വിശുദ്ധ ക്യൂന്‍ടിന്‍

ആദിമസഭയുടെ കാലത്ത് രക്തതാക്ഷിത്വം വരിച്ച അനേക വിശുദ്ധരില്‍ ഒരാളാണ് ക്യൂന്‍ടിന്‍. ഒരു റോമന്‍ സെനറ്ററുടെ മകനായിരുന്നു അദ്ദേഹം. യുവാവായിരിക്കെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ക്യൂന്‍ടിന്‍ യേശുവിനു വേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കുമെന്ന് തീരുമാനിച്ചു. സുവിശേഷപ്രവര്‍ത്തനം നടത്തിയിരുന്ന പതിനൊന്ന് പേര്‍ക്കൊപ്പം അദ്ദേഹം ഗാളിലേക്ക് പോയി. അവിടെ യേശുവിന്റെ നാമം നിരവധി പേരിലേക്ക് എത്തിക്കാന്‍ ഈ സംഘത്തിനു കഴിഞ്ഞു.

സുവിശേഷപ്രവര്‍ത്തനങ്ങള്‍ ഫ്രാന്‍സിലേക്ക് വ്യാപിപ്പിക്കുന്നതിനാല്‍ മറ്റു പതിനൊന്നു പേരും അങ്ങോട്ട് പോയപ്പോള്‍ ക്യൂന്‍ടിന്‍ അവര്‍ക്കൊപ്പം പോയില്ല. അദ്ദേഹം ആ നാട്ടില്‍ തന്നെ തുടര്‍ന്നു. അവിടെ വളരെ വേഗം ക്രൈസ്തവവിശ്വാസം പ്രചരിക്കപ്പെട്ടു. ക്യൂന്‍ടിനായിരുന്നു അതിന്റെ പ്രധാന കാരണക്കാരന്‍. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്‍ജനക്കൂട്ടമെത്തുമായിരുന്നു. അനേകര്‍ക്ക് അദ്ദേഹം രോഗശാന്തി നല്‍കി. തളര്‍വാതരോഗികളെ സുഖപ്പെടുത്തി. അന്ധര്‍ക്കു കാഴ്ചകൊടുത്തു. ഇതെല്ലാം അദ്ദേഹം നിര്‍വഹിച്ചത് കുരിശടയാളത്തിലുള്ള ഒരു ആശീര്‍വാദം കൊണ്ടുമാത്രമായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായ മാക്‌സിമിയാന്റെ പ്രോസിക്യൂട്ടറായിരുന്ന റിക്ടിവാറസ് ക്രൈസ്തവപീഢനത്തിനു പേരുകേട്ടയാളായിരുന്നു. ക്യൂന്‍ടിന്റെ അത്ഭുതപ്രവര്‍ത്തികള്‍ അദ്ദേഹത്തിന്റ ചെവിയിലെത്തി. അദ്ദേഹം തടവിലാക്കപ്പെട്ടു.

ചങ്ങലയിലിട്ട് ദിവസങ്ങളോളം അദ്ദേഹത്തെ മര്‍ദ്ദിച്ചു. റിക്ടിവാറസ് ക്യൂന്‍ടിനോട് ചോദിച്ചു. 'കുലീനമായോരു കുടുംബത്തില്‍ അിറയപ്പെടുന്ന ഒരു പിതാവിന്റെ മകനായി ജനിച്ചിട്ടും കുരിശില്‍ മരിച്ച ഒരുവന്റെ പിന്നാലെ ഇറങ്ങിത്തിരിക്കാന്‍ നിനക്ക് എങ്ങനെ തോന്നി? നീ ഇത്ര മഠയനാണോ?' കൂന്‍ടിന്‍ മറുപടി പറഞ്ഞു. 'ഈ ലോകത്തിന്റെയും സ്വര്‍ഗത്തിന്റെയും അധിപനായ ദൈവത്തിന്റെ പുത്രനാകുന്നതിലും വലിയ ഭാഗ്യമെന്താണുള്ളത്? അവിടത്തെ വാക്കുകള്‍ അനുസരിക്കുകയാണ് ഞാന്‍ ചെയ്തത് ' നിരന്തരമായ പീഢനങ്ങളുടെ ആരംഭമായിരുന്നു അത്. പീഢനങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തെ തലയറുത്തു കൊന്നു, മൃതശരീരം പുഴയിലേക്ക് വലിച്ചെറിഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ ശരീരം പുഴയില്‍ നിന്ന് കണ്ടെടുക്കുകയും യഥാവിധം സംസ്‌ക്കരിക്കുകയും ചെയ്തു.

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 82589