സത്യം വെളിപ്പെടുത്തുന്ന സത്യാത്മാവ്
സോണി കണ്ണംമ്പുഴ

ഒരിക്കല്‍ ഉഗാണ്ടയിലെ ജീസസ് യൂത്ത് മിഷന്റെ ഒരു അനുഭവം കേള്‍ക്കാന്‍ ഇടയായത് ഓര്‍ക്കുന്നു, നമ്മുടെ ഒരു ജീസസ് യൂത്ത് സുഹൃത്ത് അവിടെയുള്ള ഒരു ഉള്‍നാടന്‍ ഗ്രമത്തില്‍ സുവിശേഷം പങ്കുവച്ച് വീടുകള്‍ കയറിയിറങ്ങുന്നു. ഒരു വീട്ടില്‍ എത്തിയപ്പോള്‍ ആ വീട്ടുകാര്‍ അവനോട് ചോദിച്ചു നിങ്ങള്‍ പെന്തക്കോസ്ത വിശ്വാസികള്‍ ആണോ എന്ന്. അല്ല, ഞങ്ങള്‍ കത്തോലിക്കാ വിശ്വാസികള്‍ ആണ് എന്നു പറഞ്ഞപ്പോള്‍ അവിടുത്തെ ഗൃഹനാഥന്‍ അവരോട് ചോദിച്ചു, നിങ്ങള്‍ എന്നാണ് ബൈബിള്‍ ഒക്കെ കയ്യില്‍ കരുതി ശുശ്രൂഷകള്‍ ചെയ്തു  തുടങ്ങിയത് എന്ന്...

ഈ സംഭവം കേട്ടപ്പോള്‍  ഒന്നു ചിന്തിച്ചു നോക്കി, നമുക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണല്ലോ അത്. ബൈബിളുമായി കടന്നു വരുന്നവരെ കാണുമ്പോള്‍ നമ്മള്‍ മനസ്സില്‍ വിചാരിക്കും, ഇത് ഒരു പെന്തക്കുസ്താ വിശ്വാസിയാണോ...? നമ്മള്‍ ആകുന്ന ക്രിസ്തുവിന്റെ മൗതീക ശരീരത്തില്‍ ക്രിസ്തുവായ സത്യത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിശുദ്ധ ഗ്രന്ഥം, ബൈബിള്‍!  പലപ്പോഴും കത്തോലിക്കര്‍ എന്ന് അഹങ്കരിക്കുന്ന നമുക്ക്, വചനമായ ഈശോ ഒരല്‍പം അകലെയാണോ...? 

വിശുദ്ധ യോഹന്നാന്റെ സുവിശേഷം 14:6ല്‍ ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്തേ വചനത്തിലുള്ള ഈ സത്യത്തെ ധ്യാനിക്കുവാനും വായിക്കുവാനും കത്തോലിക്കരായ നമുക്ക് മടി...? മാംസമായി നമ്മുടെ ഇടയില്‍ വസിച്ച ആ സത്യത്തെ മുറുകെ പിടിക്കണമെങ്കിലുള്ള എളുപ്പവഴി ഈശോ തന്നെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം 16:13ല്‍ പറഞ്ഞു തന്നിട്ടുണ്ട്. സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേയ്ക്ക് നയിക്കും. അതെ, ആ സത്യാത്മാവിനു മാത്രമേ വചനമാകുന്ന സത്യത്തിന്റെ ആഴങ്ങളിലേയ്ക്ക് നമ്മെ നയിക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കഴിഞ്ഞ നോമ്പുകാലത്ത് നാമോരോരുത്തരും നല്ല കുമ്പസ്സാരത്തിലൂടെ ഒരുങ്ങി ജീവിത വിശുദ്ധിക്ക് മൂര്‍ച്ച കൂട്ടുകയായിരുന്നു. ഒരുക്കത്തിലൂടെയും ത്യാഗത്തിലൂടെയും നമ്മള്‍ ചേര്‍ത്തു പിടിച്ച സത്യം തന്നെയായ ഈശോയെ എന്നും കൂടെ കൊണ്ടു നടക്കണമെങ്കില്‍ ആ സഹായകന്റെ സഹായം നമുക്ക് ആവശ്യമാണ്. 

