ഇന്നിന്റെ നല്ല സമറായന്‍
മൊബിന ബേബി

ആത്മാഭിഷേകത്തിന്റെ നീരുറവ നമ്മില്‍ ഉടലെടുത്താല്‍ അത് ആത്മഫലങ്ങളുടെ ജീവജലനദിയായി കവിഞ്ഞൊഴുകാന്‍ തുടങ്ങും. അതുകൊണ്ടുതന്നെയാണ് അപരന്റെ സങ്കടങ്ങളില്‍ അവനെ സാന്ത്വനിപ്പിക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ അവരോടൊപ്പം പങ്കുചേരാനുള്ള കരുണയുടെ കൃപാവര്‍ഷം ആത്മനിറവുള്ളവര്‍ക്ക് ലഭ്യമാകുന്നത്. നിസ്വാര്‍ത്ഥസേവനത്തിന്റെ മാതൃകകള്‍കൊണ്ട് ക്രിസ്തുവെന്ന ഗുരുനാഥനെ പിന്തുടര്‍ന്ന മദര്‍തെരേസയും ഫാ. ഡാമിയനും ഫ്രാന്‍സിസ് അസീസിയും നമുക്ക് കാണിച്ചുതരുന്നത് പാവങ്ങളോടുള്ള സമീപനത്തോടുള്ള ആത്മനിറവിന്റെ പാഠങ്ങളാണ്.

അത്യുന്നതന്റെ ശക്തി തന്റെ മേല്‍ നിഴലിടുകയും പരിശുദ്ധാത്മാവ് ആവസിക്കുകയും ചെയ്തപ്പോള്‍ പരി. അമ്മ ആദ്യം ചെയ്തത് ആറുമാസം ഗര്‍ഭണിയായ തന്റെ ബന്ധു എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ പുറപ്പെട്ടു എന്നതായിരുന്നു. കാലം തെറ്റിയ കാരുണ്യവര്‍ഷം നനഞ്ഞ അവരിരുവരുടെയും സമാഗമം ഉദരത്തിലുള്ള ശിശുക്കളിലും പ്രതിഫലിക്കുന്നതായി വചനം രേഖപ്പെടുത്തുന്നു.

പാവങ്ങളോടുള്ള പക്ഷംചേരല്‍ - ക്രൈസ്തവവീക്ഷണത്തില്‍ 

ശുശ്രൂഷാ മനോഭാവം- നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക. പത്തുകല്പനകള്‍ വിശകലനം ചെയ്യുമ്പോള്‍ ക്രിസ്തു പഠിപ്പിച്ചത് പരസ്‌നേഹത്തിന്റെ ദൈവികഭാഷയാണ്. ബലിയല്ല കരുണയുടെ പ്രാധാന്യം എന്നവിടുന്ന് കാണിച്ചുതന്നു. ആവശ്യമുള്ളവനു ആവശ്യമുള്ള സമയത്ത് ആവശ്യമായ കൈത്താങ്ങലുകള്‍ നല്‍കുന്നവനാണ് നല്ല അയല്‍ക്കാരന്‍ എന്നവന്‍ നല്ല സമറായന്റെ ഉപമയിലൂടെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ നമ്മുടെ ഭക്തി കേവലം പ്രാര്‍ത്ഥനാജപങ്ങളിലോ അധരവ്യായാമങ്ങളിലോ പരസ്യപ്രകടനങ്ങളിലോ ഒതുങ്ങുന്നുവെങ്കില്‍ നാമെല്ലാവരും വെള്ളപൂശിയ ശവക്കല്ലറകള്‍ക്കു തുല്യരാണ്. കാണപ്പെടുന്ന സ്വന്തം സഹോദരനെ ചേര്‍ത്തുപിടിക്കാന്‍ കഴിയാത്തവന്‍, അദൃശ്യനായ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയുന്നത് കാപട്യമാണ്. അതുകൊണ്ടുതന്നെയാണ് തിരുസഭ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്നതും ജീസസ്സ് യൂത്തിന്റെ 6 സ്തംഭങ്ങളില്‍ ഒന്നായി പാവങ്ങളോടുള്ള പക്ഷംചേരല്‍ പരിശുദ്ധാത്മാവ് നല്‍കിയിട്ടുള്ളതും.

