സ്വര്‍ഗ്ഗീയ വഴിയിലെ ആറു തൂണുകള്‍
റീഗന്‍

പപ്പയുടെ കൂടെ കാര്‍ വാങ്ങാന്‍ പോയതാണ് അപ്പു. ടൗണിലുള്ള ഒരു സെക്കന്റ് ഹാന്‍ഡ് ഷോറൂമില്‍ പപ്പ ഓരോ കാറും പരിശോധിക്കുന്നത് അപ്പു കൗതുകത്തോടെ നോക്കി നിന്നു. മൂന്നു നാല് കാറുകള്‍ പരിശോധിച്ച ശേഷം ഒന്നിലും തൃപ്തി വരാതെ അടുത്ത കാറുകള്‍ പരിശോധിക്കുകയാണ് പപ്പ. കാറുകള്‍ ഓടിച്ചു നോക്കിയശേഷം എന്തൊക്കെയോ കടക്കാരനോട് പറയുന്നു. അവസാനം ഒരു കാര്‍ ഓടിച്ചു നോക്കി വന്നശേഷം പപ്പയ്ക്ക് വളരെ സന്തോഷമായി. ആ കാറിനെപ്പറ്റി കൂടുതലായി ചോദിക്കുകയും അവസാനം അത് വാങ്ങുകയും ചെയ്തു.

കാറുമായി വീട്ടിലേക്ക് വരുമ്പോള്‍ അപ്പു, സംശയങ്ങള്‍ ഓരോന്നായി തുറന്നു വിട്ടു. 'പപ്പ, എല്ലാ കാറും നല്ല ഭംഗി ആയിരുന്നല്ലോ, പിന്നെ എന്താ അതൊന്നും പപ്പയ്ക്ക് ഇഷ്ടപ്പെടാത്തത്...?' പപ്പ മറുപടി പറഞ്ഞു, 'അപ്പൂസേ, കാറുകളുടെ ഭംഗി മാത്രം നോക്കിയിട്ട് കാര്യമില്ല. ഓരോന്നിനും ഓരോ പ്രശ്‌നങ്ങളാ... പപ്പ ആദ്യം ഓടിച്ചു നോക്കിയതിന്റെ എ.സി. വര്‍ക്ക് ചെയ്യുന്നില്ല. രണ്ടാമത്തേതിന് ബ്രേക്ക് കുറവ് ആണ്. പിന്നെ കണ്ടതിന് ടയര്‍ മോശം ആണ്... അങ്ങനെ, പപ്പ തിരഞ്ഞു പിടിച്ചു നോക്കിയപ്പോള്‍, ദാ... ഈ കാര്‍ കണ്ടു... ഇതാണേല്‍ എല്ലാം നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല.''ഹോ! ഈ പപ്പയെ സമ്മതിക്കണം. ഒരു കാര്‍ വാങ്ങുവാന്‍ എന്തൊക്കെയാ നോക്കിയത്', അപ്പൂസിന് അതിശയമായി. ചെറിയ ചിരിയോടെ പപ്പ പറഞ്ഞു, 'അപ്പൂസേ... ഇതൊക്കെ നോക്കണ്ടേടാ... കാറില്‍ ഉള്ളവരുടെയും സുരക്ഷ പ്രധാനം അല്ലേ... അതിന് ഈ കാറിന്റെ എല്ലാ ഭാഗവും നന്നായി വര്‍ക്ക് ചെയ്യണം.' അപ്പൂസിന് വലിയ സന്തോഷമായി.

ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചു, പ്രത്യേകിച്ച് ഒരു ജീസസ്സ് യൂത്തിനെ സംബന്ധിച്ച് തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങള്‍, അവയിലേക്കാണ് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്.

ഒരു നല്ല ജീസസ്സ് യൂത്താകുവാന്‍ നമ്മെ സഹായിക്കുന്ന തൂണുകള്‍. ഒരു ജീവിതശൈലിയായി നാം കാണേണ്ട 6 കാര്യങ്ങള്‍. Personal prayer, Word of God, Sacremental life, Fellowship, Evangelization, Option for poor എന്നിങ്ങനെ നാം വിളിക്കുന്ന 6 Pillers നമ്മെയും നമ്മുടെ ചുറ്റുമുള്ള സമൂഹത്തിന്റെയും നന്മയ്ക്കായി നാം കരുതേണ്ട ചില ശീലങ്ങള്‍. നേരത്തെ പറഞ്ഞ കഥയില്‍ ഒരു കാറിന്റെ എല്ലാ ഭാഗങ്ങളും നന്നായി വര്‍ക്ക് ചെയ്യണം. ഒരു ഘടകം പോലും മോശം ആകരുത്. എന്നാലേ ആ കാര്‍ കൊണ്ട് ഗുണം ഉള്ളൂ. അതുപോലെ ഈ തൂണുകളില്‍ ഒന്നിലും കുറവ് വരാതെ നാം നോക്കണം.

വളരെ ലളിതമായി പറഞ്ഞാല്‍ യേശു ചെയ്തിരുന്ന കാര്യങ്ങള്‍ തന്നെയല്ലേ ഇതെല്ലാം. തനിച്ചു പ്രാര്‍ത്ഥിക്കാന്‍ മലയിലേക്ക് പോകുമ്പോഴും, സിനഗോഗുകളില്‍ വചനം പ്രസംഗിച്ചപ്പോഴും, യോഹന്നാനില്‍ നിന്ന് മമ്മോദീസ സ്വീകരിച്ചു, ദേവാലയത്തില്‍ പോകുമ്പോഴും, ശിഷ്യരോടും ജനകൂട്ടത്തോടും കൂടെ ആയിരിക്കുമ്പോഴും, സുവിശേഷം പ്രസംഗിച്ചു ഓരോ പട്ടണങ്ങളില്‍ സഞ്ചരിച്ചപ്പോഴും ദരിദ്രരുടെ ഭവനങ്ങളില്‍ ഭക്ഷണത്തിരുന്നപ്പോഴും യേശുവിന്റെ ജീവിത ശൈലിയായിരുന്നു ഇതെല്ലാം.

