വിശുദ്ധ മൊഹാള്‍ഡ്‌

അയര്‍ലാന്റിലെ ഏറ്റവും വലിയ വിശുദ്ധനും ആ രാജ്യ ത്തിന്റെ അപ്പസ്‌തോലനുമായി അറിയപ്പെടുന്ന വിശുദ്ധ പാട്രിക് ക്രിസ്തു മതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്ന ഒരു കൊള്ള ക്കാരനായിരുന്നു മൊഹാള്‍ഡ്. പാട്രിക് അയര്‍ലാന്റിലെത്തുന്ന സമയത്ത് അവിടെ അടിമവേലയും മന്ത്രവാദവും വ്യാപകമായിരുന്നു. പുരാതന മതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു മുഴുവന്‍ ജനങ്ങളും. തന്റെ അദ്ഭുത പ്രവര്‍ത്തനങ്ങളിലൂടെയാണ് പാട്രിക് ഈ ജനത്തെ മുഴുവന്‍ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയത്.

മൊഹാള്‍ഡ് ഒരു ഗോത്രരാജാവിന്റെ മകനായിരുന്നു. മന്ത്രവാദവും നരഹത്യയും ദൈവത്തിനുള്ള കാഴ്ചകളായി കണ്ടിരുന്ന മൊഹാള്‍ഡ് പാവപ്പെട്ടവരെ കൊള്ളയടിച്ചും പീഡിപ്പിച്ചു മാണ് ജീവിതം ആഘോഷിച്ചിരുന്നത്. ഒട്ടേറെ അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള വിശുദ്ധ പാട്രിക് 39 പേരെ മരണശേഷം ഉയര്‍ത്തേഴുന്നേല്‍പ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. പാട്രിക് ചെയ്യുന്നതും ഒരു മന്ത്രവാദമാണെന്നും അത് താന്‍ പൊളിച്ചു കൊടുക്കുമെന്നും മൊഹാള്‍ഡ് തന്റെ സുഹൃത്തു ക്കളോടു പറഞ്ഞു. അവര്‍ ഒരു പദ്ധതി തയ്യാറാക്കി. ഒരാളെ മരിച്ചവനെ പോലെ കിടത്തി. ശവസംസ്‌ക്കാരസമയത്ത് നടത്തുന്ന ആചാങ്ങള്‍ ആരംഭിച്ചു. മൊഹാള്‍ഡും കൂട്ടുകാരും പോയി വിശുദ്ധ പാട്രിക്കിനെ വിളിച്ചുകൊണ്ടുവന്നു.

'ഞങ്ങളുടെ സുഹൃത്ത് മരിച്ചു പോയി. അങ്ങയുടെ അദ്ഭുതപ്രവൃത്തികൊണ്ട് ഇവനെ ഉയര്‍പ്പിക്കണം'പാട്രിക് അവിടെയെത്തി മരിച്ചവനെ പോലെ കിടക്കുന്ന മന്ത്രവാദിയെ നോക്കി പറഞ്ഞു, 'ശരിയാണ്, ഇവന്‍ മരിച്ചുപോയി' പാട്രിക് തിരിച്ചുപോയി. മൊഹാള്‍ഡും കൂട്ടുകാരും അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. അവിടെ കൂടിയിരുന്നരോട് അവര്‍ വിളിച്ചു പറഞ്ഞു, 'നോക്കുക, ഒരാള്‍ മരിച്ചവനാണോ ജീവിച്ചിരിക്കുന്നവനാണോ എന്നു പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഈ മനുഷ്യനെയാണോ നിങ്ങള്‍ അദ്ഭുതപ്രവര്‍ത്തകന്‍ എന്നു വിളിക്കുന്നത്'. ആഘോഷങ്ങള്‍ തുടങ്ങി. എന്നാല്‍, മരിച്ചവനെ പോലെ കിടന്നിരുന്നയാള്‍ അപ്പോഴും എഴുന്നേറ്റില്ല. മൊഹാള്‍ഡും സുഹൃത്തു ക്കളും ചെന്ന് അവനെ വിളിച്ചു. 'നമ്മള്‍ ജയിച്ചിരിക്കുന്നു. ആ തട്ടിപ്പുകാരനെ നമ്മള്‍ പരിഹാസ്യനാക്കി'.

എന്നാല്‍, അവര്‍ തങ്ങളുടെ കൂട്ടുകാരനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവന്‍ എഴുന്നേറ്റില്ല. അയാള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുപോയിരുന്നു. അതോടെ ചിരി നിന്നു. ആഘോഷങ്ങള്‍ അവസാനിച്ചു. മൊഹാള്‍ഡ് തന്റെ തെറ്റ് തിരിച്ചറിഞ്ഞു. ഭയചകിതരായി അവര്‍ പാട്രിക്കിന്റെ അടുത്തെത്തി മാപ്പു പറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് ആ മൃതദേഹത്തിരികിലെത്തി പാട്രിക് അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. പാട്രിക് മൊഹാള്‍ഡിനോട് പറഞ്ഞു, 'നീയാണിവരുടെ നേതാവ്. നിന്റെ നേതൃത്വപാടവം നീ അവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു'. മൊഹാള്‍ഡ് പറഞ്ഞു, 'ഇനി അങ്ങ് പറയുന്നതുപോലെ ഞാന്‍ ജീവിക്കാം,

പാട്രിക് മൊഹാള്‍ഡിനെ അയര്‍ലന്റിലെ ഒരു ദ്വീപിലേക്ക് അയച്ചു. അവിടെയുണ്ടായിരുന്ന രണ്ടു ബിഷപ്പുമാര്‍ക്കൊപ്പം അദ്ദേഹം പ്രേഷിതപ്രവര്‍ത്തനം ചെയ്തു. കാലക്രമേണ ബിഷപ്പ് പദവി വരെ മൊഹാള്‍ഡിനു നല്കപ്പെട്ടു. എത്ര വലിയ പാപിയാണെങ്കിലും ദൈവത്തിലേക്ക് തിരികെ വരാനാകുമെന്ന് മൊഹാള്‍ഡിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

പ്രാര്‍ത്ഥന: എന്റെ ദൈവമായ കര്‍ത്താവേ... പാപിയായ ഞാന്‍ അങ്ങില്‍ ശരണം തേടുന്നു. അങ്ങയുടെ കാരുണ്യത്തിനായി ഞാന്‍ കേഴുന്നു. എന്റെ മനസ്സും ശരീരവും പാപങ്ങളാല്‍ അശുദ്ധമായി രിക്കുന്നു. എന്റെ ചിന്തകളും വാക്കുകളും തെറ്റിപോകുന്നു. എന്റെ ദൈവമേ...എന്നെ സംരക്ഷിക്കണമേ. ഞാന്‍ എന്റെ മുറിവുകള്‍ അങ്ങയുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. ആമേന്‍.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 109957