ദൈവമേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തു കളയരുതേ...
സുധി പൗലോസ്

'ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു, ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനു മുകളില്‍ ചലിച്ചുകൊണ്ടിരുന്നു.' (ഉല്‍ 1:1-2). പിന്നീട് ദൈവം തന്റെ വചനത്താല്‍ ഭൂമിയില്‍ എല്ലാ ചരാചരങ്ങളേയും സൃഷ്ടിക്കുന്നു. ഇവിടെ മൂന്നുപേരുടെ സാന്നിധ്യം തിരിച്ചറിയപ്പെടുന്നു. പിതാവ്-സൃഷ്ടാവായ ദൈവം, പുത്രന്‍-വചനമായ ദൈവം, പരിശുദ്ധാത്മാവ്- ചൈതന്യമായ ആത്മീയ ദൈവം. വ്യക്തിത്വത്തിലും  പ്രവര്‍ത്തനങ്ങളിലും വ്യത്യസ്തരായ ഇവര്‍ സത്തയില്‍ ഒന്നാണ്; ഇതൊരു വലിയ ആത്മീയ രഹസ്യവുമാണ്.

പരിശുദ്ധാത്മാവിന്റ പ്രവര്‍ത്തനങ്ങള്‍

സൃഷ്ടാവായ ദൈവത്തില്‍ നിന്ന് അകന്നു പോയ സൃഷ്ടികളായ മനുഷ്യര്‍ക്കിടയിലേക്ക് പ്രത്യേകമായി തിരഞ്ഞെടുത്ത ചിലരിലേക്ക് ഇറങ്ങിവന്ന് യഥാര്‍ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്ന; ആ ദൈവത്തിലേക്ക് അവരെ വലിച്ചടുപ്പിക്കുന്ന പരിശുദ്ധാത്മാവായ ദൈവം! പ്രവാചകന്മാരിലും, ന്യായാധിപന്മാരിലും, രാജാക്കന്മാരിലും പ്രവര്‍ത്തിച്ച പരിശുദ്ധാത്മാവിനെ നമുക്ക് സുപരിചിതമല്ലേ...? യേശുക്രിസ്തുവിന്റെ രക്ഷാകര ദൗത്യങ്ങള്‍ക്ക് ശേഷം പരിശുദ്ധാത്മാവ് കടന്നുവരുന്നത് ലോകരക്ഷകനായ യേശുക്രിസ്തുവിന് സാക്ഷ്യം നല്‍കാനാണ്(1യോഹ 5:6). യേശുക്രിസ്തു മാത്രമാണ് മനുഷ്യമക്കളുടെ രക്ഷകനെന്നും, രക്ഷകനില്‍ വിശ്വസിച്ച് രക്ഷയുടെ അനുഭവത്തിലേക്ക് കടന്ന് വന്ന് നിത്യജീവന്‍ സ്വന്തമാക്കുക എന്നതാണ് ഏതൊരു ദൈവപൈതലിന്റെയും ആത്യന്തിക ജീവിതലക്ഷ്യമെന്ന് ഈ സത്യാത്മാവ് നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പം തന്റെ വരദാനഫലങ്ങള്‍ സമൃദ്ധമായ് ചൊരിഞ്ഞ് വ്യക്തികളെ അവരായിരിക്കുന്ന അവസ്ഥകളില്‍ സത്യദൈവത്തിന് സാക്ഷികളാക്കി മാറ്റുന്നു.

പരിശുദ്ധാത്മാവിനെതിരായുള്ള പാപങ്ങള്‍

പരിശുദ്ധാത്മാവിനെ സ്വീകരിച്ച വ്യക്തികളാണ് ഈ ആത്മാവിനെതിരെ പാപവും ചെയ്യുന്നത്. വി.ഗ്രന്ഥത്തില്‍ ഇതിനായി, എതിരായി സംസാരിക്കുക, ദൂഷണം പറയുക, വേദനിപ്പിക്കുക, മല്ലിടുക, എതിര്‍ക്കുക തുടങ്ങിയ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍നിന്ന് ചിന്തകൊണ്ടും, വാക്കുകൊണ്ടും, പ്രവര്‍ത്തികൊണ്ടും പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യുന്നു എന്നു സൂചന.

