വിശുദ്ധ കാതറീന്‍ റിച്ചി

ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ ജനിച്ച കാതറീന്‍ റിച്ചി ഏറെ പ്രത്യേകതകളുള്ള ഒരു വിശുദ്ധയാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അമ്മ മരിച്ചു. പിന്നീട് തലതൊട്ടമ്മയാണ് കാതറീനെ വളര്‍ത്തിയത്. പക്ഷെ കാതറീന്റെ യഥാര്‍ത്ഥ അമ്മ ദൈവമാതാവായിരുന്നു. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയായിരുന്നു അവളുടെ കരുത്ത്. അമ്മയില്ലാതെ വളരുന്നതിന്റെ വേദനകള്‍ അവള്‍ പങ്ക് വച്ചത് തന്റെ കാവല്‍മാലാഖയോടാണ്. കന്യാമറിയത്തോടുള്ള ജപമാല ചൊല്ലുവാന്‍ അവളെ പഠിപ്പിച്ചതും കാവല്‍മാലാഖയാ യിരുന്നു.

ആറാം വയസ്സില്‍ കാതറീന്‍ തന്റെ ഒരു അമ്മായിയുടെ ചുമതലയിലുള്ള കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്നു. ഈ സ്‌കൂളിലെ അന്തരീക്ഷം അവളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതായി രുന്നു. ഒരു കന്യാസ്ത്രീയായി ജീവിക്കുവാന്‍ കാതറീന്‍ തീരുമാനമെടുത്തു. എന്നാല്‍ അവളുടെ പിതാവ് പീറ്റര്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. കാതറീന്‍ തീവ്രമായി ഉപവസിച്ച് പ്രാര്‍ത്ഥിച്ചു, ഇതോടെ കാതറീന്‍ രോഗബാധിതയായി. പീറ്റര്‍ മകളുടെ തീരുമാനത്തിന് സമ്മതം കൊടുക്കുന്നതുവരെ രോഗങ്ങള്‍ കാതറീനെ അലട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ ഡൊമിനിക്കന്‍ സന്യാസ സമൂഹത്തില്‍ കാതറീന്‍ ചേര്‍ന്നു. എപ്പോഴും ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ കാതറീന്‍ ശ്രമിച്ചിരുന്നു. തുടര്‍ച്ചയായി ദര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിന്നു. ചിലപ്പോഴൊക്കെ ആത്മീയ നിര്‍വൃതിയില്‍ സ്വയം മറന്ന് പോകുന്ന അവസ്ഥയായിരുന്നു. മറ്റ് കന്യാസ്ത്രീകള്‍ ആദ്യമൊക്കെ കാതറീന്റെ ഈ അവസ്ഥയെ തെറ്റിദ്ധരിച്ചു. ജോലി ചെയ്യാതിരിക്കാനുള്ള തന്ത്രമായിട്ടാണ് അവരില്‍ പലരും ഇതിനെ കണ്ടത്. കാതറീനാവട്ടെ, ഇത്തരം ദര്‍ശനങ്ങള്‍ ഹര്‍ഷോന്മാദവും, തന്നെപ്പോലെ മറ്റുള്ളവര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും കരുതി. ഒരിക്കല്‍ യേശുനാഥന്‍ ഒരു മോതിരം കാതറീന് സമ്മാനിച്ചതായി വിശ്വസിക്കപ്പെടുന്നു.

യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ കാതറീന്റെ ശരീരത്തിലും ഉണ്ടായിരുന്നു. ഇരുപതാം വയസ്സുമുതല്‍ തുടര്‍ച്ചയായി 12 വര്‍ഷം കാതറീന്റെ ശരീരത്തില്‍ ഇതു പ്രത്യക്ഷപ്പെടുമായിരുന്നു. 1542ലെ ഒരു നോമ്പ്കാലത്ത് യേശുവിന്റെ കുരിശുമരണത്തെ ധ്യാനിച്ചുകൊണ്ടിരിക്കെ അവളുടെ ശരീരത്തില്‍ നിന്നും രക്തം ധാരധാരയായി ഒഴുകി. കടുത്ത വേദന അനുഭവപ്പെട്ടു. കാതറീന്‍ രോഗബാധിതയായി കിടപ്പിലായി. ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു മഗ്ദലനാ മറിയവുമായി സംസാരിക്കുന്ന രംഗം സ്വപ്നത്തിലൂടെ കണ്ടതോടെ കാതറീന്‍ വീണ്ടും ആരോഗ്യവതിയായി. ഈ സംഭവം കേട്ടറിഞ്ഞ് നിരവധി ആളുകള്‍ മഠത്തിനു മുമ്പില്‍ തടിച്ച് കൂടി. അഞ്ച് തിരുമുറിവുകളോടു കൂടിയ കാതറീനെ ദര്‍ശിച്ചമാത്രയില്‍ പലരുടെയും രോഗങ്ങള്‍ മാറി, വിശ്വാസം ശക്തിപ്പെട്ടു. അന്ന് കാതറീനെ കാണാന്‍ തടിച്ചു കൂടിയവരില്‍ മൂന്ന് പേര്‍ പിന്നീട് കത്തോലിക്ക സഭയുടെ മാര്‍പ്പാപ്പ പദവിയിലെത്തി. പോപ്പ് മാര്‍സിലെസ് രണ്ടാമന്‍, പോപ്പ് ലിയൊ, പോപ്പ് ക്ലെമന്റ് എട്ടാമന്‍ എന്നിവരായിരുന്നു അവര്‍. 1590ല്‍ കാതറീന്‍ മരിച്ചു. 1746ല്‍ പോപ്പ് ബെനഡിക്ട് പതിനാലാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു. മാറാരോഗങ്ങളും മുറിവുകളും ഉണ്ടാകുമ്പോള്‍ കാതറീന്റെ മധ്യസ്ഥത വഴി സുഖം പ്രാപിക്കാമെന്ന വിശ്വാസം അവളുടെ മരണശേഷം ശക്തിപ്പെട്ടു.

പ്രാര്‍ത്ഥന: ദൈവമായ കര്‍ത്താവേ, അവിടുത്തെ വാല്‍സല്യപുത്രി കാതറീന്റെ മധ്യസ്ഥത വഴിയായി ഞങ്ങള്‍ യാചിക്കുന്ന ഈ അപേക്ഷ കേള്‍ക്കേണമേ. അങ്ങ് കുരിശില്‍ കിടന്ന് കൊണ്ട് അനുഭവിച്ച വേദനകള്‍ സന്തോഷത്തോടെ സ്വീകരിച്ച് ഏറ്റവും വിശുദ്ധയായി ജീവിച്ച കാതറീനെ അങ്ങ് ഓര്‍ക്ക ണമേ, പാപികളാണെങ്കിലും ഞങ്ങള്‍ അങ്ങയുടെ കരുണ യാചിക്കുന്നു. യേശുനാഥാ ഞങ്ങളെ സ്വീകരിക്കണമേ.. ആമ്മേന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957