പോകുക; ഈ ലോകത്തെ തീ പിടിപ്പിക്കുക...
ലിബിത സോണി

പന്തക്കുസ്തായുടെ ഈ നാളുകളില്‍, യഥാര്‍ത്ഥ ക്രിസ്തു ശിഷ്യത്വത്തിലേക്ക് നമ്മെ ബലപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെപറ്റിയും പരിശുദ്ധാത്മജീവിത്തെപറ്റിയും നമുക്ക് ധ്യാനിക്കാം. ക്രിസ്തുശിഷ്യര്‍ മാളികമുറിയൊരുക്കി തീഷ്ണതയോടെ പരിശുദ്ധാത്മാവിന്റെ വരവിനായ് പ്രാര്‍ത്ഥിച്ചൊരുങ്ങിയതുപോലെ, നമ്മുടെയൊക്കെ ജീവിതത്തിലും പരിശുദ്ധാത്മവരദാനങ്ങള്‍ക്കായ് പ്രാര്‍ത്ഥനയില്‍ ഒരുങ്ങേണ്ടതാവശ്യമാണ്. പ്രാര്‍ത്ഥനയില്‍ ശിഷ്യന്മാരുടെ കൂടെയുണ്ടായിരുന്നവളാണ് പരിശുദ്ധ അമ്മ. ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയോട് 'ഇതാ കര്‍ത്താവിന്റെ ദാസി' എന്ന പ്രത്യുത്തരം വഴി അത്യുന്നതന്റെ ശക്തിയായ പരിശുദ്ധാത്മാവിനെ സ്വീകരിച്ച പരി. അമ്മ സെഹിയോന്‍ മാളികയില്‍ തനിച്ചായി പോയ; പേടിച്ചു വിറച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന പ്രിയമക്കളോട് കൂടെയിരുന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ അമ്മ അവര്‍ക്ക് പരിശുദ്ധാത്മാവിനെ ലഭിക്കാന്‍ ഒരു ഉപകരണമായി മാറി. ആദ്യ പന്തക്കുസ്തായ്ക്ക് അമ്മ ജന്മം നല്‍കി.

പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ശിഷ്യന്മാര്‍ ക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കാന്‍ തുടങ്ങി. നടപടി പുസ്തകത്തിന്റെ 4-ാം അധ്യായം 31-ാം വാക്യം ഇങ്ങനെ രേഖപ്പെടുത്തുന്നു: പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി; അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി. ദൈവവചനം ധൈര്യപൂര്‍വ്വം പ്രസംഗിച്ചു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ശിഷ്യര്‍ക്ക് ധൈര്യം ലഭിച്ചു. അവര്‍ തങ്ങള്‍ അനുഭവിച്ച ക്രിസ്താനുഭവം മറ്റുള്ളവരിലേക്ക് പ്രഘോഷിക്കാന്‍ തുടങ്ങി. അവരുടെ ധൈര്യം പല ആത്മാക്കളുടേയും മാനസാന്തരത്തിനും ജ്ഞാനസ്‌നാനത്തിനും കാരണമായി. അവര്‍ പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട്; വരദാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് സഭയെ പടുത്തുയര്‍ത്തി.  

