മെനേ, മെനേ, തെഖേല്‍, പാര്‍സീന്‍
ഡാല്‍മി മാത്യൂ

ലേഖനത്തിന്റെ തലക്കെട്ട് കണ്ട് തല പുകയ്ക്കണ്ട. ബൈബിളില്‍ രേഖപ്പെടു- ത്തിയിരിക്കുന്ന വാക്കുകളാണിത്. ദാനിയേലിന്റെ പുസ്തകം 5-ാം അദ്ധ്യായം 25-ാം വാക്യമാണിത്. ഇതിന്റെ പശ്ചാത്തലത്തിലേക്ക് വരാം. അഞ്ചാം അദ്ധ്യായം തുടക്കം മുതല്‍ വായിക്കുവാന്‍ ഇതിന്റെ പശ്ചാത്തലം തുറന്നു കിട്ടുന്നു. ബല്‍ഷാവര്‍ രാജാവ് തന്റെ പ്രഭുക്കന്മാരില്‍ ആയിരം പേര്‍ക്ക് ഒരു വിരുന്നു നല്‍കുകയും അവരോടൊപ്പം വീഞ്ഞു കുടിക്കുകയും ചെയ്തു. ഉന്മാദനായ രാജാവ് താനും തന്റെ പ്രഭുക്കന്മാരും ഭാര്യമാരും ഉപനാരികളും വീഞ്ഞു കുടിക്കേണ്ടതിന് തന്റെ പിതാവായ നബുക്കദ്‌നേസര്‍ ജറുസലേം ദേവാലയ- ത്തില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ കൊണ്ടുവരാന്‍ അവന്‍ കല്‍പിച്ചു. അവ ദേവാലയത്തില്‍നിന്ന് അപഹരിച്ചു കൊണ്ടുവന്ന പാത്രങ്ങളായിരുന്നു. എല്ലാവരും അതില്‍നിന്ന് പാനം ചെയ്തു. കുടിച്ചതിനുശേഷം സ്വര്‍ണ്ണവും വെള്ളിയും ഓടും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകള്‍ പ്രത്യക്ഷപ്പെട്ട് ദീപപീഠത്തിനുനേരെ രാജകൊട്ടാരത്തിന്റെ മിനുത്ത ഭിത്തിയില്‍ എന്തോ എഴുതി, എഴുതികൊണ്ടിരുന്ന കൈപ്പത്തി രാജാവ് കണ്ടു. രാജാവ് പരിഭ്രാന്തനായ്. ഈ എഴുത്ത് കള്‍ വായിക്കുവാനോ വ്യാഖ്യാനിക്കുവാനോ അവിടെയാര്‍ക്കും കഴിഞ്ഞില്ല. അപ്പോഴാണ് നമ്മുടെ കഥാനായകനായ ദാനിയേലിന്റെ രംഗപ്രവേശനം. ദാനിയേലതിങ്ങനെ വ്യാഖ്യാനിച്ചു. മെനേ- ദൈവം നിന്റെ രാജ്യത്തിന്റെ നാളുകള്‍ എണ്ണുകയും അതിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു. തെഖേല്‍- നിന്നെ തുലാസില്‍ തൂക്കി കുറവുള്ളവനായ് കണ്ടിരിക്കുന്നു. പാര്‍സീന്‍ അല്ലെങ്കില്‍ പേരെസ്- നിന്റെ രാജ്യം വിഭജിച്ച് മേദിയാക്കാര്‍ക്കും പേര്‍ഷ്യാക്കാര്‍ക്കും നല്‍കിയിരിക്കുന്നു.

എന്ത് കൊണ്ട് ദാനിയേല്‍ ?

അഞ്ചാം അധ്യായം ഏഴാം വാക്യത്തിലൂടെ ഒന്ന് കടന്ന് പോകാം. 'ആഭിചാരകരെയും കല്‍ദായരെയും ജോത്സ്യമാരെയും വരുത്തുവാന്‍ അവന്‍ വിളിച്ചുപറഞ്ഞു. രാജാവ് ബാബിലോണിലെ ജ്ഞാനികളോട് പറഞ്ഞു. ഈ എഴുത്ത് വായിച്ചു വ്യാഖ്യാനിച്ചു തരുന്നവനെ ധൂമ്ര വസ്ത്രം ധരിപ്പിച്ച് കഴുത്തില്‍ പൊന്മാല ചാര്‍ത്തി രാജ്യത്തിന്റെ ഭരണാധികാരിയാക്കു- ന്നതാണ്. രാജാവിന്റെ ജ്ഞാനികളെല്ലാം എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും എഴുത്ത് വായിക്കുവാനോ വ്യാഖ്യാനിക്കുവാനോ കഴിഞ്ഞില്ല.' 

