വിശുദ്ധ അഗസ്റ്റ്യന്‍

അമ്മയായ മോനിക്കയേപോലെ തന്നെ വിശുദ്ധനാണ് വി. അഗസ്റ്റ്യന്‍. പാപങ്ങളില്‍ മുഴുകി ജീവിച്ച ഒരു മനുഷ്യന്‍. മദ്യപാനം, വ്യഭിചാരം, ചൂതാട്ടം തുടങ്ങിയ തിന്മകള്‍ക്ക് നടുവില്‍ നിന്ന്, വിശുദ്ധിയിലേയ്ക്ക് അഗസ്റ്റ്യനെ കൈപിടിച്ചു കയറ്റിയത് അമ്മയായ മോനിക്ക തന്നെയായിരുന്നു. മാണിക്കേയമതം ആഫ്രിക്കയില്‍ ഏറെ പ്രചാരം നേടിയ സമയമായിരുന്നു അത്. ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍ കൂടാതെ പേര്‍ഷ്യ, ഇറാഖ്, അറേബ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഈ മതം പ്രചരിച്ചിരുന്നു എന്നതിന് പിന്നീട് തെളിവുകള്‍ കിട്ടി. അഗസ്റ്റ്യന്‍ തന്റെ വിദ്യാഭ്യാസ കാലത്ത് ഈ മതത്തില്‍ ആകൃഷ്ടനായി അതിന്റെ പ്രചാരകനായി കഴിഞ്ഞു. ഏതാണ്ട് ഒന്‍പതു വര്‍ഷം. മോനിക്കയുടെ പ്രാര്‍ത്ഥനകള്‍ക്കോ, അവളുടെ കണ്ണീരിനോ അവന്‍ വില കൊടുത്തില്ല. വിവാഹം കഴിക്കാതെ തന്നെ അവന്‍ ഒരു സ്ത്രീയെ തന്റെ ജീവിത പങ്കാളിയാക്കി. പതിനഞ്ചാം വയസ്സു മുതല്‍ മുപ്പതാം വയസ്സു വരെ ആ സ്ത്രീക്കൊപ്പമാണ് അഗസ്റ്റ്യന്‍ ജീവിച്ചത്. അവരില്‍ അഗസ്റ്റ്യന് ഒരു മകനുമുണ്ടായി.

മാണിക്കേയമതത്തിന്റെ പിടിയില്‍ നിന്നും മകനെ രക്ഷിക്കുകയായിരുന്നു മോനിക്കയുടെ പ്രാര്‍ത്ഥനകളത്രയും. മാണിക്കേയമതത്തിന്റെ പൊള്ളത്തരങ്ങള്‍ അഗസ്റ്റ്യന്‍ തിരിച്ചറിഞ്ഞത് തന്റെ മുപ്പത്തിമൂന്നാം വയസ്സിലായിരുന്നു. വിശുദ്ധനായ ആംബ്രോസിന്റെ പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ ആ മതം സത്യമല്ലെന്ന് അഗസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ അപ്പോഴും യേശുവിനെ അവന്‍ സ്വീകരിച്ചിരുന്നില്ല. മോനിക്ക തന്റെ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ക്രൈസ്തവമതം സ്വീകരിക്കുന്നത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം അവനെ അലട്ടിക്കൊണ്ടിരുന്നു. തീരുമാനം എടുക്കാന്‍ ആവാതെ എറെ നാള്‍ അങ്ങനെ കഴിഞ്ഞു. ഒരു ദിവസം ഉദ്യാനത്തില്‍ ഇരിക്കവേ അഗസ്റ്റ്യന് ഒരു ഉള്‍വിളിയുണ്ടായി 'എന്തിനാണ് ഇങ്ങനെ ദിവസം തള്ളിനീക്കുന്നത്? എത്രനാളാണ് നാളെ..... നാളെ....എന്ന് പറഞ്ഞ് കഴിയുക? എന്തുകൊണ്ട് ഇപ്പോള്‍ തന്നെ ആയിക്കൂടാ?' വി.പൗലോസിന്റെ ലേഖനങ്ങളുടെ ഒരുഭാഗം അപ്പോള്‍ എവിടെ നിന്നോ അവനു കിട്ടി. അതെടുത്ത് വായിക്കുക എന്നൊരു ശബ്ദം അവന്‍ കേട്ടു. അവന്‍ പുസ്തകം തുറന്നു. അവന്‍ കണ്ട ഭാഗം ഇതായിരുന്നു. 'പകലിനു യോജിച്ച വിധം നമുക്ക് പെരുമാറാം. സുഖലോലുപതയിലോ, മദ്യലഹരിയിലോ, അവിഹിതവേഴ്ചകളിലോ, വിഷയാസക്തിയിലോ, കലഹങ്ങളിലോ, അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുതാ കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍ ദുര്‍മോഹങ്ങളിലേക്ക് നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍ (റോമാ 13.13-14)

