വി. ബെര്‍നടെട്ടെ സൗബിരൗസ്

ഫ്രാന്‍സിലെ ലൂര്‍ദ്ദ് പട്ടണത്തില്‍ വളരെ പാവപ്പെട്ട ദമ്പതികളുടെ മൂത്ത മകളായാണ് 1844 ല്‍ വി. ബെര്‍നടെട്ടെയുടെ ജനനം. പൂര്‍ണ്ണമായും ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിലാണ് അവര്‍ താമസിച്ചിരുന്നത്. 1858 ഫെബ്രുവരി 11 ന് ലൂര്‍ദ്ദിലെ ഗാവ് നദിയുടെ തീരത്തുളള ഗുഹയില്‍വച്ച് ആദ്യമായി പരിശുദ്ധദൈവമാതാവ് ബെര്‍നടെട്ടെയ്ക്ക് പ്രത്യക്ഷപ്പെട്ടു. അന്നവള്‍  വെറും 14 വയസ്സ്മാ ത്രമുള്ള പരിശുദ്ധകുര്‍ബാന പോലും സ്വീകരിക്കാത്ത  വളരെ ദുര്‍ബ്ബലയായ കുട്ടിയായിരുന്നു. ചെറുപ്പംമുതലെ ശ്വാസംമുട്ടലിന്റെ യാതനകള്‍ അവളെ വല്ലാതെ അലട്ടിയിരുന്നു. ബെര്‍നടെട്ടയുടെ ജീവിതത്തില്‍ 18 തവണ പരിശുദ്ധ കന്യാമാതാവ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആദ്യമൊക്കെ അവള്‍ പറഞ്ഞിരുന്നത് ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് തുടര്‍ച്ചയായി പരിശുദ്ധമാതാവിന്റെ പ്രത്യക്ഷീകരണം ജനങ്ങളെ ആശ്ചര്യപ്പെടുത്തി. പരിശുദ്ധ അമ്മ ബെര്‍നടെട്ടയോട് തന്നെ കണ്ടിരുന്ന സ്ഥലത്ത് ഒരു കുരിശുപള്ളി പണിയുവാന്‍ ആവശ്യപ്പെട്ടു. അവിടെ ഒരു ചെറിയ അരുവിയും ഉണ്ടാക്കിയിരുന്നു അവള്‍. പലയിടങ്ങളില്‍ നിന്നും രോഗികള്‍ അവിടെയെത്തി പ്രാര്‍ത്ഥിക്കുകയും അരുവിയില്‍ നിന്നും ജലം കുടിക്കുകയും ചെയ്തമാത്രയില്‍ തന്നെ അവരുടെ അസുഖങ്ങള്‍ മാറി, സൗഖ്യമുള്ളവരായി.

അവളുടെ ദര്‍ശനങ്ങളിലെല്ലാം പരിശുദ്ധ അമ്മ 16-17 വയസ്സ് മാത്രമുള്ള അരക്കച്ചകെട്ടിയ തൂവെള്ള വസ്ത്രധാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു. മഞ്ഞനിറമുള്ള പനിനീര്‍പുഷ്പങ്ങളാല്‍ പരിശുദ്ധ അമ്മയുടെ പാദങ്ങള്‍ ആവരണം ചെയ്യപ്പെട്ടിരുന്നു. കൂടാതെ വലതുകൈയ്യില്‍ ഒരു ജപമാലയും ഉണ്ടായിരുന്നു. മാര്‍ച്ച് 25-ന് ഉണ്ടായ ഒരു ദര്‍ശനത്തില്‍ പരിശുദ്ധ അമ്മ അവള്‍ക്ക് താന്‍ പരിശുദ്ധ ദൈവമാതാവാണെന്നും ജന്മപാപരഹിതയാണെന്നും വെളിപ്പെടുത്തി. അപ്പോള്‍ മാത്രമാണ് അവള്‍ തന്നെ സന്ദര്‍ശിച്ചിരുന്നത് ദൈവമാതാവാണെന്ന് തിരിച്ചറിഞ്ഞത്.

പരിശുദ്ധ അമ്മയുടെ ചില പ്രത്യക്ഷപ്പെടലുകള്‍ ഇടവിടാതെ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമായി. ഇതുവഴിയായി, ലൂര്‍ദ്ദ് ലോകത്തിലെതന്നെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളെ ആകര്‍ഷിച്ചു പോരുന്ന സ്ഥലമായി മാറി. ഒട്ടനവധി വിശ്വാസികളും, രോഗികളും ഇവിടെ വന്ന് നിരവധി അനുഗ്രഹങ്ങള്‍ നേടി  പോകുന്നുണ്ട്. 1862-ല്‍ തിരുസഭ ഈ പ്രത്യക്ഷപ്പെടലുകളൊക്കെ സത്യങ്ങളാണെന്ന് അംഗീകരിച്ചു.

ജനങ്ങളില്‍ നിന്നും, ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും മറ്റുമായി ബെര്‍നടെട്ടെക്കിന് ഒത്തിരിയധികം യാതനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ലൂര്‍ദ്ദില്‍ നിന്നും പുറപ്പെട്ടു. 4 മാസങ്ങള്‍ക്കകം തിരുവസ്ത്രം സ്വീകരിക്കുവാന്‍ തിരുസഭ അവളെ അനുവദിച്ചു. എന്നാല്‍ അവളുടെ രോഗബാധിതശരീരം അതിനൊന്നും അവളെ അനുവദിച്ചില്ല. 1879 ഏപ്രില്‍ 16 ന് തന്റെ 35-ാം വയസ്സില്‍ അവള്‍ ലോകത്തോട് വിടപറഞ്ഞു. 1933 ല്‍ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109969