പ്രിയപ്പെട്ടവരെ, നാം എന്താണ് മനസ്സിലാക്കേണ്ടത്, ഇവിടെയാണ് നാം ആരാധിക്കുന്ന ദൈവത്തിന്റെ മഹത്വം അറിയേണ്ടത്. ഈ ലോകം തരുന്ന ജ്ഞാനവും ദൈവം തരുന്ന യഥാര്‍ത്ഥ ജ്ഞാനവും തമ്മിലുള്ള വ്യത്യാസം.

നമ്മള്‍ പലപ്പോഴും പറയാറുള്ള ഒരു വാക്കാണ് പ്രത്യേകിച്ച് നമ്മുടെ രോഗത്തിന്റെയും സാമ്പത്തിക പ്രശ്‌നങ്ങളുടെയും സമയങ്ങളില്‍, 'എല്ലാ തരത്തിലും നോക്കി ഇനി പ്രാര്‍ത്ഥനക്കു മാത്രമെ രക്ഷിക്കാനാവൂ.' അങ്ങനെ ലോകത്തിന്റെതായ എല്ലാ ശ്രമവും നടത്തിയിട്ട് അവസാനം ആശ്രയിക്കേണ്ട ഒന്നാണോ എന്റെ ദൈവത്തോടുള്ള പ്രാര്‍ത്ഥന. ഒരിക്കലുമല്ല, എന്തുകൊണ്ടാണ് ആഭിചാരകര്‍ക്കും ജ്ഞാനികള്‍ക്കും ജോത്സ്യന്മാര്‍ക്കും തങ്ങളുടെ കണക്കുകളും തത്വശാസ്ത്രങ്ങളും അവിടെ പ്രയോജനപ്പെടാതെ പോയത്. പ്രിയപ്പെട്ടവരെ, നമ്മുടെ ദൈവത്തിന്റെ ചിന്തകളും പ്രവര്‍ത്തികളും നമ്മളൊക്കെ വിചാരിക്കുന്നതിനപ്പുറമാണ്. അതറിയണമെങ്കില്‍ ഈ ദൈവം തന്നെ നമ്മോടൊത്ത് ചിന്തിക്കുകയും വസിക്കുകയും വേണം. അങ്ങനെ നമ്മോടൊത്ത് വസിച്ച് നമ്മെ സഹായിക്കുന്നതിനാണ് പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കിയിരിക്കുന്നത്. ഈ പരിശുദ്ധാത്മാവാണ് ദാനിയേലില്‍ വസിച്ചിരുന്നത്. പക്ഷേ, ഇത് മനസ്സിലാക്കുവാന്‍ വീഞ്ഞുകുടിച്ച് മദിച്ചുനടന്ന രാജാവിനും ഭാര്യമാര്‍ക്കും ഉപനാരികള്‍ക്കും അവനോടൊത്തു- ണ്ടായിരുന്ന പ്രഭുക്കന്മാര്‍ക്കും സാധിച്ചില്ല. ഭയപ്പെട്ട രാജാവിനെ ആശ്വസിപ്പിക്കാനെ-  ത്തുന്നത് രാജ്ഞിയാണ്. സുബോധം നഷ്ടപ്പെട്ട പ്രഭുക്കന്മാരേക്കാള്‍ ദൈവിക പരിപാലനയുടെ ഉപകരണമായി വര്‍ത്തിക്കുന്നത് രാജ്ഞിയാണ്. എന്താണ് സുബോധം? സത്യത്തെകുറിച്ചുള്ള അറിവാണ് സുബോധം. രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് രാജ്ഞി വിരുന്നുശാലയിലേക്കെ- ത്തുകയാണ്. അല്ലാതെ സുബോധം നഷ്ടപ്പെട്ട് മദിച്ചു നടക്കുകയല്ലായിരുന്നു. രാജ്ഞി ഇപ്രകാരം രാജാവിനോട് പറയുന്നു, 'നിന്റെ രാജ്യത്ത് വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരുവനുണ്ട്. നിന്റെ പിതാവിന്റെ കാലത്ത് ദേവന്മാരുടേത് പോലുള്ള തെളിഞ്ഞ ജ്ഞാനവും അറിവും അവനില്‍ കാണപ്പെട്ടിരുന്നു.'  (ദാനിയേല്‍ 5:11) 

