ജീവിതവീഥിയിലെ നിത്യസഹായകൻ
ടിന്‍സി കെ. ജോസഫ്

പിതാവിന്റെ നേരിട്ടുള്ള പരിപാലകനും പിതാവ് നമ്മുടെ രക്ഷക്കായി അയച്ച പുത്രന്റെ മനുഷ്യവതാരത്തിനുശേഷം പുത്രന്റെ അപേക്ഷപ്രകാരം പിതാവ് അയച്ച സഹായകന്റെ, അഭിഷേകത്തിന്റെ കാലഘട്ടത്തിലാണ് നാമിന്നായിരിക്കുന്നത്. നമ്മുടെ യോഗ്യതകൊണ്ട് ലഭിക്കുന്നതോ, അയോഗ്യതകൊണ്ട് ലഭിക്കാതെ പോകുന്നതോ അല്ല പരിശുദ്ധാത്മാവിനെ. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായി ക്രൂശില്‍ മരിച്ച ക്രിസ്തു പിതാവായ ദൈവത്തോട് ചോദിച്ച് നമുക്ക് നേടിതന്ന വാഗ്ദാനമാണ് പരിശുദ്ധാത്മാവ് അവിടെ ദൈവം മാനിച്ചത് പുത്രനായ ദൈവത്തിന്റെ യോഗ്യതയാണ്. നമ്മുടെ യോഗ്യതകളല്ല. നമ്മള്‍ പാപികളും തിന്മയില്‍ വീണുപോകുന്നവരുമാണെങ്കിലും ആ സഹായകനെ അവിടുന്ന് നമുക്ക് നിഷേധിക്കുന്നില്ല.

'ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരും' (യോഹ 14:18)

നമ്മളെ അനാഥരായി വിടാന്‍ അനുവദിക്കാത്ത ഒരു ദൈവമാണ് നമുക്കുള്ളത്. എപ്പോഴും ചേര്‍ത്തുനിര്‍ത്തുന്ന ആ അവസാനിക്കാത്ത ക്രിസ്തു അനുഭവമാണ് പരിശുദ്ധാത്മാവ്. (Jesus Unlimitedly Loaded)

'അന്ന് ഇങ്ങനെ സംഭവിക്കും, എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.' (ജോയേല്‍ 2:28)

പ്രത്യേകമായി തിരഞ്ഞെടുത്തവര്‍ക്കും, ശിഷ്യര്‍ക്കും മാത്രമല്ല, ലോകം മുഴുവനും എല്ലാവരിലേക്കും പരിശുദ്ധാത്മാവിനെ നല്‍കുമെന്ന വാഗ്ദാനമാണ് ജോയേല്‍ പ്രവാചകന്‍ വഴി ദൈവം നല്‍കുന്നത്. അതിനാല്‍ പരിശുദ്ധാതമാവ് ലഭിച്ചവരെന്ന ഉറപ്പില്‍ തന്നെ നമുക്ക് ജീവിക്കാം... പക്ഷെ ആ ആത്മാവിനാല്‍ പ്രഭയുള്ളവരാവണമെങ്കില്‍ ആത്മാവിന് വിധേയപ്പെടുന്ന മനോഭാവം ആവശ്യമാണ്. ക്രൂശിതന്‍ കാണിച്ചുതന്നതു പോലെ എളിമയുള്ള ജീവിതം നയിച്ചെങ്കില്‍ മാത്രമേ, ആത്മാവിന് നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ.