നമുക്കും പരിശുദ്ധാത്മാവിനെ നല്‍കാം

വി. ഇഗ്നേഷ്യസ് ലയോള പറഞ്ഞു വയ്ക്കുന്നു: പോകുക; ഈ ലോകത്തെ തീ പിടിപ്പിക്കുക. യേശു തന്റെ  ശിഷ്യന്മാര്‍ക്ക് അന്തിമ കല്പനയായി നല്‍കിയത് 'നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പറയുവിന്‍.'പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ശിഷ്യന്മാര്‍ ക്രിസ്തുദൗത്യവുമായി ലോകത്തിന്റെ നാനാഭാഗത്തേക്ക് ഇറങ്ങി ചെന്നു; ലോകത്തെ പരിശുദ്ധാത്മാവാല്‍ തീ പിടിപ്പിക്കുവാനായി... ജീസസ്സ് യൂത്തിന്റെ 6-ാംമത്തെ തൂണായ(അടിസ്ഥാനമായ) സുവിശേഷവത്ക്കരണം സാധ്യമാകുന്നത് പരിശുദ്ധാത്മാവായ തീ നിന്റെ ഹൃദയത്തില്‍ മാത്രം എരിഞ്ഞുതീരാതെ സഹോദരന്റെ ജീവിതത്തില്‍ പ്രകാശമായി പകര്‍ന്നു കൊടുക്കുമ്പോഴാണ്. അതുകൊണ്ടാണ് വി. പൗലോസ് അപ്പസ്‌തോലന്‍ പരിശുദ്ധാത്മഭിഷേകത്തെ ദാന പരിമളം ആയി വിശേഷിപ്പിച്ചത്. ഒരു പൂവില്‍നിന്ന് അതു വീശുമ്പോഴുണ്ടാകുന്ന പരിമളം പോലെ. നമ്മിലുള്ള പരിശുദ്ധാത്മാവിനെ മറ്റുള്ളവരിലേക്ക് നല്‍കുമ്പോഴാണ് ചുറ്റും പരിമളം വീശുന്നത്. അതിന് നമുക്ക് പരി. അമ്മയെ മാതൃകയാക്കാം... 

ക്രിസ്തുവിനെ ഉദരത്തില്‍ മാംസം ധരിച്ച പരി. മറിയം, ആത്മാവിനാല്‍ നിറഞ്ഞപ്പോള്‍, അവള്‍ അവിടെ നിന്ന്, ഗര്‍ഭിണിയായ തന്റെ ഇളയമ്മയുടെ അടുത്തേക്ക് സഹായമായ് ഓടിചെന്നു. ഇളയമ്മയായ ഏലീശ്വാമ്മയ്‌ലേക്ക് പരിശുദ്ധാത്മാവിന്റെ പരിമളം വീശാന്‍ അമ്മയ്ക്ക് സാധിച്ചു. കാനായിലെ കല്യാണവിരുന്നില്‍ അവസാനം വിളമ്പിയ നല്ല വീഞ്ഞ് അമ്മ ആ ഭവനത്തില്‍ പരത്തിയ പരിശുദ്ധാത്മാവിന്റെ പരിമളമാണ്.  

സഭയുടെ സ്ഥാപനത്തിനും പരിശുദ്ധാത്മാവിന്റ നിറവിന് അമ്മ സഹായകയായി. പരിശുദ്ധ മറിയം തന്റെ ജീവിതസാക്ഷ്യത്തിലൂടെ പരിശുദ്ധാത്മാവിന്റെ ചൈതന്യം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. ഓരോ ജീസസ്സ് യൂത്തും തങ്ങളുടെ ജീവിതചുറ്റുപാടുകളില്‍ നിന്നുവേണം സുവിശേഷവത്ക്കരണം ആരംഭിക്കാനും പരിശുദ്ധാത്മാവാകുന്ന പരിമളം മറ്റുള്ളവരിലേക്ക് പകരുവാനും. തൊഴില്‍ മേഖലകളിലും താമസസ്ഥലങ്ങളിലും ക്രിസ്തുശിഷ്യനായി ജീവിക്കുമ്പോള്‍ പരി. അമ്മ കാനായിലെ വിരുന്നിലേക്ക് ആനയിക്കപ്പെട്ടതുപോലെ; ക്രിസ്തുശിഷ്യര്‍ ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് എത്തിപ്പെട്ടതുപോലെ; ആത്മാവ് നമ്മെയും മറ്റൊരു ദേശത്ത്, മറ്റൊരു സംസ്‌കാരത്തില്‍, മറ്റൊരു ഭാഷയില്‍, മറ്റൊരു ജനത്തിന് പരിശുദ്ധാത്മാവിനെ നല്‍കാന്‍ പ്രചോദിതരാക്കും. ശിഷ്യഗണത്തെപോലെ, വിശുദ്ധാത്മാക്കളെപോലെ ദേശങ്ങളും ഭാഷകളും അതിരുകളും കടന്ന് പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് നമുക്ക് മുന്നേറാം. വി. ഫ്രാന്‍സീസ് അസ്സീസിയെപ്പോലെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് മറ്റുള്ളവരില്‍ അഗ്നിയായി, കത്തിപടര്‍ന്ന് സഭയെ ധീരതയോടെ പടുത്തുയര്‍ത്താം.

112 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 99536