരിദ്ര്യം വര്‍ദ്ധിച്ചപ്പോള്‍ വിശുദ്ധന്‍ അപ്പനെ സഹായിക്കുവാന്‍ ചെരുപ്പുകുത്തിയായി ജോലി തുടങ്ങി. വിശുദ്ധന്റെ കടയുടെ അടുത്തുണ്ടായിരുന്ന കപ്പൂച്ചിന്‍ ആശ്രമവും, അവിടുത്തെ സന്യാസിമാരുടെ ജീവിതവും വിശുദ്ധനെ ഏറെ സ്വാധീനിച്ചു. അവരിലൊരാളായി ബാക്കിയുള്ള കാലം ജീവിക്കണമെന്ന ആഗ്രഹത്തോടെ ആശ്രമാധിപനെ സമീപിച്ചു വെങ്കിലും അവിടെനിന്നും അതു നിരസിക്ക
പ്പെട്ടു. പക്ഷെ ഏറെ നാളത്തെ കഠിനമായ പ്രാര്‍ത്ഥനയുടെയും, പരിശ്രമത്തിന്റേയും ഫലമായി എട്ടു വര്‍ഷത്തിനുശേഷം 1743 ഒക്‌ടോബര്‍ 19-ാം തീയതി കപ്പൂച്ചിന്‍ സഭയില്‍ ചേരാന്‍ അദ്ദേഹത്തിന് അനുവാദം ലഭിച്ചു. പക്ഷെ വിദ്യാഭ്യാസക്കുറവുള്ളതുകൊണ്ട് സഹോദര സന്യാസിയാകാനാണ് അനുവാദം ലഭിച്ചത്. അങ്ങനെ 1744 ഒക്‌ടോബര്‍ 10 ന് അദ്ദേഹം തന്റെ വ്രതവാഗ്ദാനങ്ങളെല്ലാം നടത്തി. തുടര്‍ന്നുള്ള 40 വര്‍ഷത്തെ സന്യാസജീവിതം മുഴുവന്‍ തന്റെ സന്യാസ സഭയ്ക്കുവേണ്ടിയുള്ള യാചകനായാണ് വിശുദ്ധ ഫെലിക്‌സ് ജീവിച്ചത്. ഒരോ ദിവസവും വീടുകള്‍തോറും കയറിയിറങ്ങി അദ്ദേഹം ഭിക്ഷയാചിക്കും. ലഭിക്കുന്ന പ്രതികരണം എന്തുമായിക്കൊള്ളട്ടെ, വിശുദ്ധന്‍ വിനയപൂര്‍വ്വം പറയും; 'നന്ദി'. ഭിക്ഷയ്ക്കു പകരം അടി കിട്ടിയ അവസരങ്ങളിലും അദ്ദേഹം ഇങ്ങനെ തന്നെ പറഞ്ഞിരുന്നു.

ഈശോയോടും മാതാവിനോടും അതിരറ്റ സ്‌നേഹവും ഭക്തിയുമായിരുന്നു വിശുദ്ധന്. മാര്‍ച്ചുമാസത്തെ വെള്ളിയാഴ്ച്ചകളില്‍ ക്രിസ്തുവിന്റെ പീഢാസഹനങ്ങളെയോര്‍ത്ത് ധ്യാനിച്ച് റൊട്ടി യും വെള്ളവും മാത്രം കഴിച്ച് അദ്ദേഹം ഉപവസിച്ചു പോന്നു. ദിവ്യകാരുണ്യത്തോട് അതിരറ്റ ഭക്തിയായിരുന്നു അദ്ദേഹത്തിന്, ഏറെ നേരം പ്രാര്‍ത്ഥനാപൂര്‍വ്വം ദിവ്യകാരുണ്യസന്നിധിയില്‍ ആയിരിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. യേശു തമ്പുരാന്‍ അദ്ദേഹത്തിന് അതിശയകരമായ രോഗസൗഖ്യം കനിഞ്ഞുനല്‍കിയിരുന്നു. 1777 ല്‍ ഇറ്റലിയില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് , അനേകരെ രോഗ ബാധിതരാക്കിയപ്പോള്‍ അവരെ ശുശ്രൂഷിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന വിശുദ്ധന് ദൈവാനുഗ്രഹത്തില്‍  ആ മഹാരോഗം ബാധിച്ചതേയില്ല.

ഒരു ദിവസം പൂന്തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കേ വിശുദ്ധന് കഠിനമായ പനി ബാധിച്ചു. അസാമാന്യമായ വിധേയത്വമാണ് വിശുദ്ധന്‍ അധികാരികളോട് പുലര്‍ത്തിയിരുന്നത്. മരിക്കുന്നതിനുമുമ്പുപോലും ആശ്രമാധിപനോട് അനുവാദം ചോദിച്ചു ആസന്യാസിവര്യന്‍. 1787 മെയ് 31-ാം തിയതി രണ്ടുമണിക്ക് അദ്ദേഹത്തിന്റെ ആത്മാവ് സ്വര്‍ഗ്ഗത്തിലേയ്ക്ക് യാത്രയായി. 1888 ഫെബ്രുവരി 12-ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കുകയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. ജൂണ്‍ രണ്ടിന് സഭ അദ്ദേഹത്തിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു.

വിചിന്തനം:
പ്രിയപ്പെട്ടവരെ 'നമ്മള്‍ ആരാണ്' എന്നതല്ല പ്രധാനം, 'എത്ര ആഴമായി നമുക്ക് നമ്മുടെ തമ്പുരാനെ സ്‌നേഹിക്കുവാന്‍ സാധിക്കും' എന്നതിലാണ്. വിശുദ്ധ ഫെലിക്‌സിനെപ്പോലെ നന്മനിറഞ്ഞ ഒരു ജീവിതം നമുക്കും കെട്ടിപ്പടുക്കാം. ജീവിതത്തിന്റെ അനിവാര്യങ്ങളെ ക്രിസ്തുവിന്റെ സഹനങ്ങളുമായി ചേര്‍ത്തുവച്ച് നമുക്ക് പറയുവാന്‍ സാധിക്കണം, ദൈവമേ അങ്ങുതന്ന എല്ലാ കൃപകള്‍ക്കും നന്ദിയെന്ന്. 'ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കൈയ്യില്‍ തന്നാല്‍ സന്തോഷത്തോടതുവാങ്ങി ഹല്ലേലൂയ പാടീടും ഞാന്‍' എന്നുപാടിയ കൊച്ചു കുഞ്ഞുപദേശിയോടൊത്ത് നമുക്കും പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന;
ദൈവമേ ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ ആഘാതങ്ങളിലും മനസ്സ് പതറാതെയും അവയെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചും അങ്ങയോടു ചേര്‍ന്നു നില്‍ക്കുവാന്‍ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ.. ആമ്മേന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969