സാമീപ്യത്തിന്റെ തലോടല്‍ 

താരപരിവേഷമുള്ള സൂപ്പര്‍സ്റ്റാറായ ക്രിസ്തുവിനെ ഒരു നോക്കുകാണുവാനുള്ള സക്കേവൂസിന്റെ തീവ്രമായ ആഗ്രഹത്തോടൊപ്പം താന്‍ കുള്ളനും ചുങ്കക്കാരനും എല്ലാവരാലും വെറുക്കപ്പെടുന്നവനാണെന്നുമുള്ള അപകര്‍ഷതാബോധം കൂടിയാണ് അവനെ സിക്കമൂര്‍ മരത്തിന് മുകളിലേയ്ക്ക് കയറ്റിയത്. ഇന്നത്തെ യുവജനങ്ങള്‍ക്കിടയിലെ നിശബ്ദനായ കൊലയാളിയാണ് വിഷാദം (റലുൃലശൈീി). പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള പരക്കംപാച്ചിലിനിടയില്‍ ഒറ്റപ്പെടലിന്റെ ഇരുളില്‍ മറഞ്ഞിരിക്കുന്ന നമ്മുടെ സുഹൃത്തുക്കളെ പേരുചൊല്ലി വിളിക്കാനും അവരോടൊപ്പം അല്‍പ്പസമയം ചെലവിടാനും നല്ലൊരു കേള്‍വിക്കാരനാകാനും നമുക്ക് കഴിയുന്നതും ആത്മാഭിഷേകത്തിന്റെ അടയാളമാണ്. കരുണയുടെ പക്ഷംചേരലാണ്. വാര്‍ദ്ധക്യവും നമ്മോട് ആവശ്യപ്പെടുന്നത് ഈ സാമീപ്യത്തിന്റെ സന്ദര്‍ശനമാണ്.

സാന്ത്വനത്തിന്റെ കണ്ണുനീര്‍

സ്വസഹോദരന്റെ മരണത്തില്‍ അലമുറയിട്ട മാര്‍ത്തയോടും മറിയയോടുമൊപ്പം കണ്ണുനീര്‍വാര്‍ത്ത ദൈവപുത്രന്‍ നമ്മെ പഠിപ്പിക്കുന്നത് ആശ്വാസത്തിന്റെ ഉറവിടമായി നാമും മാറണമെന്നാണ്. അനാഥരായ ആ സഹോദരിമാരുടെ ദുരവസ്ഥയില്‍ കരളലിഞ്ഞ് അത്ഭുതം പ്രവര്‍ത്തിക്കുന്ന നാഥനെപ്പോലെ പ്രിയപ്പെട്ടവരുടെ വേര്‍പാടിലോ രോഗാവസ്ഥയിലോ നിരാശരും വേവലാതിപൂണ്ടവരുമായ നമുക്കു ചുറ്റുമുള്ളവര്‍ക്ക് കൈത്താങ്ങായി നാം മാറേണ്ടതുണ്ട്. സാമ്പത്തിസഹായങ്ങള്‍ക്കൊപ്പം ആത്മധൈര്യത്തിന്റെ ദൈവവചനങ്ങളും നാം കൈമാറേണ്ടതുണ്ട്.

സമാധാനത്തോടെ പൊയ്‌ക്കൊള്‍ക

സമൂഹമധ്യേ വ്യഭിചാരിണിയെന്ന് മുദ്രകുത്തപ്പെട്ട് മരണത്തിന്റെ കൂര്‍ത്തകല്‍ച്ചീളുകളാല്‍ മുറിവേല്‍ക്കപ്പെട്ട മറിയം മഗ്ദലനയെ കപടസമൂഹത്തിന്റെ കരങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ ക്രിസ്തു അവള്‍ക്കുനേരെ വീണ്ടും കല്ലെറിയുന്നില്ല. പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ തന്റെ പാദങ്ങളിലേറ്റുവാങ്ങി പാപിനിയെ ചേര്‍ത്തുനിര്‍ത്തുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യം കുറ്റപ്പെടുത്തലുകളും അവഗണനകളും സഹതാപപ്രകടനങ്ങളും അല്ല ഒപ്പം നടക്കുന്ന സൗഹൃദങ്ങളുടെ സുരക്ഷയും വിശ്വാസവുമാണ്. വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' എന്ന നോവലിലെ ജിന്‍വാല്‍ജിനെ സ്വീകരിച്ച ബിഷപ്പിന്റെ മനസ്സോടെയാവണം നാം അവരെ സ്‌നേഹിക്കേണ്ടത്. പാവങ്ങളോടുള്ള പക്ഷംചേരലില്‍ പരിശുദ്ധാത്മാവിനാവശ്യം പണത്തിന്റെ ആധിക്യമല്ല, സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശമാണ്. അതുകൊണ്ടുതന്നെ നിര്‍ബന്ധത്താലോ സങ്കടത്താലോ പരസ്യത്തിനോ വേണ്ടിയോ കാരുണ്യപ്രവര്‍ത്തികള്‍ നാം ചെയേണ്ടതില്ല. സന്തോഷത്തിലും സ്‌നേഹത്തിലുമാണ് നാം അത് ചെയേണ്ടത്. ആയാല്‍ പ്രിയമുള്ളവരേ, ഓരോ വി. ബലിയിലും പ്രവൃത്തിയാലും വിചാരത്താലും ഉപേക്ഷയാലും ഞാന്‍ പാപം ചെയ്തുപോയി എന്നേറ്റു പറയുമ്പോള്‍ ആവശ്യമുള്ളവനെ കണ്ടിട്ടും കാണാതെ കടന്നുപോകുന്നത്- അര്‍ഹനെ തള്ളിമാറ്റി അപഹസിക്കുന്നത്- ദൈവസന്നിധിയില്‍ ശിക്ഷാവിധിയുണ്ടാകും എന്ന മുന്നറിയിപ്പാണെന്ന് ഓര്‍ക്കുക.

187 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912