സത്യദൈവമായ യേശുക്രിസ്തുവിനെ നിഷേധിക്കുക എന്നതാണ് പരമപ്രധാനമായ പരിശുദ്ധാത്മാവിനെതിരായ പാപം. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി അംഗീകരിച്ച് ജ്ഞാനസ്‌നാനത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച ഒരു വ്യക്തി പിന്നീട് ഏതെങ്കിലും കാരണങ്ങാല്‍ മറ്റു വിജാതീയ ദൈവങ്ങളെ പിന്‍തുടരുകയോ, നിരീശ്വരവാദം, യുക്തിവാദം, മറ്റു ഭൗതീക വാദങ്ങളുടെ പിറകേ പോകുകയോ ചെയ്യുമ്പോള്‍ ആ വ്യക്തിയില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യുന്നു, സത്യാത്മാവ് ആ വ്യക്തിയില്‍നിന്ന് പടിയിറങ്ങുന്നു. 

പിന്നീട് കടന്നുവരുന്ന പാപമാണ് പരിശുദ്ധാത്മാവിനെ സ്വീകരിച്ച വ്യക്തി ചിലസമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് തനിക്ക് (ആത്മാവിന്) മോക്ഷം കിട്ടുകയില്ല എന്ന മിഥ്യാധാരണയിലൂടെ നിരാശയിലേക്ക് കൂപ്പുകുത്തുന്നത്. ഇവിടെ മോക്ഷദാതാവായ യേശുക്രിസ്തുവിലുള്ള അവിശ്വാസം വഴി വ്യക്തി പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നു. 

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച ഒരു വ്യക്തി ആ ദാനങ്ങളെ മറ്റുള്ളവര്‍ക്കുള്ള സത്പ്രവര്‍ത്തികളാക്കി മാറ്റിയില്ലെങ്കില്‍ അതു ദാതാവിനെ മറുതലിക്കുന്നതിനു തുല്യമാകും. ദൈവസ്‌നേഹത്തില്‍ നിന്നുല്‍ഭവിക്കുന്ന ഈ പരസ്‌നേഹ പ്രവര്‍ത്തികളാണ് നമ്മുടെ പാപകടങ്ങള്‍ക്കിളവു നല്‍കി നമ്മെ നിത്യരക്ഷയിലേക്കടുപ്പിക്കുന്നത്. ഇതോടൊപ്പം ചേര്‍ത്തു വയ്ക്കാവുന്ന മറ്റൊരു പാപ മേഖലയാണ് പരിശുദ്ധാത്മാവിന്റെ വരങ്ങളെ ഭൗതികനേട്ടത്തിനോ, സുഖങ്ങള്‍ക്കോ വേണ്ടി ദുരുപയോഗം ചെയ്യുന്നത്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഇതിന്റെ ഫലമായി ഭവിക്കാം!!!

പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു വ്യക്തിയെ, ആ വ്യക്തിയുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട് അവനെ അധിക്ഷേപിച്ച്, മറ്റു കുത്സിത പ്രവര്‍ത്തികളിലൂടെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് മറ്റൊരു പാപമേഖലയാണ്. ഇവിടെ ആ വ്യക്തിയോട് എന്നതിലുപരി അവനില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനോടാണ് ദൂക്ഷണം പറയുന്നതും, എതിരായി സംസാരിക്കുന്നതും. ഒരുവനില്‍ വസിക്കുന്ന പരിശുദ്ധാത്മാവാണ് അവന് പാപബോധം കൊടുക്കുന്നത്. ഈ പാപബോധം നമ്മെ പശ്ചാത്താപത്തിലേക്കും, പാപങ്ങളുടെ ഏറ്റുപറച്ചിലിലേക്കും, പാപപൊറുതിയിലേക്കും നയിക്കുന്നു. എന്നാല്‍ പാപത്തിലേക്കുള്ള ചായ്‌വ് പലപ്പോഴും പാപത്തില്‍ തന്നെ തുടര്‍ന്ന് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. പതിയെ പാപമെന്നൊന്നില്ല എന്നും, ഒരു രക്ഷകന്റെ ആവശ്യമില്ല എന്ന ചിന്തയിലേക്കും. ഒടുവില്‍ പാപാവസ്ഥയില്‍ തന്നെ മരിക്കുക എന്ന മാരക അവസ്ഥയിലേക്കും അധ:പതിക്കുന്നു. ഇവിടെ ആത്മരക്ഷക്കാവശ്യമായ പാപബോധം തരുന്ന പരിശുദ്ധാത്മാവുമായി മല്ലിട്ട് നാം ദൈവാത്മാവിനെതിരെ പാപം ചെയ്യുന്നു.

