അഭിഷേകം നദിയായ് ഒഴുകട്ടെ…
സെബിന്‍ സി. ആര്‍

ഈശോയില്‍ സ്‌നേഹം നിറഞ്ഞ സുഹൃത്തുക്കളെ, സഭയില്‍ ഒരു പുതിയ പന്തക്കുസ്താ അനുഭവത്തിനുവേണ്ടി ത്യാഗങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ കാലഘട്ടത്തിന്റെ ഒരു പുതിയ അഭിഷേകം സ്വീകരിക്കാനുള്ള വലിയൊരു ദാഹത്തിലാണ് ദൈവജനം. സ്‌നേഹമുള്ളവരെ, പഴയനിയമ കാലഘട്ടത്തില്‍ ദൈവം തന്റെ ആത്മാവിനെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരിലും, ന്യായാധിപന്മാരിലും, പ്രവാചകന്മാരിലും, വര്‍ഷിച്ചുവെങ്കില്‍, ഇതാ ഈ കാലഘട്ടത്തില്‍ സഭയിലൂടെ യേശുക്രിസ്തു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് നാമെല്ലാവരും. 'എല്ലാവരുടെയും മേല്‍ ഞാന്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും' എന്ന ജോയേല്‍ പ്രവചനം പൂര്‍ത്തിയാക്കപ്പെടുന്ന സമയം.

മാമ്മോദീസ എന്ന കൂദാശയിലൂടെ ദൈവം തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയുന്നു (2 കൊറി 1:22). പരിശുദ്ധാത്മാവിന്റെ ഒരിക്കലും മായാത്തൊരു മുദ്ര നമ്മുടെ ഹൃദയത്തില്‍ പതിപ്പിക്കുന്നു. ഇപ്രകാരം ആത്മാവിനെ സ്വീകരിച്ചതിലൂടെ നമുക്ക് ലഭിച്ചത് ദൈവമക്കളെന്ന സ്ഥാനവും സ്വര്‍ഗ്ഗത്തിന്റെ അവകാശവുമാണ് (ഗലാ 4:5-6). ജോര്‍ദാന്‍ നദിയില്‍വെച്ച് ഈശോയുടെ മേല്‍ ഇറങ്ങിവന്ന അതേ പരിശുദ്ധാത്മാവിനെ മാമ്മോദീസായിലൂടെ നമുക്കും ലഭിച്ചിരിക്കുന്നു. വി.പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നു, 'എന്റെ കൈവെയ്പ് വരം വഴി ലഭിച്ച ദൈവികവരം നീ അനുദിനം ഉജ്വലിപ്പിക്കണമെന്ന് നിന്നെ അനുസ്മരിപ്പിക്കുന്നു (2 തിമോത്തി 1:6).' അഭിഷേകത്താല്‍ നിറഞ്ഞ നാമെല്ലാവരും നമ്മുടെ അനുദിന ജീവിതത്തിലൂടെ നമ്മുടെ ഉള്ളിലുള്ള ആത്മാവിനെ ജ്വലിപ്പിച്ചുകൊണ്ടേയിരിക്കണം. നമ്മുടെ ചുറ്റുമുള്ളവരിലേക്ക്  വേദനിക്കുന്ന മക്കളിലേക്ക് കടന്നുചെല്ലുമ്പോഴും അവരെ ആശ്വസിപ്പിക്കുകയും സഹായിക്കുമ്പോഴും, അനുദിന പ്രാര്‍ത്ഥനയിലൂടെ നമ്മുടെ ഉള്ളിലുള്ള ആത്മാവിനെ ശക്തിപ്പെടുത്തുമ്പോഴും ആത്മാവ് ജ്വലിച്ചുകൊണ്ടിരിക്കും. എന്നാല്‍ നാം ജീവിക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രേരണയ്ക്ക് വിധേയമായിട്ടാണോ എന്ന് നമുക്ക് ചിന്തിക്കാം. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണെന്ന് ഈശോ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. അപ്പോള്‍ മാമ്മോദീസായിലൂടെ ദൈവപുത്രന്മാരായ നാമെല്ലാവരും ദൈവാത്മാവിനാല്‍ നയിക്കപ്പെടേണ്ടവരാണ്. 

