വിശുദ്ധ കാതറീന്‍ ലബോര്‍

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ധന്യമായ ജീവിതത്തിലൂടെ വിശുദ്ധ പദവിയിലെത്തിയ കാതറിന്‍ ലബോറിന്റെ കഥ. ഫ്രാന്‍സിലെ ഒരു കര്‍ഷക ദമ്പതികളുടെ പതിനൊന്നു മക്കളില്‍ ഒന്‍പതാമത്തവളായിരുന്നു കാതറിന്‍. സോ എന്നായിരുന്നു അവളുടെ ആദ്യപേര്. ബാല്യകാലം മുതല്‍ ദാരിദ്ര്യവും കഷ്ടപ്പാടുകളും അവളുടെ കൂടെയുണ്ടായിരുന്നു. വേണ്ടത്ര വിദ്യഭ്യാസം ലഭിച്ചില്ല. എഴുതുവാനോ വായിക്കുവാനോ പഠിച്ചില്ല. എട്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. അതോടെ വീട്ടുജോലികളുടെ ഉത്തരവാദിത്തം സോയുടെ ചുമലില്‍ വന്നു. മൂത്ത സഹോദരി കന്യാസ്ത്രീയാകുവാനായി പോയതോടെ ഭാരം വര്‍ധിച്ചു. പക്ഷേ, ഒരു പരാതിയോ മുറുമുറുപ്പോപോലു മില്ലാതെ എല്ലാം അവള്‍ ഏറ്റെടുത്തു; ഭംഗിയായി നോക്കിനടത്തി.

എല്ലാ വേദനകളും അവള്‍ പങ്കുവെച്ചത് യേശുനാഥനുമായിരുന്നു.പ്രാര്‍ഥനകളില്‍ അവള്‍ ആശ്വാസം കണ്ടെത്തി. ഉപവാസം കരുത്തേകി. ജീവിതം അങ്ങനെ മുന്നോട്ടുപോകവേ, വീട്ടിലെ സാമ്പത്തികഭാരം പിതാവിനെക്കൊണ്ടു മാത്രം പരിഹരിക്കാനാവാത്ത അവസ്ഥ വന്നു. അങ്ങനെ പാരീസിലെ ഒരു ഹോട്ടലില്‍ വേലക്കാരിയായും വിളമ്പുകാരിയായും സോ ജോലി നോക്കി. പിന്നീട് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി നോത്തുന്ന ഒരു ആശുപത്രിയില്‍ ചേര്‍ന്നു. അവിടെ രോഗികള്‍ക്ക് ആശ്വാസം പകരുവാനും അവരെ മറ്റാരെക്കാളും ആത്മാര്‍ത്ഥമായി ശുശ്രൂഷിക്കുവാനും സോയുണ്ടായിരുന്നു. അവിടെ കഴിയുന്ന കാലത്ത് ഒരിക്കല്‍ സോയ്ക്കു സെന്റ് വിന്‍സന്റ് ഡി പോളിന്റെ ദര്‍ശനമുണ്ടായി. രോഗികള്‍ക്കാശ്വാസം പകരുവാനായി സോയുടെ ജീവിതം മാറ്റി വെയ്ക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് വിന്‍സന്റ് ഡി പോള്‍ സ്വപ്നത്തില്‍ അവളോടു പറഞ്ഞു. ഇതെതുടര്‍ന്ന് സോ, കാതറീന്‍ എന്ന പേരു സ്വീകരിച്ച് ഉപവിയുടെ സഹോദരിമാരുടെ മഠത്തില്‍ ചേര്‍ന്നു. വി.കുര്‍ബാനയോടുള്ള അടങ്ങാത്ത ഭക്തി കാതറീന്റെ പ്രത്യേകതയായിരുന്നു. വി.കുര്‍ബാനയുടെ മധ്യേ യേശുവിനെ നേരിട്ടുകാണുന്നതുപോലെ അവള്‍ക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. പരിശുദ്ധ കന്യാമറിയത്തിന്റെ മൂന്നു ദര്‍ശനങ്ങള്‍ കാതറീന് ഉണ്ടായി. ഒരു തവണ ഒരു കാശുരൂപം മാതാവ് അവള്‍ക്കു കൊടുത്തതായും അതിന്റെ ശക്തിയാല്‍ നിരവധി അത്ഭുത പ്രവര്‍ത്തികള്‍ നടന്നതായും വിശ്വസിക്കപ്പെടുന്നു.

പ്രാര്‍ഥന: കര്‍ത്താവേ, ഇതാ ഞാന്‍ അങ്ങയുടെ മുന്നില്‍ നില്‍ക്കുന്നു. അങ്ങ് തിരുമനസാകുന്നത് എനിക്കു തരിക. എന്തെങ്കിലും തന്നാല്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. അങ്ങേയ്ക്കു നന്ദിപറയും. ഒന്നും തരുന്നില്ലെങ്കിലും ഞാന്‍ അങ്ങേയ്ക്കു നന്ദിപറയും. കാരണം എനിക്ക് ഒന്നും ലഭിക്കുവാനുള്ള അര്‍ഹതയില്ല. എന്റെ വിചാരങ്ങല്‍ അവിടുത്തെ അറിയിച്ചിട്ട് അങ്ങയുടെ വാക്കുകള്‍ക്കായി ഞാന്‍ കാത്തിരിക്കും. അങ്ങ് എന്നോട് സംസാരിക്കണമേ. ആമേന്‍

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 73898