ഈ സഹായകന്റെ പ്രവൃത്തി നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ആണ് പന്തക്കുസ്താ ദിനത്തില്‍ പേടിച്ചിരിക്കുന്ന പത്രോസും ശിഷ്യന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം ഭയം കൂടാതെ ആ സത്യത്തെ ലോകമെങ്ങും പ്രഘോഷിച്ചത്, ആത്മാവ് നയിച്ചതിന്‍പ്രകാരം പൗലോസായി മാറിയ സാവൂള്‍ ആ സത്യത്തിനു വേണ്ടി നിലകൊണ്ടത്, പ്രലോഭനത്തിന്റെ മുമ്പില്‍ ആത്മാവിലൂടെ സത്യത്തിനു വേണ്ടി നിലകൊണ്ട പൂര്‍വ്വ ജോസഫ്, ധീരതയുടെ ആത്മാവിലൂടെ സത്യത്തിനു വേണ്ടി നിലകൊണ്ട ജോഷ്വ, ജ്ഞാനത്തിന്റെ ആത്മാവിലൂലെ സത്യത്തിനു വേണ്ടി നിലകൊണ്ട സോളമന്‍, വിവേകത്തിന്റെ ആത്മാവിലൂടെ സത്യത്തിനു വേണ്ടി നിവര്‍ന്നു നിന്ന ദാനിയേല്‍... ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങള്‍.

ഈശോയുടെ ഓരോ ഗുണങ്ങളാണ് മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളിലൂടെ ആത്മാലിന്റെ ഫലങ്ങളും ദാനങ്ങളുമായി നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്. ഈ ഫലങ്ങളും ദാനങ്ങളും വരങ്ങളും നമ്മുടെ ജീവിതത്തിലും വിളങ്ങണം എങ്കില്‍ നമ്മില്‍ അഗാധമായ വിശുദ്ധിയും സ്‌നേഹവും വേണം. സത്യം തന്നെയായ ഈശോയെ മുറുകെ പിടിക്കണം, വിശുദ്ധ ജെറോം പറയുന്നു, വിശുദ്ധ ഗ്രന്ധത്തെ കുറിച്ചുള്ള അജ്ഞത, ക്രിസ്തുവിനെ കുറിച്ചുള്ള അജ്ഞതയാണ്. വിശുദ്ധ ഗ്രന്ധം ആഴമായി പഠിച്ചാല്‍ മാത്രമേ ക്രിസ്തുവിനെ ആഴത്തില്‍ സ്‌നേഹിക്കുവാന്‍ സാധിക്കുകയുള്ളു.

അതിനാല്‍ വിശുദ്ധിയില്‍ നിലനില്‍ക്കുകയും, സത്യാത്മാവിന്റെ പ്രചോദനം പോലെ, സത്യമാകുന്ന ആ വചനത്തെ എന്നും അല്‍പനേരം വായിക്കുകയും ധ്യാനിക്കുകയും ചെയ്യാം. ഇന്നുമുതല്‍ മരണം വരെ എന്റെ ജീവിതത്തിന്റെ എല്ലാ ദിവസവും സത്യമാകുന്ന ഈശോയെ ഞാന്‍ ബൈബിളിലൂടെ വായിച്ച് സ്‌നേഹിക്കുകയും ഒരു ദിവസം പോലും മുടങ്ങാതെ അത് അനുവര്‍ത്തിക്കുവാനുള്ള സഹായത്തിനായി ആ സത്യാത്മാവിനെ കൂടെചേര്‍ത്ത് പിടിക്കാം. അങ്ങനെ ഈശോയുടെ ജീവിത ഗുണങ്ങളായ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവ നമുക്കും സ്വായത്തമാക്കാം. ഈ പെന്തക്കുസ്തായുടെ ഒരുക്കം നമുക്ക് വചനത്തില്‍ ഊന്നി തുടങ്ങാം. അനുദിനം വചനം വായിക്കുകയും മറ്റുള്ളവരെ വചനവായനയ്ക്കായി പ്രചോദിപ്പിക്കുകയും ചെയ്യാം. 

#Read the word, live the word.

147 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912