എന്നില്‍ വസിക്കുന്ന ദൈവാത്മാവിന്റെ ഫലങ്ങള്‍ എന്റെ ജീവിത്തിലും ഞാന്‍ പുറപ്പെടുവിക്കണം. എന്റെ ഉള്ളിലുള്ള ആത്മാഭിഷേകം സമൂഹത്തിലേക്കും, കുടുംബങ്ങളിലേക്കും, സഭയിലേക്കും ഒരു പുത്തന്‍ ഉണര്‍വേകി ഒഴുകിക്കൊണ്ടിരിക്കണം. പരിശുദ്ധാത്മാവാകുന്ന അഭിഷേകം സ്വീകരിച്ച ഓരോ വ്യക്തികളും,  ക്രിസ്തുവില്‍ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി, ഇതാ പുതിയത് വന്നുകഴിഞ്ഞു (2കൊറി 5:17). ക്രിസ്തുവില്‍ നിന്നെ പുതുസൃഷ്ടിയാക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. പേടിച്ച് വിറച്ചിരുന്ന ശ്ലീഹന്മാരെ പന്തകുസ്തായിലൂടെ പരിശുദ്ധാത്മാവ് പുതിയ സൃഷ്ടികളാക്കി മാറ്റി. അങ്ങനെയെങ്കില്‍ ഞാനും നിങ്ങളും ഒരു പുതുസൃഷ്ടിയായി മാറ്റപ്പെടേണ്ട സമയമാണ് ഈ പന്തകുസ്താ ദിനം. രക്ഷകനായ യേശുക്രിസ്തുവിനെ സധൈര്യം ഏറ്റുപറയുവാന്‍, ദൈവവചനം പ്രഘോഷിക്കാന്‍ അപ്പോള്‍ എനിക്ക് സാധിക്കും. ജീവിത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലും ഏതു സാഹചര്യങ്ങളിലും ദൈവത്തില്‍ മാത്രം പ്രത്യാശ അര്‍പ്പിക്കാന്‍ നമ്മെ ആത്മാവ് സഹായിക്കും. വി.അഗസ്തീനോസിനും വി.ഫ്രാന്‍സ്സീസ് അസീസിക്കും അപ്പോസ്തലന്മാര്‍ക്കും സംഭവിച്ച മാറ്റം നമ്മുടേയും ജീവിതത്തില്‍ സംഭവിക്കണം. ദൈവസ്‌നേഹത്തില്‍ ആഴപ്പെടാനും, ക്രിസ്തുവിന്റെ സ്‌നേഹം പകര്‍ന്നുകൊടുക്കാനും ദരിദ്രരെയും അനാഥരെയും ശുശ്രൂഷിക്കാനും സഹായിക്കാനും ക്രിസ്തുവിന്റെ നാമം ഉയര്‍ത്തിപ്പിടിക്കാനും പരിശുദ്ധാത്മ അഭിഷേകത്താല്‍ യേശുക്രിസ്തുവിനെ കര്‍ത്താവായി ഏറ്റുപറയാനും ക്രിസ്തുവിന്റെ പ്രവര്‍ത്തികള്‍ പിന്തുടരാനും ആത്മാവ് നമ്മെ സഹായിക്കും. ഈശോ പറയുന്നു, 'ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്, അത് കത്തിജ്വലിച്ചിരുന്നെങ്കില്‍ (ലൂക്കാ 12:49).' അഗ്നിയായ പരിശുദ്ധാത്മാവിനെ നല്‍കാനുംകൂടിയാണ് യേശു ഈ ഭൂമിയിലേക്ക് കടന്നുവന്നത്. ഓരോ വ്യക്തിയിലുമുള്ള പിതാവിന്റെ വാഗ്ദാനമായ അഗ്നിയായ, അത്യുന്നത ശക്തിയായ പരിശുദ്ധാത്മാവ് കത്തിജ്വലിക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു. പ്രവാചകനായ ഏലിയ പരിശുദ്ധാത്മ ശക്തിയാല്‍ ജ്വലിച്ചതുപോലെ ഈ പന്തകുസ്തായിലൂടെ ഞാനും നിങ്ങളും സഭയിലെ ജ്വലിക്കുന്ന മക്കളായിത്തീരണം. ജ്വലിക്കുന്ന ഹൃദയങ്ങളില്‍നിന്നും ഒരു നദിപോലെ അഭിഷേകം ഒഴുകികൊണ്ടിരിക്കണം. എസക്കിയേല്‍ പ്രവചനത്തിലെ ദേവാലയത്തില്‍ നിന്നും ഒഴുകിയ നദിപോലെ എന്റെ ഹൃദയമാകുന്ന ദേവാലയത്തില്‍നിന്നും പരിശുദ്ധാത്മാകുന്ന നദി ഒഴുകട്ടെ. അനേകം മക്കളെ അഭിഷേകം കൊണ്ട് നനയ്ക്കാന്‍ നീയാകുന്ന നദിക്ക് സാധിക്കട്ടെ...

 

165 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912