വിശുദ്ധ വിന്നിബാള്‍ഡ്

വിശുദ്ധരുടെ കുടുംബത്തിലാണ് വിന്നിബാള്‍ഡ് ജനിച്ചത്. സഹോദരങ്ങളായ വില്ലിബാള്‍ഡും വാള്‍ബുള്‍ഗായും വിശുദ്ധ പദവി നേടിയവരാണ്. പിതാവ് റിച്ചാര്‍ഡ് രാജാവും വിശുദ്ധപദവി നേടി. വിശുദ്ധ ബോനിഫസിന്റെ ബന്ധുകൂടിയായിരുന്നു ഇദ്ദഹം. എട്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജനിച്ച വിന്നി ബാള്‍ഡ് സഹോദരങ്ങളായ വില്ലിബാള്‍ഡിന്റെയും പിതാവിന്റെയുമൊപ്പം വിശുദ്ധ നാടുകളിലേയ്ക്ക് തീര്‍ത്ഥയാത്ര പോയി. റോമിലേയ്ക്കുള്ള യാത്രാമധ്യേ പിതാവ് മലേറിയ ബാധിച്ചു മരിച്ചു. വില്ലിബാള്‍ഡിനേയും വിന്നിബാള്‍ഡിനേയും രോഗം ബാധിച്ചു. വില്ലിബാള്‍ഡ് രോഗത്തില്‍ നിന്നു പെട്ടെന്നു രക്ഷനേടി. പക്ഷേ, വിന്നിബാള്‍ഡിനു യാത്ര തുടരാനായില്ല. അദ്ദേഹം അവിടെ തന്നെ തുടര്‍ന്നു. ഏഴു വര്‍ഷക്കാലം. വിദ്യാഭ്യാസകാലവും അവിടെത്തന്നെയായിരുന്നു.

ബെനെഡിക്ടന്‍ സന്ന്യാസസഭയില്‍ ചേര്‍ന്ന് പട്ടം സ്വീകരിച്ച വിന്നിബാള്‍ഡ് വിശുദ്ധ ബോനിഫസിന്റെ നിര്‍ദേശപ്രകാരം ജര്‍മനിയിലേക്ക് പോയി. ജര്‍മനിയിലും ഹോളണ്ടിലും അക്കാലത്ത് അക്രൈസ്തവ മതങ്ങളായിരുന്നു നിലനിന്നിരുന്നത്. പ്രാചീന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള അവരെല്ലാം വിഗ്രഹാരാധന, മനുഷ്യബലി തുടങ്ങിയവ ചെയ്തു പോന്നവരായിരുന്നു. ബോനിഫസി നോടൊപ്പം ചേര്‍ന്ന് വിന്നിബോള്‍ ഇവരില്‍ നല്ലൊരു ശതമാനത്തെയും മാനസാന്തരപ്പെടുത്തി. ഹീഡെന്‍ഹെയിം ആശ്രമത്തിന്റെ ചുമതല വഹിച്ചു. സഹോദരി വാള്‍ബുള്‍ഗായും ഈ സമയത്ത് എത്തി. ഇരുവരും ഒന്നിച്ചാണ് സുവിശേഷജോലികള്‍ ചെയ്തിരുന്നത്. നിരവധി പേരെ യേശുവിലേക്ക് ആകര്‍ഷിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു.

ജര്‍മ്മനിയുടെ പല ഭാഗങ്ങളിലും ബോനിഫസ് ക്രൈസ്തവ ദൈവാലയങ്ങള്‍ നിര്‍മ്മിച്ചു. അവിടെയെല്ലാം വിന്നിബാള്‍ഡിന്റേയും വാള്‍ബുര്‍ഗായുടെയും പിന്തുണയും സഹായവും അദ്ദേഹ ത്തിനുണ്ടായിരുന്നു. ഇവരെ സഹായിക്കാനായി പിന്നാലെ, ഇംഗ്ലണ്ടില്‍ നിന്നും നിരവധി വൈദീകരും സന്ന്യാസിനികളും എത്തി. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് അവര്‍ക്കൊപ്പം ജീവിച്ച് അവരെ ക്രിസ്തു വിലേക്ക് നയിക്കുകയായിരുന്നു ഇവരുടെ രീതി. ജര്‍മനിയിലെ ഹീഡെന്‍ഹെയിമില്‍ വെച്ചു തന്നെ രോഗബാധിതനായി അദ്ദേഹം മരിച്ചു.

പ്രാര്‍ത്ഥന: എന്റെ യേശുവേ, ഇതാ, എന്റെ വഴികള്‍ അടയുന്നു. മുന്നോട്ടു നീങ്ങാനാവാതെ ഞാനിതാ തളര്‍ന്നു വീഴുന്നു. എന്നെ താങ്ങേണമേ... എന്റെ മാര്‍ഗവും നീ കാണിച്ചു തരേണമേ... എന്നെ വഴി നടത്തേണമേ... മറ്റാരിലും എനിക്ക് ആശ്രയിക്കാനില്ല. രോഗികളിലും പാവപ്പെട്ടവരിലും അങ്ങയെ കണ്ട് അവരെ സഹായിക്കുവാന്‍ എനിക്കു കരുത്തേകണമേ... ആമേന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82103