പന്തകുസ്താ ദിനത്തില്‍ ശ്ലീഹന്മാരിലേക്ക് കര്‍ത്താവ് പരിശുദ്ധാത്മാവിനെ അയച്ചു. സാവൂള്‍ ഒരു നിമിഷം കൊണ്ട് പരിശുത്മാവിനാല്‍ നിറഞ്ഞതായി 1സാമുവല്‍ 10:1-12 വചനങ്ങള്‍ പറയുന്നു. സമാനമായ അനുഭവം പലര്‍ക്കും ഉണ്ടായതായി ബൈബിളില്‍ പറയുന്നുണ്ട്. ഇന്നും ഈ അനുഭവങ്ങള്‍ നമ്മുടെ ഇടയിലും സംഭവിക്കുന്നുണ്ട്. ധ്യാനത്തിന്റെയും സമാനമായ പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെയും സമയത്ത് പരിശുദ്ധാത്മാവിന്റെ ശക്തമായ കടന്നുവരവും അഭിഷേകവും ധാരാളം ചേര്‍ക്ക് ലഭിക്കാറുണ്ട്. എല്ലാവര്‍ക്കും ലഭിക്കുന്ന ആ നിറവ് ഒരുപോലെ ആവണമെന്നില്ല. ചിലര്‍ക്ക് പെട്ടന്ന് സാവൂളിനെപോലെ അഭിഷേകം കിട്ടിയെന്ന് വരാം. ചിലര്‍ക്ക് ഒരു പൂവിരിയുന്നതുപോലെ നീണ്ടുനില്‍ക്കുന്ന ഒരു പ്രക്രിയയിലൂടെ ആകാം... പരിശുദ്ധാത്മാവിനാല്‍ നിറയുമ്പോള്‍ മാറ്റങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. പഴയതുപോലെ അരിശമില്ലലോ... ഭയം ഇല്ലല്ലോ...മുമ്പത്തേക്കാള്‍ പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നുണ്ടല്ലോ. എന്നെ തിരിച്ചറിയാന്‍ സാധിക്കും.

പരിശുദ്ധാത്മാവ് കടന്നുവരുമ്പോള്‍ ആത്മാവിന്റെ ഫലങ്ങളാല്‍ നിറയും. സ്‌നേഹം നിറയുമ്പോള്‍ വെറുപ്പ്, വിദേഷം, ശത്രുത, ഭിന്നത, എന്നിവ അകലും. ആനന്ദം നിറയുമ്പോള്‍ നിരാശ, സങ്കടം എന്നിവയും സമാധാനം നിറയുമ്പോള്‍ ഭയം, ഉത്കണ്ഠ എന്നിവയും അകലും ക്ഷമ നിറയുമ്പോള്‍ മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ പറ്റും. പ്രതികൂല സാഹചര്യങ്ങളില്‍ മനസ് പതറാതിരിക്കും. നന്മ നിറയുമ്പോള്‍ മറ്റുള്ളവരുടെ കുറ്റം കാണുക, കുറ്റം പറഞ്ഞു നടക്കുക എന്നീ ദുശീലങ്ങള്‍ മാറും. നാം ഓരോരുത്തരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം സ്വന്തം ആത്മാവിനെ രക്ഷിക്കുക എന്നതാണ്. അതുകൂടാതെ നമ്മള്‍ ആയിരിക്കുന്ന സമൂഹത്തില്‍ പല കടമകളുണ്ട്. അതിലെല്ലാം സത്യസന്ധത പുലര്‍ത്തുവാന്‍ പരിശുദ്ധാത്മാവ് സഹായിക്കും. ദു:ശീലങ്ങളുടെമേല്‍ വിജയം നേടും. അങ്ങനെ നോക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ കിട്ടുമ്പോള്‍തന്നെ നമ്മുടെ ജീവിതം കൂടുതല്‍ മനോഹരമാകും. അതുമൂലം ചുറ്റുമുള്ളവരുടെ ജീവിതവും ശോഭനമാകും.

പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ഭക്തി, ദൈവഭയം, എന്നിവ ലഭിക്കുമ്പോഴും ജീവിതം മികവുറ്റതാകുന്നു. ഉദാഹരണത്തിന്, പരിശുദ്ധാത്മാവ് ആലോചന തരുമ്പോള്‍ തെറ്റുപറ്റാത്ത തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയും. അങ്ങനെ പറയണ്ടായിരുന്നു... അങ്ങനെ ചിന്തിക്കണ്ടായിരുന്നു... മോശമായിപ്പോയി.... എന്നൊക്കെ തോന്നിയിട്ടില്ലേ? എല്ലാം കഴിഞ്ഞ്, പറ്റിപ്പോയല്ലോ... എന്ന് പറഞ്ഞ്‌പോയിട്ടില്ലേ??

അറിവ് പരിശുദ്ധാത്മാവ് തരുമ്പോള്‍, ദൈവം തരുന്ന സന്തോഷമാണ് പാപരസത്തേക്കാള്‍ വലുതെന്ന് നമുക്ക്  ബോധ്യപ്പെടും. അതുവഴി പാപസാഹചര്യങ്ങള്‍ ഉപേക്ഷിക്കുവാന്‍ സാധിക്കും.

199 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137910