ശിഷ്യര്‍ക്കുപോലും യേശു കൂടെയായിരുന്നപ്പോള്‍ വളര്‍ത്തിയെടുക്കാന്‍ പറ്റാതിരുന്ന ഈ ജീവിതശൈലികള്‍, പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ അവരറിയാതെ തന്നെ അവരില്‍ രൂപപ്പെടുകയായിരുന്നു. നമ്മെയും ഈ ശൈലിയില്‍ വളരാന്‍ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. വഴിയും സത്യവും ജീവനും ഞാനാണ് എന്ന് പറഞ്ഞവന്റെ വഴിയെ നടക്കാന്‍ നമ്മെ സഹായിക്കുന്ന നമ്മുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവ്. ജീവിതശൈലി രോഗങ്ങളില്‍നിന്നും സൗഖ്യമാകാന്‍ നാം കഴിക്കുന്ന മരുന്ന് പോലെയാണ് നമ്മുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവ്.

'കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത് '(ജ്ഞാനം 16: 12). നമ്മില്‍ വചനം നിറയുമ്പോള്‍ നമ്മുടെയുള്ളില്‍ പരിശുദ്ധാത്മാവ് ജ്വലിക്കുന്നു. നമ്മുടെ ആത്മീയ ജീവിതശൈലിയിലൂടെ രോഗങ്ങളെ പരിശുദ്ധാത്മാവ് സുഖമാക്കുന്നു. ഒരു നല്ല ജീവിതശൈലി രൂപപ്പെടുത്തുവാന്‍ നമ്മെ സഹായിക്കുന്നു.

'ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്'( റോമാ 8: 14).

പാരമ്പര്യമായി നമ്മുടെ അപ്പച്ചന്റെയും അമ്മച്ചിയുടെയും സ്വഭാവഗുണങ്ങള്‍ ഉള്ളവരാണ് നാമെല്ലാവരും. നമ്മുടെ സ്വര്‍ഗത്തിലെ അപ്പനില്‍നിന്നും പാരമ്പര്യമായി നമുക്ക് ലഭിക്കേണ്ട ഗുണങ്ങളുണ്ട്. ആ ഗുണങ്ങള്‍ നമ്മില്‍ നിക്ഷേപിക്കുന്നത് പരിശുദ്ധാത്മാവാണ്. നാം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരായി മാറിയാല്‍, നമ്മുടെ സ്വര്‍ഗത്തിലെ അപ്പന്റെ സ്വഭാവഗുണങ്ങള്‍ നമ്മിലും ഉളവാകും. യേശുവിനോടൊപ്പം അവിടുത്തെ മക്കളാകേണ്ടവരാണ് നാമെല്ലാം. 'എന്നെ കാണുന്നവന്‍ എന്റെ പിതാവിനെ കാണുന്നു' (യോഹന്നാന്‍ 14 :9) എന്ന് യേശു പറഞ്ഞു എങ്കില്‍, നമുക്കും പറയാനാകണം എന്നെ കാണുന്നവന്‍ എന്റെ പിതാവിനെ കാണുന്നു എന്ന്. ഓരോ ജീസസ്സ് യൂത്തും ആഗ്രഹിക്കേണ്ട ഒരു അംഗീകാരമാണത്.അതിന് നമുക്ക് യേശുവിന്റെ ജീവിത ശൈലി സ്വീകരിക്കുന്നവര്‍ ആകാം.

ഒരു നല്ല ജീസസ്സ് യൂത്ത് ആകുവാന്‍, യേശുവിനെ പിന്‍ചെല്ലുവാന്‍ ഈ തൂണുകളില്‍ നമ്മുടെ ജീവിതശൈലികള്‍ പണിതുയര്‍ത്താം. എന്നെ അനുഗമിക്കുക എന്ന് പത്രോസിനോട് പറഞ്ഞതുപോലെ നമ്മോടും അവിടുന്ന് പറയുന്നുണ്ട്. ഈ തൂണുകളുടെ സഹായത്തോടെ നമുക്ക് അവിടുത്തെ പിന്‍ചെല്ലാം. ഈ ജീവിതശൈലികളില്‍ ഏതെങ്കിലും കൈമോശം വന്നു, എപ്പോഴെങ്കിലും നാം അവിടുത്തെ വഴിയില്‍നിന്ന് മാറിപോയിട്ടുണ്ടെങ്കില്‍, തിരിച്ചു വരാം. എത്ര തവണ വീണാലും നാം എഴുന്നേല്‍ക്കണം. ഈ തൂണുകളില്‍ പിടിച്ചു എഴുന്നേല്‍ക്കണം. തെറ്റായ ജീവിതശൈലി രോഗങ്ങള്‍ നമ്മെ അലട്ടുന്നുണ്ടെങ്കില്‍ ഈ തൂണുകള്‍ നമ്മെ സഹായിക്കട്ടെ, ഒരു നല്ല ജീവിതശൈലി രൂപപ്പെടുത്തുവാന്‍, യേശുവിന്റെ വഴിയെ നടക്കുവാന്‍, ഒരു നല്ല ജീസസ്സ് യൂത്താകുവാന്‍... ആമേന്‍ 

296 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 114130