പരിശുദ്ധാത്മാവിനെ സ്വീകരിച്ച നാം ഈ ആത്മാവിനെതിരായി ചെയ്യുന്ന മറ്റൊരു പാപമാണ്, പരിശുദ്ധാത്മാവിന്റെ വത്സല പ്രിയമണവാട്ടിയായ പരിശുദ്ധ കന്യകാമറിയത്തോടു കാണിക്കുന്ന അവഗണനയും നിന്ദനങ്ങളും. തന്റെ പ്രിയമണവാട്ടിയെ വേദനിപ്പിക്കുന്നവരെ മണവാളന്‍ എത്ര പരിഗണിക്കും, സഹായിക്കും എന്നു കണ്ടറിയേണ്ടിരിക്കുന്നു. കാരണം രക്ഷകന്റെ ഭൂമിയില്‍ നിന്നുള്ള കടന്നുപോക്കിനുശേഷം പരിശുദ്ധാത്മാവിനെയും പരിശുദ്ധ അമ്മയെയും ആണ് സ്വര്‍ഗ്ഗം മാനവ രക്ഷയ്ക്കായ് നല്‍കിയിരിക്കുന്നത്.

ഉപസംഹാരം

പരിശുദ്ധാത്മാവിനെതിരായ ഓരോ പാപവും അതിന്റെ ഗൗരവമനുസരിച്ച് വ്യക്തിക്ക് നല്‍കപ്പെട്ട പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കുന്നു. നഷ്ടപ്പെടുത്തുന്നു. പരിശുദ്ധാത്മാവിനെതിരായ പാപം ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ലെന്ന് യേശു വളരെ വ്യക്തമായി പറഞ്ഞു. എങ്കില്‍ ദിനവും ഈ സത്യാത്മാവിനെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വേദനിപ്പിക്കുന്ന നാം ഉണര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ശത്രുവാകുന്ന സാത്താനാണ് ഇതിനെല്ലാം പിന്നില്‍ എന്ന നഗ്ന സത്യം നാം അംഗീകരിക്കേണ്ടിയിരിക്കുന്നു, അവനെതിരെ പോരാടേണ്ടിയിരിക്കുന്നു. ഇനി വിചിന്തനത്തിന്റെ നാളുകളാണ്; പരിശുദ്ധാത്മാവിനെതിരായി ചെയ്ത പാപങ്ങള്‍ കണ്ടെത്തി, ഏറ്റു പറഞ്ഞു പ്രാശ്ചിത്ത പരിഹാരപ്രവര്‍ത്തികളിലൂടെ ത്രിയേക ദൈവത്തെ പ്രസാദിപ്പിക്കേണ്ട ദിനങ്ങള്‍! കരുണയുടെ ദിനങ്ങള്‍ കടന്നുപോയ്!!! ഇനി നീതിയുടെ ദിനങ്ങള്‍!!! ഒരിക്കല്‍ പാപം ചെയ്ത് പരിശുദ്ധാത്മാവിനെ വേദനിപ്പിച്ച  ദാവീദ് രാജാവ് ചങ്കുപ്പൊട്ടി കരഞ്ഞ് പ്രാര്‍ത്ഥിച്ചെങ്കില്‍ പാപം ചെയ്യുക ഒരു ശീലമാക്കി മാറ്റിയ പരിശുദ്ധാത്മാവിനെ സ്വീകരിച്ച നാം എത്ര കരയുകയും വിലപിക്കേണ്ടിയും ഇരിക്കുന്നു. അഗാധദു:ഖത്തോടെ, പാപബോധത്തോടെ, മാറത്തടിച്ച് നമുക്കും പ്രാര്‍ത്ഥിക്കാം; 'ദൈവമേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തു കളയരുതേ...'

222 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912