വൈകാതെ, ഒരു ഉയിര്‍പ്പ് തിരുന്നാള്‍ ദിനത്തില്‍ അഗസ്റ്റ്യന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. വി. അംബ്രോസായിരുന്നു ജ്ഞാനസ്‌നാനം നല്‍കിയത്. അഗസ്റ്റ്യനൊപ്പം അദ്ദേഹത്തിന്റെ മകനും ക്രിസ്തുമതം സ്വീകരിച്ചു. മോനിക്കയുടെ മരണത്തിനുശേഷം അഗസ്റ്റ്യന്‍ ആഫ്രിക്കയില്‍ ഒരു സന്യാസ സമൂഹത്തിനു തുടക്കമിട്ടു. 36-ാം വയസ്സില്‍ അദ്ദേഹം പുരോഹിതനായി. 41-ാം വയസ്സില്‍ ഹിപ്പോയിലെ ബിഷപ്പ് സ്ഥാനവും അദ്ദേഹത്തിനു കിട്ടി. മുന്‍പു മാണിക്കേയമതത്തിന്റെ പ്രചാരകനായി കഴിഞ്ഞിരുന്ന അഗസ്റ്റ്യന്‍ പിന്നീടുള്ള കാലം ആ മതത്തിന്റെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നതിനു വേണ്ടിയാണ് പോരാടിയത്. 76-ാം വയസ്സില്‍ അഗസ്റ്റ്യന്‍ മരിച്ചു. വി. അഗസ്റ്റ്യന്റെ ഒരു പ്രസിദ്ധമായ വാചകം ഇതായിരുന്നു. 'ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല. പാവങ്ങള്‍ക്ക് പണം ആവശ്യമുണ്ട്, നിങ്ങള്‍ സംഭാവനകളും നേര്‍ച്ചകളും പാവങ്ങള്‍ക്ക് കൊടുക്കുക ദൈവത്തിന് അത് കിട്ടിക്കോളും'

പ്രാര്‍ത്ഥന:

ദയാനിധിയായ ഈശോയേ, അങ്ങേയ്ക്ക് ഞാന്‍ ആരാണെന്ന് എന്നോടു പറയണമേ.... എന്റെ ആത്മാവിനോട് 'നിന്റെ രക്ഷകന്‍ ഞാന്‍ ആകുന്നു' എന്ന് ഓര്‍മ്മപ്പെടുത്തണമേ...എന്റെ ഹൃദയം അങ്ങയുടെ വാക്കുകള്‍ കേള്‍ക്കാനായി കൊതിക്കുന്നു, നിന്റെ മുഖം എന്നില്‍ നിന്നും അകറ്റരുതേ.... മരണസമയത്തും ഞാന്‍ ആ മുഖം കാണട്ടെ, എപ്പോഴും എന്റെ കൂടെയുണ്ടായിരിക്കണമേ...ആമ്മേന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109834