എന്തുകൊണ്ടാണ് ആ ചുവരെഴുത്ത് അവിടെ ഉണ്ടായത് ? അത് ദൈവത്തിന്റെ വിധി വാചകമായിരുന്നു. രാജാവിന്റെ പിതാവിനും ഇതേ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവന്നിരുന്നു. അതുകൊണ്ടാണ് ദാനിയേലിലൂടെ ദൈവം ചോദിക്കുന്നത്. 'എന്നാല്‍ അവന്റെ പുത്രനായ നീ ഇതെല്ലാം അറിഞ്ഞിട്ടും നിന്റെ ഹൃദയം വിനീതമാക്കിയില്ല.'  (ദാനിയേല്‍ 5:22)  ഭൂതകാലത്തില്‍നിന്നും പാഠം പഠിക്കാത്തവന്‍ !! നമ്മുടെ ജീവിതത്തിലും ഇതുപോലുള്ള ഭൂതകാലതകര്‍ച്ചകളിലൂടെ നാം കടന്നുപോയിട്ടില്ലെ. നമ്മുടെ കുടുംബചരിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ വായ്‌മൊഴിയായ് നമ്മള്‍ക്കിത് മനസ്സിലായതല്ലെ. എന്തേയ് ദൈവത്തിന്റെ ചുവരെഴുത്തുകളെ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കാതെ പോകുന്നു?

ജറുസലേമിലേക്ക് തുറക്കേണ്ട ജാലകങ്ങള്‍ 

എന്തായിരുന്നു ദാനിയേലിന്റെ പ്രത്യേകത? വചനത്തില്‍ ഇപ്രകാരം വായിക്കാം, 'വീടിന്റെ മുകളിലത്തെ നിലയില്‍ ജറുസലേമിനു നേരെ തുറന്നു കിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍ മുമ്പ് ചെയ്തിരുന്നതുപോലെ അവന്‍ അവിടെ ദിവസേന മൂന്ന് പ്രാവശ്യം മുട്ടിന്മേല്‍ നിന്ന് തന്റെ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും നന്ദി പറയുകയും ചെയ്തു.' (ദാനിയേല്‍ 6:10) ഇവിടെ വലിയൊരു സത്യം വെളിവായ് കിട്ടുന്നു. വ്യക്തിപരമായ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനകളുടെ പിന്‍ബലമാണ് ദാനിയേലിനെ പരിശുദ്ധാത്മഭിഷേകത്താല്‍ മുന്‍പോട്ട് നടക്കുവാന്‍ സാധിച്ചത്. പ്രിയപ്പെട്ടവരെ, ആത്മീയ ജെറുസലേം സ്വര്‍ഗ്ഗത്തിന്റെ പ്രതീകമാണ്. നമ്മുടെ ഭവനം നമ്മുടെ ജീവിതവും. ഭവനത്തിന്റെ ജാലകങ്ങള്‍ കാഴ്ച്ചകള്‍ കാണാനുള്ളതാണ്, അതുപോലെ കാറ്റും വെളിച്ചവും അകത്ത പ്രവേശിക്കാനുള്ളതും. പ്രാര്‍ത്ഥനകളിലൂടെ സ്വര്‍ഗ്ഗത്തിന്റെ കാഴ്ച്ചകള്‍ കാണാം. പരിശുദ്ധാത്മാവാകുന്ന മന്ദമാരുതന്‍ ജാലകങ്ങളിലൂടെ ജീവിതത്തിലേക്ക് പ്രവേശിക്കട്ടെ. ആത്മീയ വെളിച്ചം നല്‍കട്ടെ. ഉന്നതത്തില്‍നിന്ന് ശക്തി സ്വീകരിക്കുന്നതുവരെ ജെറുസലെമില്‍ തന്നെ വസിക്കുവിന്‍...

157 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137916